Fri. Nov 22nd, 2024
മാഞ്ചസ്റ്റർ :

മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോഡിൽ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 89 റണ്‍സിന്റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. പക്ഷെ മഴ രണ്ടു തവണ മത്സരം തടസ്സപ്പെടുത്തിയതിനാൽ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാൽ എന്നാല്‍ പാക്കിസ്ഥാന് 40 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം നേടിയാണ് ടീം ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഇന്നത്തെ കളിയിലെ താരമായ രോഹിത് ശർമയുടെ അതുല്യ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ സവിശേഷത. 113 പന്തുകൾ നേരിട്ട രോഹിത് നേടിയത് 140 റൺസ് ആയിരുന്നു ഇന്ത്യൻ ഇന്നിഗ്‌സിന്റെ അടിത്തറ. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.

ഓപ്പണർ ലോകേഷ് രാഹുൽ (78 പന്തിൽ 57), ക്യാപ്റ്റൻ വിരാട് കോലി (65 പന്തിൽ 77) എന്നിവരുടെ അർധസെഞ്ചുറികളും ഇന്ത്യക്കു കൂറ്റൻ സ്കോർ നേടുന്നതിന് സഹായകരമായി. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിർ 10 ഓവറിൽ 47 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹസൻ അലി, വഹാബ് റിയാസ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. 337 റണ്‍സെന്ന ഉയർന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത പാക്കിസ്ഥാന് ഓപ്പണർ ഇമാം ഉൾ ഹഖിനെ (18 പന്തിൽ ഏഴ്) തുടക്കത്തിലേ നഷ്ടമായി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതിനെ തുടർന്ന് ഓവർ മുഴുമിപ്പിക്കാനെത്തിയ വിജയ് ശങ്കറാണ് ഇമാമിനെ പുറത്താക്കിയത്. ലോകകപ്പ് അരങ്ങേറ്റം കുറിച്ച വിജയ് ശങ്കറിന് ആദ്യ പന്തിൽത്തന്നെ വിക്കറ്റ് ലഭിച്ചു. രണ്ടാം വിക്കറ്റിൽ നിലയുറപ്പിച്ച ഫഖർ സമാൻ – ബാബർ അസം സഖ്യം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ സെഞ്ച്വറി കൂട്ടുകെട്ട് (104 റണ്‍സ്) പടുത്തുയർത്തി. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്സ്.

ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്.

ഇതോടെ ലോകകപ്പിൽ പാക്കിസ്ഥാനുമായി ഏറ്റുമുട്ടിയ ഏഴു കളികളിലും ഇന്ത്യക്കു വിജയിക്കാനായി. ഇന്ത്യ–പാക്കിസ്ഥാൻ ലോകകപ്പ് മൽസരങ്ങളിലെ ഉയർന്ന വ്യക്തിഗത സ്കോറാണ് ഇന്ന് രോഹിത് ശർമ്മ നേടിയ 140 റൺസ്. ഇതിനിടെ കോഹ്ലി ഏകദിനത്തിൽ 11,000 റണ്‍സും പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ലു താണ്ടുന്ന താരമെന്ന റെക്കോർഡോടെയാണ് കോഹ്ലിയുടെ നേട്ടം. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *