ഹോങ്കോംഗ്:
ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കുന്നതിനുള്ള ബിൽ പൂർണ്ണമായി ഉപേക്ഷിക്കണമെന്നും ഭരണാധികാരി ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹോങ്കോംഗിലെ മൂന്നിലൊന്നു ജനങ്ങളും രംഗത്തിറങ്ങിയതോടെ രാജ്യം പൂർണ്ണമായും സ്തംഭിച്ചു. വിക്ടോറിയ പാർക്കിൽനിന്നു രണ്ടു മൈൽ അകലെയുള്ള ഭരണ സിരാകേന്ദ്രമായ അഡ്മിറാലിറ്റി ഡിസ്ട്രിക്ടിലേക്കുള്ള പ്രകടനത്തിൽ ഇരുപതു ലക്ഷം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഇതേ ആവശ്യത്തിന് നടന്ന പ്രകടനത്തിൽ പത്തു ലക്ഷം പേരാണ് പങ്കെടുത്തത്.
ഹോങ്കോംഗ് ഭരണാധികാരി കാരി ലാം ചൈനീസ് അനുകൂലിയാണ്. അദ്ദേഹം ബെയ്‌ജിങിന്റെ കളിപ്പാവയാണെന്നണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. എന്നാൽ കാരി ലാം ശനിയാഴ്ച അപ്രതീക്ഷിതമായി നിലപാടു മാറ്റി, ബിൽ തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൂർണമായി ഉപേക്ഷിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജനാധിപത്യവാദികളുടെ നിലപാട്. പ്രതിഷേധം കെട്ടടങ്ങുമ്പോൾ ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തേക്കാമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അക്രമാസക്തമായ പ്രക്ഷോഭത്തിൽ നൂറോളം പേർക്കു പരുക്കേറ്റിരുന്നു. വിവാദ ബില്ലിനെതിരെ കുറ്റൻ ബാനറുമായി പസഫിക് പ്ലേസ് മാളിനു മുകളിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയിരുന്നയാൾ ശനിയാഴ്ച രാത്രി താഴെ വീണു മരിച്ചു. ഇയാൾക്ക് ആദരാഞ്ജലി അർപ്പിച്ചാണു പ്രക്ഷോഭറാലി മുന്നോട്ടു നീങ്ങിയത്. ഇന്നു നഗരത്തിലെങ്ങും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ 1997-ലാണ് ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയത്. എന്നാൽ, ബ്രിട്ടനും ചൈനയുമായി ഒപ്പുവെച്ച കരാർ 2047 വരെ ഹോങ്കോംഗിന് സ്വന്തം സാമൂഹിക, നിയമ, രാഷ്ട്രീയ സംവിധാനമനുസരിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുന്നുണ്ട്