ഡൽഹി:
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ കയ്യടി നേടി കോൺഗ്രസ്സിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി. സമഗ്രവും വസ്തുനിഷ്ഠവുമായ പ്രസംഗമാണ് ഇദ്ദേഹം ഇരു സഭകളും ചേർന്ന് നടത്തുന്ന പ്രത്യേക സമ്മേളനത്തിൽ സംസാരിച്ചത്. ബി.ജെ.പി. സർക്കാർ പൊങ്ങച്ചത്തിലും പുകഴ്ത്തലിലും മാത്രം വിശ്വസിക്കുന്നവരാണെന്നും കാര്യങ്ങളെ വളച്ചൊടിച്ചു പ്രചരിപ്പിക്കലാണ് അവരുടെ രീതിയെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഒഡിഷയിൽ നിന്നുള്ള മന്ത്രിസഭാംഗം പ്രതാപ് ചന്ദ്ര സാരംഗി മോദിയെ വിവേകാനന്ദനോട് ഉപമിച്ചപ്പോൾ മോൺസ്റ്ററെയും മോങ്കിനെയും (സന്ന്യാസിയെയും) താരതമ്യം ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ. സർക്കാരിന്റെ കാലത്തെ അഴിമതികളെ വിമർശിക്കുന്നവർ സ്വന്തം പാർട്ടിയുടെ അഴിമതികൾ കണ്ടില്ലെന്നു നടിക്കുകയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. അവർ അഴിമതി നടത്തിയെങ്കിൽ എന്തുകൊണ്ട് സോണിയയോ രാഹുലോ അറസ്റ്റിലാവുന്നില്ല? അദ്ദേഹം കൂട്ടിച്ചേർത്തു.
പൊളിറ്റിക്കൽ പ്ളേജ്യറിസം സിൻഡ്രോം ബാധിച്ച സർക്കാരാണ് മോദിയുടെ കീഴിൽ അധികാരമേറ്റതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ കോൺഗ്രസ് നിർമ്മിച്ച അടിത്തറയിലാണ് ഇന്ന് ഭാരതം നിലനിൽക്കുന്നത്. അത് പാടെ മറന്നുകൊണ്ടുള്ള പ്രചാരണമാണ് ഇന്ന് ഇവിടെ നടക്കുന്നതെന്നു ചൗധരി പറയുന്നു. “സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽക്കു കോൺഗസ് ഇന്ത്യയിൽ നടപ്പിലാക്കിയ വികസന പദ്ധതികളെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ട് പെട്ടെന്നൊരു സുപ്രഭാതത്തിൽ അധികാരം ഏറ്റെടുത്ത നിങ്ങളാണ് ഭാരതത്തിലെ വികസനങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്നു പറയുന്നു.”
ജവഹർലാൽ നെഹ്‌റു മുതൽ രാജീവ് ഗാന്ധി വരെയുള്ള പ്രധാനമന്ത്രിമാരെ രൂക്ഷമായി വിമർശിക്കാൻ മാത്രം സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി കോൺഗ്രസ്സ് ഭരണകാലത്ത് നടപ്പിലാക്കിയ ഇരുപത്തിമൂന്നു പദ്ധതികളിൽ പത്തൊൻപതെണ്ണത്തിനും പേര് മാറ്റിയാണ് ഇപ്പോൾ നടപ്പിലാക്കിയത് എന്നും ചൗധരി ആരോപിക്കുന്നു.
“ഹരിത വിപ്ലവം കൊണ്ടു വന്നത് നെഹ്രു സർക്കാരാണ്, ഡിജിറ്റൽ വിപ്ലവം കൊണ്ട് വന്നത് കോൺഗ്രസ് അധികാരത്തിലിക്കുമ്പോഴാണ്, നിരവധി പൊതുമേഖല സ്ഥാപനങ്ങളായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തുടങ്ങിയ ഒട്ടനേകം സംരംഭങ്ങൾക്ക് ചുക്കാൻ പിടിച്ചതും കോൺഗ്രസ്സ് സർക്കാരുകളാണ്. എന്നിട്ടും സത്യത്തെ മറച്ചുവെച്ചു കൊണ്ട് നുണകൾ പ്രചരിപ്പിക്കുകയാണ് ഈ സർക്കാർ.”
“വിവരാവകാശ നിയമം, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, ദേശീയ വിദ്യാഭ്യാസ നിയമം, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, എന്നിങ്ങനെ സർവ മേഖലകളിലും വികസനം കൊണ്ട് വരാൻ കോൺഗ്രസ് സർക്കാരുകൾക്ക് സാധിച്ചിട്ടുണ്ട്. ബി.ജെ.പി. നേതാക്കൾ അഭിമാനത്തോടെ പറയുന്ന, പാക്കിസ്ഥാനെതിരെ നടത്തിയ മിസൈൽ ആക്രമണത്തിൽ ഉപയോഗിച്ച മിസൈലുകൾ കോൺഗ്രസ് കാലത്ത് നിർമ്മിച്ചവയാണ്.”
ചൗധരി ശക്തമായി തന്റെ വാക്കുകളിലൂടെ പ്രതിരോധിച്ചു.
ഭാരതീയരുടെ കഷ്ടപ്പാടുകളിൽ ശ്രദ്ധ ചെലുത്താൻ മോദിക്കും കൂട്ടർക്കും താല്പര്യമില്ലെന്നും, ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ ഈ സർക്കാറിന്റെ നിയുക്ത എം.പി.മാർ മോദിസ്തുതിയിൽ മാത്രം മുഴുകി നടക്കുകയാണെന്നും ചൗധരി കുറ്റപ്പെടുത്തി.
ചൗധരിയുടെ പ്രസംഗത്തെ വൻ കയ്യടിയോടെയാണ് പ്രതിപക്ഷം എതിരേറ്റത്. പശ്ചിമ ബംഗാളിലെ ബെർഹാംപൂരിൽ നിന്നുള്ള ലോൿസഭാംഗമാണ് അദ്ദേഹം.