ജാംനഗർ:
ബി.ജെ.പി യുടെ കണ്ണിലെ കരടായ പുറത്താക്കപ്പെട്ട ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് എതിരെയുള്ള ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു. 30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസ് കുത്തിപൊക്കിയെടുത്തു അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുത്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതിയാണ് ഈ കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുള്ളത്. 1990-ൽ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു 302-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ.
1990 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂർ പട്ടണത്തിൽ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നൂറിലേറെ പേരിൽ ഒരാളായ പ്രഭുദാസ് മാധവ്ജി വൈഷ്ണാനി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവെന്നാണ് കേസ്. അന്ന് ജാംനഗർ ജില്ലാ അസി. പോലീസ് സൂപ്രണ്ടായിരുന്നു സഞ്ജീവ് ഭട്ട്.
1996-ലാണ് സഞ്ജീവ് ഭട്ടിനെ കേസിൽ പ്രതി ചേർക്കുന്നത്. കേസിൽ സഞ്ജീവ് ഭട്ടിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ 11 സാക്ഷികളെക്കൂടി പുതുതായി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നൽകിയ അപേക്ഷ കഴിഞ്ഞാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.
ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയെ നിശിതമായി വിമർശിച്ചു ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ജോലിയിൽ നിന്ന് അനധികൃതമായി വിട്ടുനിന്നുവെന്ന കുറ്റം ആരോപിച്ച് 2015 ഓഗസ്റ്റിൽ ഭട്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.