Sat. Apr 20th, 2024
കൊല്‍ക്കത്ത :

മമതാ ബാനര്‍ജിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു.

ഡോക്ടർമാരുടെ 24 പ്രതിനിധികളുമായാണ് മുഖ്യമന്ത്രി മമതാ ബാനർജി തിങ്കളാഴ്ച ചർച്ച നടത്തിയത്. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം തടയാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് ഉറപ്പിന്മേലാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ഒരു സീനിയർ പൊലീസ് ഓഫിസർക്ക് ഒരോ ആശുപത്രിയുടെയും ചുമതല നൽകുമെന്നും ആശുപത്രിയിലേക്ക് വരുന്ന രോഗികളെയും കൂടെവരുന്നവരെയും നിരീക്ഷിക്കാൻ ഇവരെ ചുമതലപ്പെടുത്തുമെന്നും മമത ഉറപ്പു നൽകി.

കൃത്യമായ ഉപാധികൾ മുന്നോട്ടു വച്ചാണ് ഡോക്ടർമാർ ഇന്ന് ചർച്ചയ്ക്ക് എത്തിയത്. ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കൃത്യമായ സുരക്ഷാ സന്നാഹങ്ങളോടെ മാത്രമേ ചർച്ചയ്ക്ക് വരൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അടച്ചിട്ട മുറിയിലുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഡോക്ടർമാർ നിലപാടെടുത്തു. ജൂനിയർ ഡോക്ടർ ചികിത്സയിലുള്ള എൻആർഎസ് മെഡിക്കൽ കോളേജിൽ മമതാ ബാനർജി സന്ദർശനം നടത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

ആദ്യം ചർച്ചയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ മമതാ ബാനർജി പിന്നീട് നിലപാട് മാറ്റി. ഇതോടെ ചർച്ചയ്ക്ക് എത്തില്ലെന്ന് ഡോക്ടർമാരും നിലപാടെടുത്തു. ഒടുവിൽ വഴങ്ങിയ മമതാ ബാനർജി ഒരു പ്രാദേശിക മാധ്യമത്തെ ചർ‍ച്ച പൂർണമായും ചിത്രീകരിക്കാൻ അനുവാദം നൽകി.

എല്ലാ സർക്കാർ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കാമെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു. ആശുപത്രികളിൽ, വിശേഷിച്ച് എമർജൻസി വാർഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂ‍ട്ടും. എമർജൻസി വാർഡുകളുടെ കവാടത്തിൽ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കും.

പശ്ചിമബംഗാളിൽ സമരത്തിലുള്ള ഡോക്ടർമാർക്ക് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ഒപി പണിമുടക്കാണ് നടന്നത്. സർക്കാർ ആശുപത്രികളിൽ രണ്ട് മണിക്കൂറും, സ്വകാര്യ ആശുപത്രികളിൽ പൂർണ ഒപി ബഹിഷ്കരണവും നടന്നു.

ജൂൺ 12-ാം തീയതി കൊൽക്കത്തയിലെ എൻ.ആർ.എസ് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് പരിബാഹ മുഖോപാധ്യായ എന്ന ജൂനിയർ ഡോക്ടർക്ക് ബന്ധുക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കടിയേറ്റ് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ പരിബാഹ അതേ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആദ്യമൊന്നും മമതാബാനർജി ഡോക്ടർമാരുടെ സമരത്തിനോട് അനുകൂല മനോഭാവം കാട്ടിയില്ലെന്ന് മാത്രമല്ല, രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. സമരത്തിന് പിന്നിൽ ബിജെപിയും കേന്ദ്രസർക്കാരുമാണെന്നും ന്യൂനപക്ഷത്തിനെതിരെ ഡോക്ടർമാരെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും മമത ആരോപിച്ചു.

ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനത്തിലായി. ചികിത്സ കിട്ടാതെ പതിനായിരക്കണക്കിന് രോഗികൾ വലഞ്ഞു. 24 നോർത്ത് പർഗാനാസ് ജില്ലയിൽ നവജാത ശിശു ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ മരിച്ചു. തുടർന്ന് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിയിൽ ആയപ്പോൾ ആണ് മമത ചർച്ചക്ക് തയ്യാറായതും പ്രശ്ന പരിഹാരം ഉണ്ടായതും.

Leave a Reply

Your email address will not be published. Required fields are marked *