Mon. Dec 23rd, 2024
ഫരീദാബാദ്:

 

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഡല്‍ഹിയ്ക്ക് സമീപം ഇന്നു രാവിലെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഫരീദാബാദ് സെക്ടര്‍ 9 ലെ ജിമ്മില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ കാറിലെത്തിയ നാല്‍വര്‍സംഘം ചൗധരിക്കു നേരെ നിറയൊഴിക്കുകയായിരുന്നു.

പത്തു വെടിയുണ്ടകളാണ് ശരീരത്തില്‍ തറച്ചു കയറിയത്. കുഴഞ്ഞുവീണ ചൗധരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണെന്നും ഇതില്‍ അങ്ങേയറ്റം അസഹിഷ്ണുതയുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ഹരിയാനയില്‍ തുടര്‍ച്ചയായി ക്രമസമാധാന നില തകരുന്ന രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അശോക് തന്‍വാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസവും ഞെട്ടിക്കുന്ന സംഭവമുണ്ടായി. ബലാത്സംഗം ചെറുത്ത യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംസ്ഥാനത്ത് നിയമത്തെ പേടിക്കാത്ത സ്ഥിതി വന്നിരിക്കുന്നു. കാട്ടുനീതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ചൗധരി ഐ.എന്‍.എല്‍.ഡിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കു മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *