Sun. Dec 22nd, 2024

കേരളത്തിൽ ഇപ്പോൾ മഴക്കാലമാണെങ്കിലും നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട് കുടിവെള്ളം പോലും ഇല്ലാതെ വറ്റി വരണ്ടിരിക്കുകയാണ്. ചെന്നൈയിലും സമീപജില്ലകളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ചെന്നൈ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ചെമ്പരമ്പാക്കം ഡാം വറ്റി വരണ്ടു. അടുത്ത വർഷത്തിനുള്ളിൽ ഇന്ത്യയിലെ 21 നഗരങ്ങളിൽ ശുദ്ധജല ദൗർലഭ്യം ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. 2030 ആകുമ്പോളെക്കും ഇന്ത്യയിലെ 40% പ്രദേശത്തു രൂക്ഷമായ ജലക്ഷാമമാണ് വരാനിരിക്കുന്നത്.

40 ഡിഗ്രിക്ക് മുകളിലാണ് ചെന്നൈയിലെ താപനില. മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ എണ്‍പത് ശതമാനത്തിലേറെ മഴ കുറഞ്ഞു. മൂന്നര വര്‍ഷം മുമ്പത്തെ പ്രളയത്തിന് ശേഷം പെയ്ത മഴയില്‍ ജല സംരക്ഷണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാത്തതും സ്ഥിതി ഗുരുതരമാക്കി. ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളമാണ് ഏക ആശ്രയം. സ്വകാര്യ ടാങ്കറുകള്‍ക്കായി രണ്ട് ദിവസത്തോളം കാത്തിരിക്കണം. കാര്‍ഷിക മേഖലയിലും കനത്ത പ്രതിസന്ധിക്കാണ് ജലക്ഷാമം വഴിവച്ചിരിക്കുന്നത്.

ചെന്നൈ മറീനാ ബിച്ചിലെ നിവാസികള്‍ കടല്‍വെള്ളം ശേഖരിച്ചാണ് ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കുന്നത്. കുടിവെള്ളം വന്‍തുക നല്‍കി വാങ്ങേണ്ട അവസ്ഥയിലും. ഒരു ടാങ്കര്‍ വെള്ളത്തിന് ഇപ്പോള്‍ 3000 മുതല്‍ 5000 രൂപരെയാണ് വില.

രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ചെന്നൈ ഐ.ടി കമ്പനികള്‍. എന്നാല്‍ ഫ്‌ലാറ്റില്‍ വെള്ളമില്ലാത്തതിനാല്‍ ഇത് സാധ്യമല്ലെന്ന് ടെക്കി കുടുംബങ്ങള്‍ പറയുന്നു. ബെംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.

ലോക ജനസംഖ്യയുടെ 18 ശതമാനത്തിനും (1.1 ബില്യന്‍) ഇപ്പോള്‍ തന്നെ സുരക്ഷിതമായ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ ഈയടുത്ത് പുറത്തുവിട്ട കണക്ക്. അടിസ്ഥാന ശുചീകരണാവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളം ലഭിക്കാത്ത 2.6 ബില്യന്‍ ജനങ്ങള്‍ ഇന്ന് ഭൂമുഖത്തുണ്ട്. സോമാലിയയും എത്യോപ്യയും പോലുള്ള രാജ്യങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2025 ആകുമ്പോഴേക്കും ലോകത്തിലെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ഏറെ ജല സമൃദ്ധിയുള്ള രാജ്യമായി കണക്കാക്കപ്പടുന്ന ഇന്ത്യയില്‍ ശരാശരി മഴ വര്‍ഷിക്കുന്നത് 60 ദിവസമാണെങ്കില്‍ 40-150 ദിവസങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ ലഭിക്കുന്ന മഴയുടെ കണക്ക്. എങ്കിൽ പോലും മഴയൊന്നു നിന്നാൽ കേരളത്തിൽ ചൂട് കൂടുകയാണ്. ജലസ്രോതസ്സുകൾ ദിവസങ്ങൾക്കുള്ളിൽ വറ്റി വരളുന്നു. പിന്നെ എങ്ങും കുടിവെള്ള ക്ഷാമത്തിന്റെയും, വരൾച്ചയുടെയും വാർത്തകളാണ്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനു ശേഷം ജലാശയങ്ങളിലെ ജലനിരപ്പ് അഭൂതപൂർവ്വമായി കുറഞ്ഞിരിക്കുന്നതും മറ്റൊരു പ്രതിഭാസമാണ്.

