തിരുവനന്തപുരം :
തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസിന്റെ ഈ വെളിപ്പെടുത്തൽ.ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.എസ്.എസുമായുള്ള ബന്ധം ജേക്കബ് തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്.
1996 മുതൽ താൻ ആർഎസ്എസുമായി സഹകരിച്ചു പോരുകയാണ്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തിൽ ആർ.എസ്.എസ് എന്നു പറഞ്ഞാൽ ചിലർക്ക് അത് തൊട്ടു കൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടേയെന്നും ജേക്കബ് തോമസ് അഭിമുഖത്തിൽ പറയുന്നു.
ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്നുമുള്ള മുതിര്‍ന്ന ആർ.എസ്.എസ് നേതാവിനൊപ്പം ഡല്‍ഹിയില്‍ എത്തി ബി.ജെ.പി ദേശീയ സഹസംഘടന സെക്രട്ടറിയുമായാണ് ജേക്കബ് തോമസ് ചര്‍ച്ച നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. ബി.ജെ.പിയിൽ ചേരാനുള്ള താൽപര്യം പാർട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് അറിയിച്ചു. നിലവിൽ കാത്തിരിക്കാൻ ബി.ജെ.പി നേതൃത്വം ജേക്കബ് തോമസിന് നിർദ്ദേശം നൽകിയതായാണ് സൂചന. അനുകൂല സാഹചര്യം വരുമ്പോൾ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കാനാണ് നിർദ്ദേശം.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20-20 സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. തുടർന്നാണ് ബി.ജെ.പിയുമായുള്ള ചർച്ചകൾ ആരംഭിച്ചത്.
കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതും ബി.ജെ.പിയോടടുക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ പിണറായി സർക്കാരുമായും കോൺഗ്രസുമായും തുറന്ന പോരിലാണ് ജേക്കബ് തോമസ്.