Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും, മനുഷ്യാവകാശ  പ്രവര്‍ത്തകരെയും, സാമൂഹ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടെ നിരീക്ഷിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്‌സ്ആപ്പ് വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ ഇത്തരത്തില്‍ 19 കേസുകള്‍ സ്ഥിരീകരിച്ചതായി സ്‌ക്രോൾ ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 10 മനുഷ്യാവകാശ പ്രവർത്തകരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.

വാട്‌സ്ആപ്പില്‍ നിന്നും 1400 ഓളം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും വിവരമുണ്ട്. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയാണ് നിരീക്ഷണം നടത്തിയതെന്നാണ് വ്ടാസ് ആപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ സർക്കാർ ഏജൻസികൾ വാട്സ് ആപ്പ് സ്പെെവെയറിന്‍റെ നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കാമെന്ന് കാനഡ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സംഘം പറയുന്നു.

20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്‍സ് ആപ്പ് വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്.

എന്നാല്‍, ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്‍സ് ആപ്പ് യു.എസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ പുറത്തുവന്നത്.

ഇസ്രായേലി കമ്പനിക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതിയില്‍ വാട്‍സ് ആപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി മാത്രമാണ് വിവിരങ്ങള്‍ ചോര്‍ത്തിയതെന്ന് എന്‍എസ്ഒ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ മാധ്യമപ്രവർത്തകർ, അക്കാദമിക്, ദലിത് പ്രവർത്തകർ, അഭിഭാഷകർ എന്നിവരെ സ്പെെവെയര്‍  ലക്ഷ്യമിട്ടിരിന്നുവെന്ന്  ദി ഇന്ത്യൻ എക്സ്പ്രസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ആളുകളുടെ പേരോ, എത്ര പേരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നോ വാട്‌സ്ആപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും സ്‌പൈവെയര്‍ ലക്ഷ്യം വച്ച ഓരോ വ്യക്തികളേയും നേരിട്ട് ബന്ധപ്പെട്ടതായും വാട്‌സ്ആപ്പ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam