വായന സമയം: < 1 minute
ഗുവാഹത്തി:

 

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ പതിനാലുകാരി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ പുറത്തു വിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും പെണ്‍കുട്ടിയുടെ പേരുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും ആരോപണം.

കഴിഞ്ഞ വര്‍ഷം അസം സര്‍ക്കാര്‍ പുറത്തു വിട്ട കരട് പട്ടികയില്‍ നൂര്‍ നഹാമിന്റെ പേരില്ലായിരുന്നു. പിന്നീടു പുറത്തു വന്ന പട്ടികയിലും പേര് ഇടം നേടിയില്ല. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തു വിട്ടത്. ഇതിലും നൂറിന്റെ പേര് ഉള്‍പ്പെട്ടില്ല. ഈ പട്ടികയിലും പേര് ഉള്‍പ്പെടാതിരുന്നതില്‍ അതീവ ദുഃഖിതയായിരുന്നു നൂര്‍ എന്നും ബന്ധുക്കള്‍ പറയുന്നു.

പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ കൂടി ഉള്‍പ്പെടുത്തുന്നതിനായി പുതിയൊരു പട്ടിക കൂടി ജൂലായ് 31-ന് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് അന്തിമ പട്ടികയാണെന്നായിരുന്നു നൂറും വീട്ടുകാരും ധരിച്ചിരുന്നത്. പട്ടികയില്‍ പേര് ഉള്‍പ്പെടാന്‍ ഇനിയും അവസരമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ കുട്ടി ഇത്തരമൊരു കടുംകൈ ചെയ്യില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തതല്ല പെണ്‍കുട്ടിയുടെ മരണത്തിനു കാരണമെന്ന് ജരാങ് ജില്ലാ പോലീസ് സൂപ്രണ്ട് അമൃത് ഭുയാന്‍ പറഞ്ഞു. ആത്മഹത്യ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത കുടിയേറ്റത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്ന സംസ്ഥാനമാണ് അസം. അതിനാല്‍ തന്നെ പൗരത്വ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉയരുന്നതും അസമില്‍ നിന്നാണ്. പൗരത്വ നിയമത്തില്‍ വരുത്തുന്ന ഭേദഗതി അസമില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്.

2005 മെയ് മാസമാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. ഇതില്‍ രണ്ടു കോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചത്. 38 ലക്ഷം പേരുടെ രേഖകള്‍ സംശയകരമായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍.ആര്‍.സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍.ആര്‍.സി സെന്ററുകള്‍ ആരംഭിച്ചിരുന്നു.

Advertisement

Leave a Reply

avatar
  Subscribe  
Notify of