Wed. Jan 22nd, 2025
മ്യാൻ‌മർ:

 

കാർട്ടൂണിന്റെ പേരിൽ പിന്നെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. പശ്ചാത്തലം കവിതയാണെന്ന് മാത്രം. അതും ഇരുന്നൂറു വർഷം മുൻപ് എഴുതിയ കവിത. അനശ്വര പ്രണയത്തതിനെക്കുറിച്ച് മേ ഖാവേ എന്ന കവി എഴുതിയ പ്രെസെന്റ് ഓഫ് എ ചെറൂട്ട് എന്ന കവിതയാണ് ഇപ്പോൾ പുതിയ സംവാദത്തിന് മ്യാന്മറിൽ തിരികൊളുത്തിയിരിക്കുന്നത്.

കാമുകനെ കാണാതെ വിരഹ ദുഃഖത്തിലിരിക്കുന്ന കാമുകി സുഗന്ധപൂരിതമായ ഇലകളെ തന്റെ മെത്തയ്ക്കിടയിൽ വെച്ചും പല്ലു കൊണ്ട് ഞെരിച്ചും ചുരുട്ടുകൾ ഉണ്ടാക്കി കാമുകനു സമർപ്പിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. പ്രണയവും വിരഹവും വിഷയമായ ഈ കവിത എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലാണ് ഉൾപ്പെടുത്തിയത്.

കൗമാര പ്രായത്തിലേക്കു കടക്കുന്ന കുട്ടികൾ ഈ കവിത പാടി നടക്കുന്നത് കണ്ടപ്പോളാണ് സർക്കാരിന് ഗൗരവം മനസ്സിലാവുന്നത്. പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം.

പുകവലിക്കാർ ധാരാളമുള്ള നാടാണ് മ്യാൻമർ. പുകവലിമൂലം ഉണ്ടാവുന്ന രോഗങ്ങളാൽ മരണപ്പെടുന്നവരും നിരവധിയാണ്. ഓരോ വർഷവും 65000 ത്തിൽ അധികം പേർ പുകവലി കാരണം മരണപ്പെടുന്നു.
ഇതുകൂടി കണക്കിലെടുത്താണ് സർക്കാർ പിൻവലിക്കാനുള്ള ഉത്തരവിട്ടത്. എന്നാൽ സാഹിത്യകാരന്മാരുടെയും സാഹിത്യ സ്നേഹികളുടെയും നിരന്തര പ്രക്ഷോഭത്തിനു മുന്നിൽ സർക്കാരിനു പിന്മാറേണ്ടി വന്നു. എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്ത കവിത പത്തിലെ ടെക്സ്റ്റിലേക്കു മാറ്റി. പത്തിലെ കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കൂടുതൽ പക്വതയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അങ്ങനെ വിവാദങ്ങൾക്ക് തല്ക്കാലം വിരാമമായി.

Leave a Reply

Your email address will not be published. Required fields are marked *