അമരാവതി:
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനമൊട്ടുക്കു ഗ്രാമ വളന്റിയര്‍മാരെ നിയമിക്കാനുള്ള വിജ്ഞാപനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 50 വീടുകള്‍ക്ക് ഒരു വളന്റിയര്‍ എന്ന കണക്കിലായിരിക്കും നിയമനം. ഇവര്‍ക്ക് 5000 രൂപ പ്രതിമാസവേതനം നല്‍കും. പ്രായപരിധി 18 മുതല്‍ 35 വയസ്സുവരെ. നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അഥവാ ഇന്റര്‍മീഡിയറ്റ് ആണ്. ഗോത്രപ്രദേശങ്ങളില്‍ പത്താംതരം മതി. കൂടുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഗ്രാമ വളന്റിയര്‍മാരുടെ ജോലി വളരെ സുഗമവും സുതാര്യവുമായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നതായി ഓരോ വീട്ടിലും പോയി ഉറപ്പുവരുത്തുക, എന്തെങ്കിലും അഴിമതി കണ്ടാല്‍ ഉടനെ മേലധികാരികളെ അറിയിക്കുക ഇത്രമാത്രം. നിയമനത്തിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങി.