Tue. Sep 17th, 2024
തിരുവനന്തപുരം:

 

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാരശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്കിലാണ് തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ ദയനീയചിത്രം വെളിപ്പെടുന്നത്. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേര്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് തൊഴിലില്ലാത്തവരുടെ തോത് നിശ്ചയിച്ചത്. 6.1 ശതമാനമാണ് ദേശീയ ശരാശരി.

ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കേരളത്തെക്കാള്‍ മുന്നിലുള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ്. അതേ സമയം സര്‍ക്കാര്‍ വിശദീകരണം കേരളം പിന്നിലാകാന്‍ കാരണം ഉയര്‍ന്ന ജനസാന്ദ്രത, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ കുറവ്, കൃഷിയിടങ്ങളുടെ കുറവ് ഇവയൊക്കെയാണെന്നാണ്.

അതേ സമയം കണക്കിലുള്ളവരെല്ലാം തൊഴില്‍രഹിതരല്ല എന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
35.63 ലക്ഷം പേര്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍ പേര് നല്‍കിയിട്ടുണ്ട്. ഇവരിലെല്ലാവരും തൊഴില്‍രഹിതരാണെന്ന് അര്‍ത്ഥമില്ല. വിദേശത്തും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നവരാണ് പലരും. അത് പരിഗണിക്കാതെയാണ് തൊഴിലിലായ്മ നിരക്ക് കണക്കാക്കുന്നത്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അധികാരത്തില്‍ വന്നശേഷം ഒരുലക്ഷം പേര്‍ക്ക് പി.എസ്.സി. വഴി നിയമനം നല്‍കി. 20,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു,” മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *