Screen-grab, Copyrights: The Hindu
Reading Time: 5 minutes

വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ മൂന്ന് മാവോയിസ്റ്റുകളെക്കൂടി തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരിക്കുന്നു. വിഷയത്തിൽ ജനാധിപത്യവിശ്വാസികളിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകുന്നു. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിൽ അവശേഷിച്ച ജനാധിപത്യ വിശ്വാസികളുടെയും യുവാക്കളുടെയും പ്രതിഷേധം ഉയർന്നു.


സാമൂഹിക മാധ്യമങ്ങളിലടക്കം ഗൗരവമായി രാഷ്ട്രീയ ഇടപെടൽ നടത്തുന്ന യാസിൻ എസ്, അമൽദേവ് സി ജെ എന്നീ യുവാക്കൾ പ്രതിഷേധിച്ചു കൊണ്ട് പാർട്ടിയുടെ വർഗ്ഗ വിഭജന സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പിൻവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു. പാർട്ടിയിലെ ജനാധിപത്യ വിശ്വാസികളുടെയും യുവാക്കളുടെയും ഇടയിൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. പ്രഖ്യാപനം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ പാർട്ടി ആരാധകക്കൂട്ടങ്ങളുടെ ആക്രമണവും അരങ്ങേറി.

കാര്യങ്ങൾ അങ്ങനെ പോകുന്നതിന്നിടയിൽ ഒരാഴ്ച കഴിയുന്നതിന് മുൻപ് സിപിഎമ്മിന്റെ പ്രവർത്തകരായ രണ്ട് യുവാക്കൾക്കെതിരെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നു. വെറുതെ രണ്ട് യുവാക്കളല്ല. ഒരാൾ പ്രബല കുടുംബത്തിലേയും മറ്റൊരാൾ സാധാരണ കുടുംബത്തിലെയും അംഗങ്ങൾ.

രണ്ടു പേരും സിപിഎം ഇതര രാഷ്ട്രീയ ധാരകളെ പഠിക്കുവാനും പുനപ്പരിശോധിക്കുവാനും ശ്രമം നടത്തിയിരുന്നവരാണ് എന്ന് വ്യക്തം. അതിന്റെ ഭാഗമായിട്ട് കൂടിയാവാം അവരുടെ കയ്യിൽ അറസ്റ്റ് ചെയ്യാൻ പോലീസ് തെളിവായി അവതരിപ്പിക്കുന്ന സംഘടനയുടെ പത്രക്കുറിപ്പ് എത്തിയിട്ടുണ്ടാകുക. രണ്ടുപേരും സമൂഹത്തിലെ മറ്റു മുന്നേറ്റങ്ങളെ കാര്യഗൗരവത്തോടെ ശ്രദ്ധിച്ചിരുന്നവരും പ്രശ്നബാധിതരോടൊപ്പം ഐക്യപ്പെടാൻ ശ്രമിച്ചവരുമാണ്.

സ്വന്തം പാർട്ടി നേതൃത്വം ഭരിക്കുന്ന സർക്കാർ വകുപ്പിൽ നിന്നും യുവാക്കളായ അണികൾക്ക് നേരെ നടന്ന ഈ മനുഷ്യാവകാശ നിഷേധത്തിനെതിരെ സാധാരണ ഗതിയിൽ ഉൾപാർട്ടി സംവിധാനത്തിൽ നിന്നും ഉയർന്നു വരേണ്ടതായ ഒരു പ്രതിഷേധവും വിഷയത്തിൽ ഉണ്ടായില്ല. വിഷയം ദൗർഭാഗ്യകരമാണെന്നും പുന:പരിശോധിക്കും എന്നുമൊക്കെയാണ് പാർട്ടി നേതൃത്വവും സർക്കാർ നേതൃത്വവും ആവർത്തിക്കുന്നത്. മാത്രമല്ല യുവാക്കൾക്ക് യഥാർത്ഥത്തിൽ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടോ എന്നകാര്യം അന്വേഷിക്കുകയും ചെയ്യുമെന്നും ബന്ധമുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

