ന്യൂഡൽഹി:
അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിന് പുറത്തേക്ക് യാത്രക്കാരെ വിട്ടതുമില്ല. ലഗേജുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പലരുടെയും കൈയില്‍ മതിയായ പണവുമില്ലായിരുന്നു.
ഇവര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന വിശദീകരണമാണ് വിമാനത്താവളം അധികൃതര്‍ നല്‍കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വി. മുരളീധരന്‍ വിദേശകാര്യമന്ത്രാലയം വഴി നാളത്തെ വിമാനത്തില്‍ ഇവര്‍ക്ക് യാത്ര ഏര്‍പ്പാടാക്കുകയായിരുന്നു.
ഇന്ത്യക്കാര്‍ കുടുങ്ങിയ വിവരം ലഭിച്ച ഉടന്‍ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി ബന്ധപ്പെട്ടുവെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ലഗേജുകള്‍ തിരിച്ചു ലഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു വരികയാണെന്നും മുരളീധരന്‍ അറിയിച്ചു.