Thu. May 9th, 2024
ന്യൂഡൽഹി:

മസ്തിഷ്‌കജ്വരം ബാധിച്ച്, ബീഹാറില്‍ കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കൂടുതല്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിക്കുന്നത്.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ഹര്‍ജിക്കാരുടെ വാദം. കടുത്ത ദാരിദ്ര്യ ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം മസ്തിഷ്‌കജ്വരം ബാധിച്ച് ഏറ്റവുമധികം കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന റെസിഡന്റ് ഡോക്ടറെ ഇന്നലെ സസ്പെന്റ് ചെയ്തു. ജോലിയില്‍ വീഴ്ച്ച വരുത്തിയെന്ന് കാട്ടി മുതിര്‍ന്ന ഡോക്ടറായ ഭീംസെന്‍ കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. ഇന്നലെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി.

Leave a Reply

Your email address will not be published. Required fields are marked *