ന്യൂഡൽഹി:
ന്യൂനപക്ഷങ്ങളുടെ സ്ഥിതിയില്‍ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയുള്ള യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. മതാടിസ്ഥാനത്തിലുള്ള ദേശീയസ്വത്വത്തിനായി 2017 ല്‍ ഇന്ത്യയിലെ ഹിന്ദുസംഘങ്ങള്‍ മുസ്ലീം ന്യൂനപക്ഷത്തിനും ദളിത് വിഭാഗങ്ങള്‍ക്കുമെതിരെ അക്രമവും ഭീഷണിയും പീഡനവും നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പുറത്തുവിട്ട അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതികരണമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ നടത്തിയത്. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങള്‍ ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പൗരന്മാരുടെ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു വിദേശ സ്ഥാപനമോ സര്‍ക്കാരോ വിധി പ്രസ്താവിക്കുന്നതില്‍ ഒരടിസ്ഥാനവുമില്ലെന്നും രവീഷ്‌കുമാര്‍ പറഞ്ഞു.
ജനാധിപത്യം, ബഹുസ്വര സമൂഹം എന്നീ നിലകളില്‍ ഇന്ത്യ അഭിമാനിക്കുന്നെന്നും സഹിഷ്ണുതയ്ക്കും ഉള്‍ക്കൊള്ളതിലും ഇവിടത്തെ സമൂഹത്തിന് ദീര്‍ഘകാല പ്രതിബദ്ധത ഉണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ജൂണ്‍ 25 മുതല്‍ മൈക്ക് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങാനിരിക്കവെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഹിന്ദുക്കള്‍ പവിത്രമെന്ന് കരുതുന്ന പശുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് അവകാശപ്പെടുന്ന ഹിന്ദു ഗ്രൂപ്പുകള്‍ മുസ്ലീങ്ങളെയും ദലിതരെയും ആക്രമിച്ചതായാണ് യു.എസ്. മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014 ല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തനം നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സാമുദായിക അതിക്രമങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിച്ചിട്ടും മോദി ഭരണകൂടം പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും അമേരിക്കയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.