വായന സമയം: < 1 minute

കോട്ടയം :

കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു. കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. കോട്ടയം സി.എസ്. ഐ റിട്രീറ്റ് സെന്ററിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠ്യേനയായിരുന്നു ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്.

437 അംഗ സംസ്ഥാന സമിതിയിൽ 325 പേരും പങ്കെടുത്തെന്ന് ജോസ് കെ മാണി പക്ഷം അറിയിച്ചു. സംസ്ഥാന സമിതി തീരുമാനത്തിൽ കെ.എം.മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.

സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എം.എല്‍.എ മാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ഇതോടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നീണ്ട നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക. പി.ജെ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, സി.എഫ് തോമസ്, സി തോമസ് എന്നീ എം.എല്‍.എ മാരും പി.ജെ ജോസഫിനൊപ്പം നില്‍ക്കുകയാണ് മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എ മാര്‍ ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ പങ്കെടുത്തു. നാല് ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്‍റുമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്.

കെ.എം.മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി.ജെ.ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ.മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പി.ജെ.ജോസഫ്.

Leave a Reply

avatar
  Subscribe  
Notify of