44 നദികളൊഴുകുന്ന ശരാശരി ഒരു വര്‍ഷം 3000 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിക്കുന്ന കേരളത്തിന് എന്തുകൊണ്ടീ ഗതി വന്നു..? ദീര്‍ഘവീക്ഷണമില്ലാത്ത വികസനതന്ത്രങ്ങള്‍ കേരളത്തിന്റെ ഉപരിതല ഭൂപ്രകൃതിയെ മാറ്റി മറിച്ചു. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചരിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായ ഇത്തരം മാറ്റങ്ങള്‍ ജലസുരക്ഷയെ തകര്‍ത്തു. കുളങ്ങളും വയലേലകളും തോടുകളും നദികളും സംരക്ഷിക്കാതിരുന്നതും വനങ്ങള്‍ ഇല്ലാതായതും മലകള്‍ ഇടിച്ചു നിരത്തിയതുമാണ് മറ്റു പ്രധാന കാരണങ്ങള്‍. മണ്ണ്-ജലം-ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒട്ടേറെ നിയമവ്യവസ്ഥകളുണ്ട്. നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുണ്ട്, പ്രത്യേക സ്‌കീമുകളുണ്ട്, ഫണ്ടുകളുമുണ്ട്. പക്ഷേ തെറ്റായ മനോഭാവം, നിയമങ്ങള്‍ നടപ്പാക്കുന്നതിനെ പിന്നോട്ടു വലിക്കുകയാണ്.

കുടിനീരിനു വേണ്ടി ഈ യുഗത്തില്‍ യുദ്ധം വരെ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇതുവരെ അങ്ങനെ യുദ്ധം ഉണ്ടായില്ലെങ്കിലും രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും നദികൾ പങ്കിടുന്നതിനെ ചൊല്ലി നിരവധി തർക്കങ്ങൾ നിലനിൽക്കുന്നു. കർണാടകയും, തമിഴ്‌നാടും തമ്മിൽ വർഷങ്ങളായി കലാപ സാഹചര്യങ്ങൾ ഉടലെടുക്കുന്ന ‘കാവേരി നദീജല പ്രശനം’ അതിനൊരു ഉദാഹരണം മാത്രം.

വായു കഴിഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് ജലം. ഭൂമിയില്‍ ഉപരിതലത്തിന്റെ 71 ശതമാനവും ജലമാണ്.അതില്‍ 97.5 ശതമാനവും ഉപ്പുവെള്ളവും. (1.78 ശതമാനം വീതം മഞ്ഞപ്പാളികളായും ഭൂഗര്‍ഭജലമായും സ്ഥിതി ചെയ്യുന്നു.) അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്.

എന്നാല്‍ ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമത്തെക്കുറിച്ച് ശാസ്ത്രലോകത്തിന്റെയും, പരിസ്ഥിതി വാദികളുടെയും മുന്നറിയിപ്പുകൾ തൃണവൽക്കരിച്ചുകൊണ്ടു മുന്നോട്ടു പോകുകയാണ് ഭൂരിഭാഗം പേരും. ഇതെല്ലാം ഒരു ബുദ്ധിജീവി ജാഡയാണെന്ന് മനസ്സില്‍ പറഞ്ഞ് ഊറി ചിരിക്കുന്നവരാണ് മിക്കവരും.

ആഗോളവൽക്കരണം നേടിക്കൊടുത്ത വ്യാപാര വ്യവസായ സാധ്യതകളുടെ ഫലമായി ശുദ്ധജലം മലിനവൽക്കരിക്കപ്പെട്ടു പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് നമ്മൾ ഈ വിഷയത്തിൽ ഇനിയും ഉദാസീനരായി ഇരുന്നാൽ വലിയൊരു ദുരന്തമായിരിക്കും നേരിടേണ്ടി വരിക. അപ്പോൾ നമുക്ക് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും?

നമുക്ക് ആദ്യമായി വേണ്ടത് ജലസാക്ഷരതയാണ്. അതായതു ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ചും, പ്രാധാന്യത്തെ കുറിച്ചും വ്യക്തമായ അവബോധം. ജലസാക്ഷരതയില്‍ ഊന്നിയുള്ള പ്രതിരോധമാണ് ഇന്നിന്റെ ആവശ്യം. ജനപങ്ങളിത്തതോടെയും ദീര്‍ഘ വീക്ഷണത്തോടെയും തയ്യാറാക്കുന്ന പദ്ധതികളിലൂടെ മാത്രമേ പരിഹാരം സാധ്യമാവുകയുള്ളു. അതിന് ഭരണകൂടങ്ങള്‍ കൂടി മുന്നിട്ടിറങ്ങണം. ജലസുരക്ഷക്കായി നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് ചുവടെ പ്രതിപാദിക്കുന്നു;

മഴവെള്ള സംഭരണം :

ഏറ്റവും നല്ലജലസംരക്ഷണ മാര്‍ഗ്ഗങ്ങളിലൊന്നാണ് മഴവെള്ള സംഭരണം. പുരമുകളിലും, കെട്ടിടങ്ങള്‍ക്കു മുകളിലും വീഴുന്ന വെള്ളം പൈപ്പുകളിലൂടെ ശേഖരിച്ച് ശുദ്ധീകരിച്ച് സംഭരണികളിലേക്ക് നിറയ്ക്കാം. ഇതിനായി വിവിധ മോഡലുകളിലുള്ള മഴവെള്ള സംഭരണികള്‍ ഇപ്പോള്‍ നിലവിലുണ്ട്. നിരവധി ഏജന്‍സികള്‍ ഇങ്ങനെ മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചു കൊടുക്കുന്നുണ്ട്. കിണര്‍ റീചാര്‍ജ്ജിങ്ങിനും മഴവെള്ളം ഉപയോഗിക്കാം. പുരമുകളില്‍ നിന്നുള്ള വെള്ളം പൈപ്പുകളിലൂടെ ജലശുദ്ധീകരണ ടാങ്കിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശുദ്ധീകരിച്ച വെള്ളം പൈപ്പുപയോഗിച്ച് കിണറിലേക്ക് നല്‍കുന്ന രീതിയാണിത്. ശുദ്ധീകരിക്കാതെ മലിന ജലം കിണറിലേക്ക് ഒഴുകാന്‍ അനുവദിക്കരുത്. കിണറിന്റെ പരിസര പ്രദേശങ്ങളായ പൂരിത മേഖലകളെ പരിപോഷിപ്പിക്കാന്‍ മഴവെള്ളമുപയോഗിച്ചാല്‍ കിണറില്‍ നിത്യവും ജലലഭ്യതയുണ്ടാകും. കിണറില്‍ നിന്നും മൂന്നര മീറ്റര്‍ അകലത്തില്‍ ഒരു മീറ്റര്‍ വിസ്തീര്‍ണത്തിലും, ഒന്നര മീറ്റര്‍ ആഴത്തിലും കുഴികളെടുത്ത് അടി ഭാഗത്ത് കരി, മണല്‍, കല്ല് എന്നിവ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം നിറക്കണം. പെയ്യുന്ന മഴവെള്ളം ഈ കുഴികളിലൂടെ ശുദ്ധീകരിച്ച് കിണറിനു ചുറ്റും ജലം സംഭരിച്ചു വെക്കാന്‍ കഴിയും. മണ്ണ് റീചാര്‍ജ്ജിങ്ങിന് മഴക്കുഴി നിര്‍മ്മാണമാണ് ഉത്തമമായിട്ടുള്ളത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ഇപ്പോള്‍ കൃഷിയിടങ്ങളില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

മണ്ണിന്റെ റീചാര്‍ജ്ജിങ്ങ് :

മണ്ണില്‍ ജലാംശം നിലനിര്‍ത്താന്‍ മഴക്കുഴി നിര്‍മ്മാണം കൂടാതെ മണ്‍ കയ്യാലകള്‍, കല്ല് കയ്യാലകള്‍, എന്നിവയുടെ നിര്‍മ്മാണവും ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം, തലക്കുള സംരക്ഷണം, പുഴ, തോട് സംരക്ഷണം, കുളം നിര്‍മ്മിക്കല്‍ തുടങ്ങിയവ സഹായിക്കും. മണ്ണൊലിപ്പ് തടയുന്നതിനും, മണ്ണിന്റെ ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും, കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും മണ്ണില്‍ മഴവെള്ളം റീചാര്‍ജ്ജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇക്കാര്യങ്ങളെല്ലാം കാര്യക്ഷമമായി നടപ്പായാല്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വര്‍ദ്ധിക്കും. ഭൂഗര്‍ഭജല സ്രോതസ്സ് താഴ്ന്നുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ വലിയൊരു ഭീഷണി തന്നെയാണ്. ജനകീയ പങ്കാളിത്തത്തോടെ ഹരിത കേരള മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നാടിന്റെ പലഭാഗത്തും ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചെങ്കിലും, മഴക്കു മുമ്പേ അവ നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. തലക്കുളങ്ങളുടെ സംരക്ഷണത്തിന് കര്‍ഷകരാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ വര്‍ഷവും തലക്കുളങ്ങള്‍ വൃത്തിയാക്കുകയും, ജലാശയങ്ങള്‍ നിലനില്‍ക്കുന്നതിനാവശ്യമായ സംവിധാനമൊരുക്കുന്നതിന് കഴിഞ്ഞാല്‍ നെല്‍കൃഷി വയലുകളില്‍ ഫലപ്രദമായി നടത്താന്‍ പറ്റും. വയലുകളില്‍ നെല്‍കൃഷി ഉണ്ടായാല്‍ അത് ഒരു ജലസംഭരണ മാര്‍ഗ്ഗം തന്നെയാണ്. പരിസരത്തെ കിണറുകളില്‍ ഭൂഗര്‍ഭജലം താഴാതിരിക്കാന്‍ നെല്‍കൃഷി സഹായിക്കും.

ഇതോടൊപ്പം ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയമാണ് നദീജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍. നദികളുടെ ഉത്ഭവ സ്ഥാനം, നദീതീര സംരക്ഷണം, മണല്‍ തിട്ടകളുടെ സംരക്ഷണം, മണല്‍ വാരല്‍ നിയന്ത്രണം, നീരൊഴുക്ക് വര്‍ദ്ധിപ്പിക്കല്‍, ഉപരിതല ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിപ്പിക്കല്‍, മാലിന്യ നിക്ഷേപം തടയല്‍, വ്യവസായ മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നത് ഒഴിവാക്കല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

ജലസംരക്ഷണവും, ജലസാക്ഷരതയും ചെറുപ്പകാലം മുതല്‍ ശിലമാക്കേണ്ട ഒന്നാണ്. വിദ്യാഭ്യാസ പദ്ധതിയില്‍ ജലസാക്ഷരതയും ഉള്‍പ്പെടുത്തണം. സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ ഏജന്‍സികള്‍ എന്നിവയുടെ സംയോജിതമായ പ്രവര്‍ത്തനം ഇക്കാര്യത്തില്‍ ആവശ്യമാണ്.

150 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള വീടുകൾക്ക് മഴവെള്ള സംഭരണി നിർബന്ധമാക്കി സർക്കാർ ഉത്തരവ് നിലവിലുണ്ട്. എന്നാൽ ഇതു ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. വീടിന്റെ വിസ്തൃതി 150 ചതുരശ്രമീറ്ററിൽ കൂടുതലായാൽ പഞ്ചായത്ത്/നഗരസഭ നമ്പറിട്ടു നൽകണമെങ്കിൽ മഴവെള്ള സംഭരണി സ്ഥാപിക്കണമെന്നാണ് ചട്ടം. ഇതിനായി തട്ടിക്കൂട്ടുസംവിധാനമൊരുക്കി വീടിനു നമ്പറിടീക്കും. അതിനുശേഷം മഴവെള്ളസംഭരണത്തെക്കുറിച്ച് മറക്കുന്നതാണ് പൊതുവേ കാണുന്നരീതി. ചില സ്ഥലങ്ങളിൽ വീടുനിർമിക്കാൻ കരാറെടുത്തവർ ടാങ്കും മറ്റും താത്കാലികമായി സ്ഥാപിക്കുകയും നമ്പർ അനുവദിച്ചു കഴിഞ്ഞാൽ എടുത്തുകൊണ്ടു പോകുന്ന കാഴ്ചയാണ്.

