Mon. Dec 23rd, 2024
തിരുവനന്തപുരം:

സിവില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ചും, വിങ്ങിപൊട്ടിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയും, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാജു നാരായണസ്വാമി. രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടലിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങുന്നത്. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വർഷം കൂടി സർവീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സർക്കാർ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ നാരായണ സ്വാമി ഇതിനെക്കുറിച്ച് സർക്കാർ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പറഞ്ഞു. സംസാരിക്കുന്നതിനിടെ പലപ്പോഴും വികാരഭരിതനായാണ് രാജു നാരായണസ്വാമി സംസാരിച്ചത്.

നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നാരായണസ്വാമിയെ മാർച്ചിൽ നീക്കിയിരുന്നു. ഇതിനെതിരെയുള്ള പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ പരിഗണനയിലാണ്. കേസ് നിലവിലുള്ളത് മൂലമാണ് കേന്ദ്ര സർവ്വീസിൽ ചേരാത്തതെന്ന് പറഞ്ഞ നാരായണ സ്വാമി ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു.

28 വര്‍ഷമായി അഴിമതിക്കെതിരേ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണ് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നും വികാരാധീനനായി രാജു നാരായണസ്വാമി പറഞ്ഞു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇത്. വന്‍ അഴിമതിയാണ് അവിടെ നടക്കുന്നത്. മൂന്ന് അഴിമതികള്‍ കണ്ടെത്തിയിരുന്നു. നാളികേര വികസന ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇനിയും താന്‍ അവിടെ മടങ്ങിയെത്തിയാല്‍ മുന്‍ ചെയര്‍മാന്‍ അടക്കമുളളവര്‍ കുടുങ്ങും. താന്‍ മടങ്ങിയെത്താതിരിക്കാനുള്ള നല്ലമാര്‍ഗം പിരിച്ചുവിടുകയെന്നതാണ്. മാര്‍ച്ചിലാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നത്.

അഴിമതിയുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഹേമചന്ദ്രയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കത്തു നൽകി. സാധ്യമല്ലെന്ന മറുപടിയാണ് അദ്ദേഹത്തിനു കൊടുത്തത്. ഇതിനു പിന്നലെയാണ് സിഡിബി ചെയർമാൻ സ്ഥാനത്തുനിന്നു രാജു നാരായണ സ്വാമിയെ ചെയ്തത്.ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടുവര്‍ഷം തികയുന്നതിന് മുമ്പ് തസ്തികയില്‍നിന്ന് നീക്കം ചെയ്യരുതെന്നാണ് കേന്ദ്രനിയമം.

‘‘ഞാനെന്റെ ശമ്പളം കൊണ്ട് ജീവിക്കുന്നയാളാണ്. പത്തുപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ശമ്പളമില്ലെങ്കിൽ എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല. ആ വിഷമം എനിക്കുണ്ട്. നിർബന്ധിത വിരമിക്കൽ തന്നാൽ പെൻഷൻ പോലും കിട്ടണമെന്നില്ല. ഞാൻ റോഡിലേയ്ക്കിറങ്ങും. ഇവിടുത്തെ ജനങ്ങളുടെ ഒപ്പം നിൽക്കും. അഭിഭാഷകനായി എൻറോൾ ചെയ്യും. അഴിമതിക്കെതിരെ പോരാടും. പക്ഷെ ചെയ്യുന്നത് ക്രൂരതയാണ്. അഴിമതിക്കെതിരെ നിൽക്കുന്നവരുടെ വയറ്റത്തടിക്കുന്നത് ശരിയല്ല’ ..കരഞ്ഞു കൊണ്ടാണ് രാജു നാരായണ സ്വാമി ഇത്രയും പറഞ്ഞത്.

ആരും കൊതിക്കുന്ന അക്കാദമിക് നേട്ടങ്ങളുടെ ഉടമയാണ് രാജു നാരായണസ്വാമി. എസ്എസ്എല്‍സി, പ്രീഡിഗ്രി, ഐ.ഐ.ടി, തുടങ്ങി സിവിൽ സർവീസ് പരീക്ഷയിലും ഒന്നാം റാങ്കുകാരനായി സമർത്ഥനായ ഐഎഎസുകാരനായി ഉദ്യോഗ തലത്തിലും നല്ല ട്രാക്ക് റെക്കോർഡുള്ള രാജു നാരായണ സ്വാമി അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടികൾ എടുത്തതാണ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാകാൻ കാരണം. നാലു മാസമായി ശമ്പളമില്ലാതെ അദ്ദേഹം കഷ്ടപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *