Wed. Jan 22nd, 2025
ന്യൂഡൽഹി:

 

ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന കരാറില്‍ നിന്നാണ് ഇന്ത്യ പിന്‍മാറിയത്. 50 കോടി ഡോളറിന്റെ കരാറായിരുന്നു ഇത്. ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒ. ബദല്‍ മിസൈല്‍ നിര്‍മ്മിക്കും. രണ്ടു വര്‍ഷത്തിനകം പുതിയ മിസൈല്‍ നിര്‍മ്മിക്കുമെന്ന് ഡി.ആര്‍.ഡി.ഒ. അറിയിച്ചതോടെയാണ് ഇസ്രായേല്‍ കരാര്‍ ഇന്ത്യ ഒഴിവാക്കിയത്.

കരാറില്‍ പിന്‍മാറുന്ന കാര്യം ഇസ്രായേലിനെ അറിയിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേല്‍ കൈമാറാമെന്ന് പറയുന്ന സ്പൈക്ക് മിസൈലിന് സമാനമായ മിസൈല്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് ഡി.ആര്‍.ഡി.ഒ. അറിയിച്ചിരുന്നു. വി.ഇ.എം. ടെക്നോളജീസ് ലിമിറ്റഡുമായി സഹകരിച്ച കുറഞ്ഞ വിലയ്ക്ക് മിസൈല്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് ഡി.ആര്‍.ഡി.ഒ. അറിയിച്ചത്.

2014 ഒക്ടോബറിലാണ് ഇസ്രായേലില്‍ നിന്ന് 321 സ്പൈക്ക് ലോഞ്ചറുകലും 8356 മിസൈലുകളും വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡി.ആര്‍.ഡി.ഒ. താല്പര്യം അറിയിച്ചതിനെ തുടര്‍ന്ന് 2017 ല്‍ ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കി. എന്നാല്‍ 2018 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ദില്ലിയിലെത്തിയ വേളയിലാണ് കരാര്‍ വീണ്ടും പുതുക്കിയത്.

ഇപ്പോള്‍ ഡി.ആര്‍.ഡി.ഒ. വീണ്ടും താല്പര്യം അറിയിക്കുകയായിരുന്നു. 2021 ആകുമ്പോഴേഴേക്കും പുതിയ ടാങ്ക് വേധ മിസൈലുകള്‍ നിര്‍മ്മിക്കുമെന്നാണ് ഡി.ആര്‍.ഡി.ഒ. നല്‍കിയിരിക്കുന്ന വാഗ്ദാനം.അതിനിടെ, ഇന്ത്യ ഇസ്രായേലില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വീര്യം കൂടി 100 സ്പൈസ് ബോംബുകളാണ് വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ്. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമ സേന ഉപയോഗിച്ചത് സ്പൈസ് ബോംബുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *