മേട്ടുപ്പാളയം:
ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് സംഭവം നടന്നത്. ദുരഭിമാനക്കൊലപാതകം ആണെന്നാണ് നിഗമനം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളി മേട്ടുപ്പാളയം വള്ളിപ്പാളയം റോഡില്‍ കെ.കനകരാജിനെ (22) ആണ് മൂത്ത സഹോദരന്‍ കെ.വിനോദ് കുമാര്‍ (24) വെട്ടിക്കൊന്നത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊല നടന്നത്.
ദളിത് വിഭാഗത്തില്‍പെട്ട ദര്‍ശന പ്രിയ എന്ന 18കാരിയും കനകരാജും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കോയമ്പത്തൂരിലെ ഒരു കോളേജില്‍ പഠിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയിച്ചുവരുന്നു. കനകരാജ് ഗൗണ്ടര്‍ മതവിഭാഗത്തില്‍പെട്ടവനാണ്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ ഉയര്‍ന്ന സമുദായമാണ് ഗൗണ്ടര്‍ വിഭാഗം.
അതുകൊണ്ടുതന്നെ പ്രണയ വിവരമറിഞ്ഞ വിനോദ് കുമാര്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അനുജനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാത്ത കനകരാജ് പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് മാതാപിതാക്കളുടെ സഹായം തേടി. എന്നാല്‍ ദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം മൂളിയില്ല. ഇതോടെ കമിതാക്കള്‍ ഒളിച്ചോടുകയും മേട്ടുപ്പാളയത്തിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ദമ്പതികള്‍ ആക്രമിക്കപ്പെട്ടു. അവർ താമസിക്കുന്ന വീട്ടിലെത്തിയ ജ്യേഷ്ഠന്‍ വിനോദ് കുമാറും സംഘവും വാക്കത്തി കൊണ്ടു കനകരാജിന്റെ തലയില്‍ വെട്ടുകയായിരുന്നു. പെണ്‍കുട്ടിക്കും വെട്ടേറ്റു.
തലയില്‍ ആഴത്തില്‍ മുറിവേറ്റ കനകരാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പെണ്‍കുട്ടിയെ ആദ്യം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു വിദഗ്ദ്ധ ചികിത്സയ്ക്കു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട വിനോദ് കുമാര്‍ ബുധനാഴ്ച മേട്ടുപ്പാളയം പോലീസില്‍ കീഴടങ്ങി.
കനകരാജിന്റെ മൃതദേഹം കോയമ്പത്തൂര്‍ സംര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മേട്ടുപ്പാളയം പോലീസ് വിനോദിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് വിനോദ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.