കുറച്ചുകൂടി സ്വതന്ത്ര സ്പേസ് ആയ സോഷ്യൽ മീഡിയയിൽ പോലും പാർട്ടി അംഗങ്ങളും ഇടതു ആരാധകരും സർക്കാരിലും പാർട്ടിയിലും പ്രതീക്ഷ വച്ചു കൊണ്ട് മൗനമാചരിക്കാൻ തുടങ്ങി. പ്രതിഷേധങ്ങൾ കേവലം പോലീസുകാരുടെ താല്പര്യത്തിനെതിരെ മാത്രമായി ചുരുങ്ങി. പ്രിവിലേജുള്ള കുടുംബത്തിലെ യുവാവിനു വേണ്ടി പോലുമുള്ള നിലവിളികളും അടക്കിപ്പിടിച്ച ഗദ്ഗദങ്ങളായി മാറിക്കഴിഞ്ഞു. സാധാരണക്കാരന്റെ പേര് പ്രിവിലേജ്‌ഡ് ഇടതു പ്രൊഫൈലുകൾ മുൻപേ ഒഴിവാക്കിയിരുന്നു.

എന്തായാലും കുറച്ചു കാലത്തെ ഈ ബഹളം ഇനിയും ചെല്ലുമ്പോൾ അടിത്തറയുള്ള മൗനത്തിലേയ്ക്ക് എത്തും. പാർട്ടി പുറത്താക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മാവന്റെ അവസ്ഥയാകും അറസ്റ്റ് ചെയ്യപ്പെട്ട സാധാരണക്കാരന്റേത്. പ്രിവിലേജ്‌ഡ് യുവാവിന് കുറച്ചു കൂടി ശ്രദ്ധ ലഭിച്ചേക്കാം. ഇപ്പോൾത്തന്നെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളുടെ കുടുംബത്തിൽ നിന്നും പാർട്ടി നിയന്ത്രിക്കുന്ന സർക്കാരിനെതിരായ ഒരു പ്രതിഷേധവും ഉണ്ടാകില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന മാവോയിസ്റ്റ് വേട്ടക്കൊലപാതകങ്ങളിലും മനുഷ്യാവകാശ നിഷേധങ്ങളിലും യാസിന്റെയും അമലിന്റെയും പോലെ സമാനരായ ഇടതു മനസ്സുള്ളവരും ജനാധിപത്യവിശ്വാസികളും പ്രതിഷേധിച്ചിരുന്നു. അത് സംസ്ഥാനത്തെ പൊതുബോധത്തിൽ വലിയ മാറ്റുണ്ടാക്കാൻ സാധിക്കുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ഇത്തരത്തിലുള്ള ചെറു ജനകീയ മുന്നേറ്റങ്ങൾ പാർട്ടിക്കുള്ളിലെ യുവാക്കളെ ഗൗരവമായി സ്വാധീനിക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന അംബേദ്കറൈറ്റ്, സത്രീ, ലൈംഗിക ന്യൂനപക്ഷ, മുസ്ലിം സ്വത്വ പരിസ്ഥിതി രാഷട്രീയ ചെറു മുന്നേറ്റങ്ങളിലേക്ക് ഇടതുപാളയത്തിൽ നിന്ന് യുവാക്കളുടെ ശക്തമായ കൊഴിഞ്ഞുപോക്ക് ഉള്ള സാഹചര്യത്തിൽ കൂടി വേണം ഈ പാർട്ടിക്കാരായ യുവാക്കൾക്കെതിരായ നടപടിയെ പരിഗണിക്കാൻ.

ഇപ്പോൾ പാർട്ടിക്കുള്ളിലെ ഈ യുവാക്കൾക്ക് എതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിലൂടെ പാർട്ടിയും അതിന്റെ ആരാധകവൃന്ദവും പതുക്കെ യുവാക്കളായ പ്രവർത്തകർക്കിടയിലേക്ക് മൗനമായി പ്രചരിപ്പിക്കുന്ന ഒരു ഭീഷണിയെ കുറിച്ചാണ് ഈ കുറിപ്പ്. അത് കേവലമായ ഒരു ഭീഷണിയല്ല മറിച്ച് ഈ പാർട്ടി സംവിധാനവും അത് പകർന്ന് നല്കുന്ന ജ്ഞാന വ്യവസ്ഥയുമല്ലാതെ (അറിവുകൾ) മറ്റ് രാഷട്രീയ ധാരകളിലെ രാഷ്ട്രീയ പ്രത്യയശാസ്തങ്ങളെയും നീതിയെ നിയമങ്ങളെയും സാമൂഹിക ധാരണകളെയും ശുഭപ്രതീക്ഷകളെയും അന്വേഷിച്ച് പോയാൽ അത് ഈ പാർട്ടി സംവിധാനം അംഗീകരിക്കില്ല എന്നുള്ള ഭീഷണിയാണ് അത്.

അത്തരത്തിലുള്ള വൈവിധ്യങ്ങളെ തകർക്കാൻ ഇവിടെ സംഘപരിവാറിന്റെ നേത്യത്തിൽ ഒരു പോലീസ് വകുപ്പുണ്ട്, അവരുടെ കയ്യിൽ ചെന്നു പെടുന്ന പാർട്ടി വിശ്വാസികളല്ലാത്തവരെയും പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെടാൻ സാധ്യതയുള്ളവരെയും പാർട്ടി രക്ഷിക്കില്ല. പാർട്ടിയുടെ ചട്ടക്കൂടിനകത്ത് നിന്നും പാർട്ടിയുടെ വിശ്വാസത്തിനകത്തു നിന്നും വ്യതിചലിച്ച് നടക്കുന്ന ഇത്തരത്തിലുള്ളവരെ പാർട്ടിയുടെ ശക്തമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയരാക്കും. അത് എത്ര തന്നെ പ്രബല കുടുംബമായാലും ശരി ഈ സൂക്ഷ്മമപരിശോധനയ്ക്കു ശേഷം മാത്രമേ സംഘപരിവാറിന്റെ പോലീസ് വകുപ്പിന്റെ കയ്യിൽ പെടുന്നവരെ രക്ഷിക്കുവാൻ പാർട്ടി നടപടി എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളു.

ഈ പ്രിവിലേജുള്ള യുവാവിന്റെ കുടുംബത്തിന്റെ പ്രതിഷേധ സ്വരങ്ങളിൽ വണ്ണമയപ്പെടുത്താൽ സത്യത്തിൽ ഈ സന്ദേശം എല്ലാ സാധാരണ പാർട്ടി കുടുംബങ്ങൾക്കും വ്യക്തമായതിന്റെ സൂചനയാണ്. പാർട്ടി കുടുംബങ്ങളെല്ലാം തങ്ങളുടെ കുടുംബത്തിലെയും സൗഹൃതത്തിലെയും ഇതര രാഷ്ട്രീയ ധാരണകൾ ചർച്ചചെയ്യുന്ന യുവാക്കളെയും ആളുകളെയും സ്വന്തം സ്വയ രക്ഷയെകുറിച്ചു ഇപ്പോൾ ഓർമപ്പെടുത്തൽ നടത്തിയിട്ടുണ്ടാകും. ഉപദേശങ്ങൾ കൊടുത്തു കഴിഞ്ഞിട്ടുണ്ടാകും.

ചുരുക്കിപ്പറഞ്ഞാൽ പാർട്ടിക്കുള്ളിൽ മറ്റു രാഷട്രീയ പ്രത്യയശാസ്ത്രങ്ങളെ പുന:പരിശോധിക്കുകയും പഠിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇപ്പോൾ സന്ദേശം വ്യക്തമായിക്കഴിഞ്ഞു. ഒന്നുകിൽ സിപിമ്മിനോട് നിരുപാധികം കീഴ്‌പ്പെട്ട് പാർട്ടിയിൽ വിശ്വാസമർപ്പിച്ച് ഈ പാർട്ടി ഘടനയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക. അല്ലാതെ ചുറ്റും കാണുന്ന വൈവിദ്ധ്യങ്ങളിലേക്കോ കൂടുതൽ നീതിയുക്തമാണെന്ന് തോന്നുന്ന പ്രത്യയശാസ്ത്രങ്ങളിലേക്കോ സഞ്ചരിക്കാൻ തയ്യാറാകരുത്. ഇതാണ് ഈ സംഭവത്തിന്റെ കാതലായ സന്ദേശം. ഇത് വെറുതെ പാർട്ടി കുടുംബങ്ങളിലെയും അനുഭാവി സംഘങ്ങളിലെയും ആളുകൾക്ക് മാത്രമുള്ള സന്ദേശമല്ല, മറിച്ചു അതിനു പുറത്തു നിൽക്കുന്ന മുഴുവൻ രാഷ്ട്രീയ വിദ്യാർത്ഥികളെയും ഉദ്ദേശിച്ചുള്ള ഒരു സന്ദേശമാണ്.

ഡി.എച്ച്.ആർ.എമ്മിനെയും, ചെങ്ങറ ഭൂസമരത്തെയും പോലുള്ള ദളിത് മുന്നേറ്റങ്ങളെ സിപിഎം ചരിത്രത്തിൽ ഇതേ ചാപ്പയടിയും ഭീഷണിയും കൊണ്ടാണ് തകർക്കാൻ ശ്രമിച്ചത്. ഇരിപ്പ് ആരംഭിച്ചപ്പോൾ അതിനെതിരെ ഈ സിപിഎം ആരാധകരും വ്യാപാരവ്യവസായി ഏകോപനസമിതിയും എല്ലാം ആദ്യം വിജി പെൺകൂട്ടിനു മാവോയിസ്റ്റ് ലേബൽ ചാർത്തിക്കൊടുത്തതും ഈയടുത്തുകാലത്തു മാത്രം കഴിഞ്ഞ സംഭവങ്ങളാണ്. അടിത്തട്ടിൽ നിന്ന് പ്രശ്നബാധിതർ നയിച്ച ജനാധിപത്യമുന്നേറ്റങ്ങളായതുകൊണ്ട് മാത്രമാണ് ഏറെ അടിച്ചമർത്തലുകൾക്ക് ഒടുക്കവും ഈ മുന്നേറ്റങ്ങളെ സിപിഎം സംഘടനാ സംവിധാനത്തിന് ഒരു ചുക്കും ചെയ്യാൻ കഴിയാഞ്ഞത്.

രാജ്യത്താകമാനം രാഷട്രീയ മുന്നേറ്റങ്ങളിലെ വൈവിധ്യങ്ങൾക്കും വ്യത്യസ്തതയുള്ള നിലപാടുകൾക്കും വേണ്ടി ചെറു മുന്നേറ്റങ്ങൾ ശക്തമായ പ്രതിഷേധങ്ങൾ ഉയത്തിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് സംസ്ഥാനത്തിനകത്ത് ഏറ്റവും ശക്തമായ സ്ഥൂല ഘടനയായ പാർട്ടിയും അത് നേതൃത്വം നല്കുന്ന സർക്കാരും സംഘപരിവാറിന്റെ അതേ അടിച്ചമർത്തൽ നയം സ്വീകരിക്കുന്നത്. അത് നയപരമായി മാത്രമല്ല ഭരണകൂടത്തിന്റെ മർദനോപാധികൾ കൂടി ഉപയോഗിച്ചുകൊണ്ടാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അവർ അമർച്ച ചെയ്യാൻ ശ്രമിക്കുന്നത് വൈവിധ്യങ്ങളായ മുഴുവൻ രാഷ്ട്രീയ ആദർശങ്ങളെയുമാണ്.

പാർട്ടി ആരാധകരെയും വിശ്വാസികളെയും സംബന്ധിച്ച് വലിയ പ്രശ്നം ഇതിൽ തോന്നുകയില്ലെങ്കിലും പാർട്ടിക്ക് പുറത്ത് അടിച്ചമർത്തപ്പെട്ടവരുടെ ഐക്യപ്പെടലിനും അവരുടെ സാമൂഹികപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിനും ഇടപെടുന്ന ആളുകളെയും അതിനോട് രാഷ്ട്രീയമായി ഐക്യപ്പെടാൻ കഴിയുന്ന സിപിഎം പാർട്ടിയിലെ സാമൂഹിക നീതീ ബോധ്യമുള്ള പ്രവർത്തകരെയുമായിരിക്കും ഇത് ബാധിക്കുക.

സിപിഎം എന്ന പാർട്ടിയും അതിന്റെ നേതൃത്വവും അതിനെയും സർക്കാരിനെയും നിയന്ത്രിക്കുന്ന പിണറായി വിജയൻ എന്ന ഏകാധിപതി ചെയ്യുന്ന ഈ പ്രവർത്തനം നാം ജനങ്ങൾക്കിടയിൽ തുറന്നു കാട്ടണം. സിപിഎം എന്ന സ്ഥൂലഘടനയെ വളർത്തലും നിലനിർത്തലും എന്നതിൽ കവിഞ്ഞ് ഈ ഭീഷണി സന്ദേശങ്ങൾക്ക് യാതൊരു ലക്ഷ്യവുമില്ല. നയപരമായും രാഷ്ട്രീയമായും സമൂഹിക നീതിയ്ക്ക് അനുകൂലമായ ദിശയിൽ സാമൂഹിക മാറ്റം സൃഷടിക്കാൻ ഈ സ്ഥൂല ഘടനക്ക് സാധ്യമല്ല എന്നുള്ളതാണ് വാസതവം.

അതുകൊണ്ടു തന്നെ സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട സ്വത്വ വിഭാഗങ്ങൾക്ക് (അംബേദ്കറൈറ്റ്, സത്രീ, ലൈംഗിക ന്യൂനപക്ഷ, മുസ്ലിം സ്വത്വ പരിസ്ഥിതി രാഷട്രീയ ചെറു മുന്നേറ്റങ്ങളിലുള്ളവർ) ആയിരിക്കും ഈ പാർട്ടി നടത്തുന്ന ഭീഷണി സന്ദേശങ്ങളുടെ പ്രശ്നം ബാധിക്കാൻ സാധ്യത. അതുകൊണ്ട് ഇത്തരം മുന്നേറ്റങ്ങളിലുളളവരുടെ രാഷ്ട്രീയമായ ഉത്തരവാദിത്വമാണ് ഈ പാർട്ടിയുടെ ഇത്തരം ഭീഷണികളെ തുറന്നു കാട്ടുക എന്നുള്ളത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയമായി എതിർക്കുമ്പോഴും സിപിഎം എന്ന സ്ഥൂലഘടന നടപ്പാക്കുന്ന ഫാസിസ്റ്റു ചട്ടക്കൂടുകളെ അരികുകളിൽ നിന്നും തകർക്കുവാൻ നമുക്ക് മാത്രമേ കഴിയൂ.

അരവിന്ദ് വി.എസ്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ. സോഷ്യോളജി കഴിഞ്ഞു. ഇപ്പോൾ ദി ക്രിട്ടിക് എന്ന ഓൺലൈൻ പോർട്ടലിൽ ജോലി ചെയ്യുന്നു.

Advertisement