മട്ടാഞ്ചേരി:
അംഗത്വ ഫീസില്ല, പിഴയില്ല, മറ്റു പൈസയൊന്നും തന്നെയില്ല. കൊച്ചിയിലിതാ ഏഴാം ക്ലാസ്സുകാരിയുടെ സൗജന്യ ലൈബ്രറി. മൂന്നാം ക്ലാസ്സിൽ നിന്നാരംഭിച്ച വായന യശോദ ഷേണായി എന്ന പെൺകുട്ടിയെ ചെന്നെത്തിച്ചത് സൗജന്യ ലൈബ്രറി എന്ന ആശയത്തിലേക്ക്. സൗജന്യ ലൈബ്രറി എന്ന് കരുതി ഞെട്ടണ്ട, മൂവായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളും നൂറിലധികം മെംബർമാരും ഈ ലൈബ്രറിയിലുണ്ട്. അച്ഛന്റെ കൂടെ ലൈബ്രറി പോയപ്പോഴാണ് ലൈബ്രറികളിൽ പൈസ വേണമെന്നുള്ള വിവരം യശോദ അറിയുന്നത്. എന്നാൽ പാവപ്പെട്ടവർ എങ്ങനെ പുസ്തകം വായിക്കും എന്ന ചിന്തയാണ് ഇത്തരമൊരു ലൈബ്രറിക്ക് പ്രേരകമായത്. ലൈബ്രറി എന്നത് സാമൂഹിക സേവനത്തിനുതകുന്നതാവണം എന്ന ഉറച്ച വിശ്വാസവും ഈ കൊച്ചു മിടുക്കിക്കുണ്ട്.
കൊച്ചിയിലെ മട്ടാഞ്ചേരിക്കടുത്ത് പാലിയറക്കാവ് അമ്പലത്തിനു സമീപമാണ് യശോദാസ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിന് കെ.എസ്. രാധാകൃഷ്ണനാണ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചത്. പുസ്തകങ്ങൾ തന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരാണെന്നാണ് യശോദ പറയുന്നത്. ബാലരമ, ബാലഭൂമി തുടങ്ങിയ ബാല മാസികകളായിരുന്നു അക്ഷര ലോകത്തിലേക്കുള്ള തന്റെ വഴികാട്ടികൾ എന്ന് യശോദ പറഞ്ഞു. എഴുത്തുകാരിൽ ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളാണെന്നും ഈ മിടുക്കി, കൂട്ടി ചേർത്തു.
പുസ്തക ശേഖരണ ക്യാമ്പയ്‌നിലൂടെയാണ് കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചത്. വിദേശികളുൾപ്പെടെ നിരവധി പ്രമുഖരും പുസ്തകങ്ങൾ ദാനം ചെയ്തിട്ടുണ്ട്. യശോദ സ്കൂളിൽ പോകുമ്പോൾ യശോദയുടെ അമ്മയോ അമ്മൂമ്മയോ ചേട്ടനോ ആണ് ലൈബ്രറിയുടെ നടത്തിപ്പുകാർ. നടന്നു ലൈബ്രറിയിലെത്താൻ സാധിക്കാത്തവർക്കായി സ്പെഷ്യൽ മെമ്പർഷിപ്പ് പദ്ധതിയും ഇവിടെ ഉണ്ട്. അത്തരക്കാർക്ക് പുസ്തകം വീട്ടിലെത്തിച്ചു നൽകും.
പുസ്തകങ്ങളിൽ യശോദയ്ക്ക് ഏറ്റവും പ്രിയം മലയാളം പുസ്തകങ്ങളാണ്. കുഞ്ഞുണ്ണിക്കവിതകളാണ് യശോദയെ മലയാള സാഹിത്യലോകത്തോട് അടുപ്പിച്ചത്. എല്ലാ മലയാളികളും മലയാള ഭാഷയുടെ പ്രാധാന്യം നിർബന്ധമായും അറിഞ്ഞിരിക്കണമെന്നും യശോദ പറയുന്നു. പുസ്തകങ്ങളിലൂടെയുള്ള വായനയാണ് യശോദയ്ക്ക് താല്പര്യം. എത്ര കണ്ടു ഓൺലൈൻ സേവനങ്ങൾ നല്ലതാണെന്ന് പറഞ്ഞാലും പുസ്തകങ്ങൾ വായിക്കുമ്പോഴുള്ള സുഖം ഓൺലൈനിൽ കിട്ടില്ല എന്നാണ് യശോദയുടെ പക്ഷം. “ഒരു പുസ്തകം ലഭിക്കുമ്പോൾ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ നിറവും മണവും കാര്യങ്ങൾ എങ്ങനെ ക്രോഡീകരിച്ചിരിക്കുന്നു എന്നുമാണ്. പുസ്തകം വായിക്കുമ്പോൾ എല്ലാ വിവരങ്ങളും എന്റെ മനസ്സിൽ നിൽക്കും. പുസ്തകങ്ങൾ സമ്മാനിക്കുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ഒരിക്കലും ഇ-ബൂക്കിലൂടെ ഈ സന്തോഷം ലഭിക്കില്ല. പുസ്തകങ്ങൾ ആളുകളെ കൂട്ടിയോജിപ്പിക്കുന്നുമുണ്ട്.” തന്റെ ലൈബ്രറിയിലിരുന്ന് യശോദ മനസ്സു തുറന്നു.