പ്രതിവർഷം 77900 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്‌ നമ്മുടെ പുഴകളിലൂടെ ഒഴുകുന്നത്‌. ഇതിൽ 42,700 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ .അതായത്‌ ഒഴുകുന്നതിന്റെ 60% പാഴായിപ്പോകുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും അതിനെത്തുടര്‍ന്ന് മണിക്കൂറുകളോളവും ദിവസങ്ങളോളവും റോഡിലൂടെ വെള്ളമൊഴുകുന്നതും കേരളത്തിലെ നിത്യകാഴ്ചയാണ്.

ഒരര്‍ത്ഥത്തില്‍ പൊതുജലാശയങ്ങളുടെ പവിത്രതയും പ്രാധാന്യവും തിരിച്ചറിയാത്ത ലോകത്തിലെ അപൂര്‍വ്വം ജനതയായിരിക്കും മലയാളികള്‍. ലോക പ്രശസ്ത നഗരങ്ങളുടെ ചുറ്റും വന്‍ നദികള്‍ ഒഴുകുന്നുണ്ട്. ജന ലക്ഷങ്ങള്‍ താമസിക്കുകയും വലിയ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും അത്തരം നദികള്‍ മനിലമാകാതെ ശാന്തമായി ഒഴുകുന്നു. നദീ സംരക്ഷണം പൗരബോധത്തിന്റെ നിദര്‍ശനമായാണ് പാശ്ചാത്യര്‍ കാണുന്നത്. കേരളീയര്‍ ഇന്ത്യക്കാര്‍ പൊതുവെയും ഈ വിഷയത്തില്‍ വളരെ പിറകിലാണ്. ആത്മീയ പരിവേഷമുണ്ടായിട്ടും ഗംഗക്കും, യമുനക്കും കോടിക്കണക്കിന് ടണ്‍ മാലിന്യം പേറേണ്ടിവരുന്നത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്‌നം കൊണ്ടു കൂടിയാണ്.

കുളങ്ങളും തോടുകളും നികത്തി റോഡ് വെട്ടുക, കൃഷി ചെയ്യുന്ന വയല്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിയുക, കൃഷിക്കെന്ന് പറഞ്ഞ് പാടം വാങ്ങി അവിടെ ഇഷ്ടികക്കളം നിര്‍മിക്കുക. ഇതെല്ലാം കേരളത്തിലെ പൊതുകാഴ്ചയാണ്.

എന്റെ വീട്ടിലെ കിണറ്റിൽ ഇഷ്ടംപോലെ വെള്ളമുണ്ട്. അല്ലെങ്കിൽ പൈപ്പു വെള്ളമാണെങ്കിൽ ബില്ലടയ്ക്കാൻ എന്റെ കൈയിൽ വേണ്ടത്ര പണമുണ്ട്. പിന്നെ ഞാനെന്തിന് പിശുക്കുകാട്ടണം. ഇതാണ് ജലവിനിയോഗത്തിന്റെ കാര്യത്തിൽ മലയാളികളുടെ പൊതു കാഴ്ചപ്പാട്. എന്നാൽ ഓരോവർഷവും നമ്മുടെ ജലസമ്പത്ത് ശോഷിച്ചുവരുന്നെന്ന കാര്യം നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു.അതിനാൽ ഒരു വീണ്ടു വിചാരത്തിനു തയ്യാറായിട്ടില്ലെങ്കില്‍ പര്യവസാനം മഹാദുരന്തമായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *