Screen-grab, Copyrights: Zee News
വായന സമയം: 3 minutes
#ദിനസരികള്‍ 931

 

ഇന്ത്യ അദ്വൈത ചിന്തയുടെ നാടാണ് എന്നാണല്ലോ പ്രശസ്തി. അങ്ങനെയൊരു വിശേഷണം സ്ഥായിയായി വന്നു ചേരാന്‍ പ്രസ്ഥാനത്രയങ്ങളുടെ ഭാഷ്യകാരനായ ശങ്കരാചാര്യര്‍ കുറച്ചൊന്നുമല്ല പണിപ്പെട്ടിട്ടുള്ളത്. വേദങ്ങളേയും ഉപനിഷത്തുക്കളേയും അദ്വൈത ദര്‍ശനത്തിന് ഇണങ്ങുന്ന രീതിയില്‍ അദ്ദേഹം മാറ്റിപ്പണിതെടുത്തു. ഒത്തുപോകുന്നില്ലെന്ന് കണ്ടവയെ പ്രക്ഷിപ്തമെന്ന് തള്ളി. സ്വീകരിച്ചവയൊക്കെ അദ്വൈതത്തെ ശ്ലാഘിക്കുന്നവയും സ്വീകരിക്കുന്നവയുമാണെന്ന് ശഠിച്ചു.

തനിക്കു മുന്നേ നിലനിന്നിരുന്ന ഇതര ചിന്താപദ്ധതികളെയെല്ലാം അദ്ദേഹം ഖണ്ഡിച്ചു. അവയെയൊക്കെ അജ്ഞാനത്തിന്റെ വെളിപ്പെടലുകളായി തള്ളിമാറ്റി. ബുദ്ധന്റേയും വര്‍ദ്ധമാന മഹാവീരന്റേയും കാലത്തോടെ ദുസ്ഥിതിയിലേക്ക് ആണ്ടുപോയ വേദ-വേദാംഗങ്ങളെ ഒരു പുത്തനുണര്‍വ്വു നല്കി ശങ്കരന്‍ വീണ്ടെടുത്തു. യജഞ – യാഗ ഹോമാദികളെ പ്രോത്സാഹിപ്പിച്ചു പോന്നിരുന്ന വേദങ്ങളെ അതില്‍ നിന്നും വിടര്‍ത്തിമാറ്റുകയും അവ പരമമായ സത്യത്തെ പ്രഘോഷണം ചെയ്യുന്ന അമൃതവാണികളാണെന്ന് സ്ഥാപിക്കുകയും ചെയ്തു. ശങ്കരന്‍ അദ്വൈതത്തെ മുന്നില്‍ നിറുത്തി നടത്തിയ ദിഗ്വിജയത്തില്‍ അടിപതറാത്ത ഒരു ചിന്തയും നിലവിലുണ്ടായിരുന്നില്ല.

ഒരു ഭൂഖണ്ഡത്തിലെ മുഴുവന്‍ ജനതയേയും ഒരു ചിന്തയുടെ കീഴിലേക്ക് മാറ്റി നിറുത്തിക്കൊണ്ട് അദ്ദേഹം ഒരേകീകരണം നടത്തി. ഹൈന്ദവജനതയെ അങ്ങു ഗാന്ധാരം മുതല്‍ ഇങ്ങ് കന്യാകുമാരി വരെ ആശയപരമായി ഏകീകരിച്ച് ഇതര വിശ്വാസങ്ങളേയും ചിന്താപദ്ധതികളേയും അകറ്റി നിറുത്തി അദ്ദേഹം ഒരു ആശയസാമ്രാജ്യം സ്ഥാപിച്ചെടുത്തു.

 

ശങ്കരന്റെ ചിന്ത

 

ഏകം സദ് വിപ്രാ ബഹുദാ വദന്തി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്രഹ്മ സത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപര എന്നാണ് പാരമാര്‍ഥിക സത്യത്തെ അദ്ദേഹം വിഭാവനം ചെയ്തത്. ഇക്കാണാവുന്ന, നാം അറിയുന്നതും അനുഭവിക്കുന്നതുമായ മായയില്‍ നിന്നും അഥവാ വ്യാവഹാരിക സത്യത്തില്‍ നിന്നുമുള്ള മോചനം പരമാര്‍ത്ഥജ്ഞാനപ്രാപ്തിയിലൂടെ മാത്രമേ നേടിയെടുക്കാനാകൂ എന്ന് വേദത്തേയും വേദാന്തമായ ഉപനിഷത്തുക്കളേയും ബാദരായണ ബ്രഹ്മസൂത്രത്തേയും മുന്നില്‍ നിറുത്തി അദ്ദേഹം സ്ഥാപിച്ചെടുത്തു. അതോടെ വേദ വേദാംഗങ്ങള്‍ അദ്വൈതത്തെ പിന്‍പറ്റുന്നവ മാത്രമായി മാറുകയും മറ്റുതരത്തിലുള്ള വ്യഖ്യാനങ്ങളെല്ലാം അപ്രസക്തമാകുകയും ചെയ്തു.

അപൌരുഷേയങ്ങളായ വേദങ്ങളെ ആര്‍ക്കും നിഷേധിക്കാനാകാത്ത പ്രമാണങ്ങളായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം അദ്വൈതത്തെ വികസിപ്പിച്ചെടുത്തത്. ഗൌഡപാദാചാര്യരുടെ ശിഷ്യനായ ഗോവിന്ദാചാര്യരില്‍ നിന്നാണല്ലോ ശങ്കരന്‍ വിദ്യ അഭ്യസിക്കുന്നത്. ഗൌഡപാദന്‍ മാണ്ഡൂക്യോപനിഷത്തിന് രചിച്ച കാരിക ശങ്കരന് പൂര്‍വ്വ മാതൃകയായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സത്യത്തിന്റെ പ്രകാശനം തന്നെയാണ് ഇക്കാണാവുന്നതെല്ലാം എന്നൊക്കെ ശങ്കരന്‍ പറയുമെങ്കിലും മനുഷ്യരെ വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു നിറുത്തുവാന്‍ അദ്ദേഹത്തിന് മടിയേതുമില്ല.

ഗീതയില്‍ നാലാം അധ്യായത്തിലെ, ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗശ തസ്യകര്‍ത്തരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം എന്ന പതിമൂന്നാം ശ്ലോകത്തിനെ ശങ്കരന്‍ ന്യായീകരിക്കുന്നുണ്ട്. ആ ശ്ലോകത്തിന്റെ ശങ്കരഭാഷ്യം ഇങ്ങനെയാണ് “ചാതുര്‍വ്വര്‍ണ്യം അതായത് വര്‍ണങ്ങള്‍ നാലുതന്നെ എന്ന വ്യവസ്ഥ ഈശ്വരനാല്‍ ഉല്പാദിതമാണ്. ഇവന്റെ മുഖം ബ്രാഹ്മണനായി തുടങ്ങിയ ശ്രുതിക്കനുസരിച്ചും ഗുണകര്‍മ്മ വിഭാഗത്തിനനുസരിച്ചും സൃഷ്ടമാണ്.

ഗുണങ്ങള്‍ സത്വം രജസ്സ് തമസ്സ് എന്നിവയാണ്. അവയില്‍ സത്വഗുണം പ്രധാനമായുള്ള സാത്വികനായ ബ്രാഹ്മണന് ശമം ദമം തപസ്സ് തുടങ്ങിയവയാണ് കര്‍മ്മങ്ങള്‍. രജോഗുണ പ്രധാനിയായ ക്ഷത്രിയന് ശൌര്യം തേജസ്സ് മുതലായവയാണ് കര്‍മ്മങ്ങള്‍. രജോഗുണവും തമോഗുണവും കലര്‍ന്ന വൈശ്യന് കൃഷി തുടങ്ങിയ കര്‍മ്മങ്ങളും തമോഗുണപ്രധാനിയായ ശൂദ്രന് ശുശ്രൂഷയുമാണ് കര്‍മ്മം.” എന്നാണ് ശങ്കരന്റെ വിധി.

മനുഷ്യനെ ഇങ്ങനെ പലതായി വിഭജിച്ച് നിറുത്തിയ ഈ ശങ്കരനെയാണ് ആത്മജ്ഞാനത്തിന്റെ മഹാമേരു കീഴടക്കിയ സര്‍വ്വജ്ഞനെന്ന് ഭക്തര്‍ വിശേഷിപ്പിക്കുന്നതെന്നതാണ് വൈരുധ്യം.

 

വേരുകള്‍, ഇതര ദര്‍ശനങ്ങള്‍

 

ആത്മീയതയിലുറച്ചതാണ് ഇന്ത്യയുടെ ദര്‍ശനം എന്ന വാദത്തിനെ അരക്കിട്ടുറപ്പിക്കാന്‍ എസ് രാധാകൃഷ്ണനെപ്പോലെയുള്ളവര്‍ വലിയ ശ്രമം നടത്തിയിട്ടുണ്ട്. രണ്ടുവാല്യങ്ങളായി പ്രസിദ്ധീകരിച്ച ഭാരതീയ ദര്‍ശനത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു “Philosophy in India is essentially spiritual. It is the intense spirituality of India, and not any great political structure or social organization that it has developed that has enabled to resist the ravages of time and the accidents of history. ആധ്യാത്മികതയാണ് ഇന്ത്യയുടെ തത്വചിന്തയുടെ ആന്തരസ്വഭാവമെന്നും എതിര്‍ശക്തികളെ ചെറുത്തു നില്ക്കാന്‍ ഇന്ത്യക്ക് അമിതമായ ആത്മബലം നല്കിയത് ആ ആധ്യാത്മികതയാകുന്നുവെന്നുമുള്ള വാദത്തില്‍ എല്ലാം ഭംഗ്യന്തരേണ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ വസ്തുത തികച്ചും വ്യത്യസ്തമായിരുന്നു. ശങ്കരന്‍ വ്യാഖ്യാനിച്ചെടുത്ത ആത്മീയതയെക്കാള്‍ ഇന്ത്യന്‍ ജനത തീര്‍ച്ചയായും ഭൌതികവാദികളോ അതല്ലെങ്കില്‍ അജ്ഞേയവാദികളോ ആയിരുന്നുവെന്നതാണ് ശരി. ഭാരതീയ ചിന്തയില്‍ കെ ദാമോദരന്‍ എഴുതുന്നതു നോക്കുക, “പ്രാചീനാചാര്യന്മാര്‍ ലൌകിക ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വനാന്തരങ്ങളിലെ ഗുഹകള്‍ തേടി നടന്ന യതിവര്യന്മാരായിരുന്നില്ല. പരബ്രഹ്മത്തെപ്പറ്റിയോ മരണാനന്തര ജീവിതത്തെപ്പറ്റിയോ അല്ല ഐഹികജീവിതം പരിഷ്കരിക്കേണ്ടതെങ്ങനെയെന്നതിനെപ്പറ്റിയാണ് അവര്‍ അന്വേഷിച്ചത്.”

ദാമോദരന്‍ വെറുതെ ഇങ്ങനെ പറഞ്ഞു പോകുകയായിരുന്നില്ല, മറിച്ച് വേദങ്ങളില്‍ നിന്നുതന്നെ തന്റെ അഭിപ്രായം സ്ഥാപിക്കുന്നതിനു വേണ്ടി എത്രയോ ഉദാഹരണങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. മരണാനന്തരമെന്ന് എന്നല്ല, ഇവിടെ ഇനി എന്ത് എന്നാണ് തങ്ങളുടെ ഗോത്രാധിപന്മാരായ ദേവന്മാരോടുള്ള പ്രാര്‍ത്ഥനകളില്‍ അക്കൂട്ടര്‍ ഉള്‍‌പ്പെടുത്തിയത്.

ശങ്കരന്‍ എല്ലാംതന്നെ വേദങ്ങളിലും വേദാന്തങ്ങളിലും പറഞ്ഞിട്ടുണ്ടെന്ന് വാശിപിടിക്കുമ്പോള്‍ വേദംതന്നെ പലതിലും സംശയത്തിലാണ്. ഏറെ പ്രസിദ്ധമായ സൃഷ്ടിസൂക്തത്തെ മുന്‍നിറുത്തി കുഞ്ഞന്‍ രാജ എഴുതുന്നത് ദാമോദരന്‍ ഉദ്ധരിക്കുന്നു, “ഭൌതികപഥാര്‍ത്ഥത്തില്‍ നിന്നും വേറിട്ടുനില്ക്കുന്ന ഒരാത്മാവിന്റെ യാതൊരു സൂചനയും ഇവിടെ കാണുന്നില്ല. നാം കാണുന്നത് അനന്തത മാത്രമാണ്.

ആ അനന്തത ഐഹിക ജഗത്തിലെ ഭൌതിക വസ്തുക്കളായും ക്രിയാശക്തിയായും രൂപപ്പെടുന്നു. ജീവശക്തി ഒരു കേവല യാഥാര്‍ത്ഥ്യമെന്ന് നിലയ്ക്ക് അതിലടങ്ങിയിരിക്കുന്നു. നിരീശ്വവാദം ഇവിടെ പ്രകടമാണ്.

സാംഖ്യദര്‍ശനത്തിലെ നിരീശ്വരവാദമാണ് ഇത്. ലോകത്തിന്റെ ഗതിക്രമത്തില്‍ ഒരു സ്രഷ്ടാവില്ല. ഏതോ അനന്തതക്കുള്ളില്‍ നിന്നാണ് ജീവപരിണാമം സംഭവിക്കുന്നത്. ആ അനന്തയില്‍ ജീവന്റെ ശക്തികള്‍ അടങ്ങിയിരിക്കുന്നു. മാറ്റങ്ങളോടും ചലനങ്ങളോടും കൂടിയ ലോകപരിണാമപ്രക്രിയ അന്തര്‍ഭവിച്ചിരിക്കുന്നു.” ഇതെല്ലാം ഭൌതികവാദമായിരുന്നു ഇന്ത്യന്‍ തത്വചിന്തയുടെ ആധാരശില എന്നു വ്യക്തമാക്കുന്നു.

ഇന്ത്യന്‍ തത്വചിന്തയെ അദ്വൈതത്തിലുറച്ച് ഏകശിലാത്മകമാക്കി മാറ്റിയെടുത്തത് ശങ്കരനാണ്. ഭൌതിക ചിന്താ പാരമ്പര്യങ്ങളെ അദ്ദേഹവും കൂട്ടരും അവസാനിപ്പിച്ചെടുത്തു. അവരെഴുതിയ ഗ്രന്ഥങ്ങളൊന്നും തന്നെ ഇന്ന് ലഭ്യമല്ല. അവരെക്കുറിച്ച് ശങ്കരന്‍ ഉദ്ധരിച്ചിരിക്കുന്നവയെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ചാര്‍വ്വാകരടക്കമുള്ളവരെക്കുറിച്ച് നാം ചില ധാരണകളെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ബഹുസ്വരതയ്ക്കുമുകളിലുള്ള ആശയപരമായ ആദ്യ ആക്രമണം നടത്തിയത് ശങ്കരനാണെന്ന് നമുക്ക് സംശയ ലേശമെന്യേ പറയാം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Advertisement