ന്യൂഡൽഹി:
പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവ് തിരുത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തിരുത്തിയത്. ഇനി മുതല്‍ അഞ്ച് മുതിര്‍ന്ന ജസ്റ്റിസുമാര്‍ പൊതുതാത്പര്യ ഹര്‍ജികള്‍ കേള്‍ക്കും. ഇനിയുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, അരുണ്‍ മിശ്ര, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ചുകളിലാവും എത്തുക.
ദീപക് മിശ്ര കഴിഞ്ഞ വര്‍ഷം പ്രാവര്‍ത്തികമാക്കിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
തിരുത്തിയെഴുതിയത്. രഞ്ജന്‍ ഗൊഗോയ് അടക്കമുള്ള നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്ന തീരുമാനം ദീപക് മിശ്ര നടപ്പിലാക്കിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട, ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്തിരുന്ന കേസുകള്‍ ഇനി ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാകും കൈകാര്യം ചെയ്യുക. ജൂലൈ ഒന്നു മുതലാണ് പുതിയ ഉത്തരവ് നിലവില്‍ വരുന്നത്.