മുംബൈ:
നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. വിശാഖപട്ടണത്തില്‍ വന്‍ അഗ്‌നിബാധ. ഒരാള്‍ പൊള്ളലേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ സി.എസ്.ടി.എം. റെയില്‍വേ സ്റ്റേഷനു സമീപം മസ്ഗാവ് ഡോക്കില്‍ നിര്‍മ്മാണത്തിലുള്ള കപ്പലാണ് ഐ.എന്‍.എസ്. വിശാഖപട്ടണം.
കരാര്‍ ജീവനക്കാരനായ ബജേന്ദ്ര കുമാര്‍ ആണ് മരിച്ചത്. ആശുപത്രിയിലേക്ക് അപ്പോള്‍ തന്നെ എത്തിച്ചെങ്കിലും അതിനു മുമ്പുതന്നെ കുമാര്‍ മരിച്ചിരുന്നു. പൊള്ളലേറ്റും ശ്വാസം മുട്ടിയുമായിരുന്നു മരണം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്.
കപ്പലിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തോടു ചേര്‍ന്നാണ് തീപിടുത്തമുണ്ടാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമനസേനയെത്തി രാത്രി 9.45ഓടെയാണ് തീ പൂര്‍ണമായും കെടുത്തിയത്. കപ്പലിന്റെ 12704 യാര്‍ഡിലെ കപ്പലിന്റെ സെക്കന്റ് ഡെക്കിലാണ് തീപിടിച്ചത്. എന്നാല്‍ രണ്ടും മൂന്നും ഡെക്കുകളിലേക്ക് തീപടരുന്നത് വൈകിട്ട് ഏഴോടെ തടയാന്‍ സാധിച്ചു. തീയണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തി. ‘ചെറിയ’ തീപിടിത്തമാണ് ഉണ്ടായതെന്നു മസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്സ് (എം.ഡി.എസ്.എല്‍) വക്താവ് പറഞ്ഞു