മെൽബൺ:
ദയാവധം നടപ്പിലാക്കുന്ന നിയമം, ഓസ്ട്രേലിയയിലെ വിക്ടോറിയ എന്ന സംസ്ഥാനത്ത് നിലവിൽ വന്നു. മരണം ഉറപ്പായ രോഗികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം മരണം നടപ്പാക്കുന്ന നിയമമാണ് ഇത്. 2017 ൽ വിക്ടോറിയ ഇതുസംബന്ധിച്ച നിയമം ആദ്യമായി കൊണ്ടുവരുന്നത്. പക്ഷേ, ഈ നിയമം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. വര്‍ഷംതോറും 150 പേരെങ്കിലും ദയാവധം ആവശ്യപ്പെടുമെന്നാണ് അധികൃതര്‍ കരുതുന്നത്.
മാരകമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ രോഗികള്‍ക്ക് ദയാവധം ആവശ്യപ്പെടാൻ കഴിയും. ഗുരുതരമായ നാഡീസംബന്ധമായ അസുഖങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, മസ്തിഷ്കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികള്‍ക്ക് ദയാവധം ഉപയോഗിക്കാം. വിദഗ്ദ്ധ സമിതിയുടെ അനുമതിയോടെ മാത്രമേ ദയാവധം നടപ്പാക്കാനാകൂവെന്നും നിയമത്തില്‍ പറയുന്നു.
ദയാവധം നടപ്പാക്കുന്നതുവരെയുള്ള ഓരോ ഘട്ടവും വിദഗ്ദ്ധ സമിതിയുടെ പരിശോധനയുണ്ടാകും. ഈ വര്‍ഷം 12 രോഗികള്‍ ഇതിനോടകം ദയാവധത്തിനായി അപേക്ഷിച്ചിട്ടുണ്ട്.