സതാംപ്ടൺ:
ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് 224 റൺസ് നേടി. ഇന്ത്യയെ വിറപ്പിച്ച അഫ്ഗാന്റെ പോരാട്ടം 49.5 ഓവറിൽ 213 റൺസിൽ അവസാനിച്ചു. ആവേശത്തോടെ പന്തെറിഞ്ഞ ബോളർമാരാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ലോകകപ്പിൽ ഇന്ത്യയുടെ അമ്പതാം ജയമാണിത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
അവസാന ഓവറിലെ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ വിജയശില്പി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ, ചഹാൽ, പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. 52 റൺസെടുത്ത മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ ജയത്തിനരികെ എത്തിച്ചെങ്കിലും അവസാന ഓവറിൽ വീഴുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ എട്ടിന് 224 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി(63 പന്തിൽ 67) കേദാര്‍ ജാദവും(68 പന്തിൽ 52) മാത്രമാണ് പിടിച്ചുനിന്നത്. അഫ്ഗാൻ സ്പിന്നർമാരാണ് ഇന്ത്യയെ വരിഞ്ഞുമുറുക്കിയത്. 34 ഓവർ എറിഞ്ഞ അഫ്ഗാൻ സ്പിന്നർമാർ വെറും 129 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
കരുതലോടെയാണ് അഫ്ഗാനിസ്ഥാൻ മറുപടി ബാറ്റിംഗ് തുടങ്ങിയത്. എന്നാൽ ഏഴാം ഓവറിൽ ഹസ്രത്തുള്ള സസായിയെ(10) പുറത്താക്കി മുഹമ്മദ് ഷമിയാണ് ആദ്യ വിക്കറ്റ് നേടി. പിന്നീട് വിക്കറ്റ് പോകാതെ അഫ്ഗാൻ ഇന്നിംഗ്സ് കെട്ടിപടുക്കാൻ തുടങ്ങി. ഒരുഘട്ടത്തിൽ രണ്ടിന് 106 എന്ന ശക്തമായി നിലയിലായിരുന്നു അഫ്ഗാൻ. എന്നാൽ 29 ഓവറിൽ എറിഞ്ഞ ജസ്പ്രീത് ബുംറ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വക നൽകി. ആ ഓവറിൽ റഹ്മത് ഷാ(36), ഹഷ്മത്തുള്ള ഷഹിദി(21) എന്നിവരെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ എത്തിയ അഷ്ഗർ അഫ്ഗാനെ പുറത്താക്കി യുസ്വേന്ദ്ര ചാഹൽ വീണ്ടും പ്രതീക്ഷ നൽകി. 19 പന്തിൽ എട്ടു റൺസുമായിരുന്നു സമ്പാദ്യം. ക്രീസിൽ മുഹമ്മദ് നബി എത്തിയതോടെ കളി മാറിമറിഞ്ഞു. വിക്കറ്റ് വീഴ്ത്തി ജയിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ തച്ചുതടച്ച് നബി തകർത്തടിച്ചതോടെ ഇന്ത്യ പരാജയം മണത്തു.
ഒടുവിൽ നബിയെ ലോംഗ് ഓണിൽ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. 55 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത നബി മികച്ച പോരാട്ടം നടത്തിയാണ് കളംവിട്ടത്. ഇന്ത്യക്ക് വേണ്ടി ഷമി ഹാട്രിക് അടക്കം നാലു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.