Wed. Jan 22nd, 2025
ശ്രീനഗര്‍:

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി കരുതല്‍ തടങ്കലിലാക്കിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെ, പുതിയ സ്ഥലത്തേക്ക് മാറ്റാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേതാക്കളെ താമസിപ്പിച്ചതിന് 2.65 കോടിരൂപയുടെ ബില്ലാണ് ഹോട്ടല്‍ മാനേജ്‌മെന്‍റ് അധികൃതര്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് നേതാക്കളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്നുമാസത്തെ ബില്ലാണിത്.

ദാല്‍ തടാകക്കരയിലുള്ള സെന്‍റോര്‍ ഹോട്ടലിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നത്. ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ഇത്.

നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളിലെ 31 പ്രമുഖ നേതാക്കളെയാണ് ഇവിടെ തടവിലാക്കിയിരിക്കുന്നത്.  എംഎല്‍എ ഹോസ്റ്റലിലേക്കോ മറ്റ് ഹോട്ടലിലേക്കോ ആയിരിക്കും ഇവരെ മാറ്റുക.

നേരത്തെ ഒരാള്‍ക്ക് 5000 രൂപ താമസ ചിലവിനായി അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 800 രൂപവീതം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഈ തുക ഹോട്ടലിന് നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഒരു മുറിയില്‍ രണ്ടു പേര്‍ വീതമാണ് നേതാക്കളെ താമസിപ്പിച്ചിരുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു കഷ്ണം കോഴിയിറച്ചി നല്‍കുന്നതൊഴിച്ചാല്‍ ഭക്ഷണത്തിന് സസ്യാഹാരം മാത്രമാണ് അനുവദിച്ചിരുന്നത്.

എന്നാല്‍, ഹോട്ടലിനെ സബ്ജയിലാക്കി മാറ്റിയിരിക്കുന്നതിനാല്‍, ഹോട്ടലിന് സമീപത്തുള്ള ഷേര്‍ ഇ കശ്മീര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു.

ഭീമമായ ഹോട്ടല്‍ ബില്ലാണോ നേതാക്കളെ സെന്‍റോര്‍ ഹോട്ടലില്‍ നിന്ന്മാറ്റിപാര്‍പ്പിക്കാന്‍ കാരണമെന്നതില്‍, അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.