Wed. Jan 22nd, 2025
#ദിനസരികള്‍ 790

കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍‌ത്തോമ്മസഭയാണെന്നു ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ വേര്‍തിരിവുകളുടേയും കൊള്ളരുതായ്മകളുടേയും തനിയാവര്‍‌ത്തനങ്ങള്‍ ഇക്കാലത്തും അക്കൂട്ടര്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ സ്വാഭാവികമായും അത്തരമൊരു നിഗമനത്തിലല്ലേ നാം എത്തിച്ചേരുക? തോമാശ്ലീഹ നേരിട്ട് വന്ന് ബ്രാഹ്മണരെ മതം മാറ്റിയാണ് ഈ സഭയുണ്ടാക്കിയതെന്നും തങ്ങളെല്ലാം അതുകൊണ്ടു തന്നെ ബ്രാഹ്മണരുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഇപ്പോഴും അഭിമാനിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും ഇത്തരത്തിലുള്ള ചിന്തകളുണ്ടായില്ലെങ്കില്‍ മാത്രമേ നാം അത്ഭുതപ്പെടേണ്ടതുള്ളു.

അതുകൊണ്ടുതന്നെ മുക്കാല്‍ നൂറ്റാണ്ടിനുമുമ്പ് കീഴ്ജാതിയില്‍ നിന്നും മതം മാറി മാര്‍‌ത്തോമ്മാ സഭ എന്ന സവര്‍ണക്കൂട്ടത്തിലേക്ക് എത്തിച്ചേര്‍ന്ന കുന്നത്തൂര്‍ തുരുത്തിക്കരയിലെ കാളിശേരില്‍ മേലേതില്‍ അന്നമ്മയുടെ ശരീരം സവര്‍ണരായ തങ്ങളുടെ സെമിത്തേരിയില്‍ അടക്കാന്‍ ബ്രാഹ്മണമാര്‍‌ത്തോമക്കാര്‍ അനുവദിക്കാതിരുന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. എന്നാല്‍ ജാതി ചിന്ത വകവെച്ചു കൊടുക്കാത്ത ബൈബിളിന്റെ  വെളിച്ചത്തില്‍ മതം മാറ്റുകയും തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്തതിനു ശേഷം ദളിതര്‍ക്കുവേണ്ടി വേറെ പള്ളിയും വേറെ സെമിത്തേരിയുമൊക്കെ സ്ഥാപിച്ചു മാറ്റി നിറുത്തുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ്.

ബൈബിള്‍ കത്തിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പൊയ്കയില്‍ യോഹന്നാന്‍ എന്ന ദളിതനായ സുവിശേഷകന്‍ ഇത്തരം നെറികെട്ട ചിന്തകള്‍‌ക്കെതിരെ ആഞ്ഞടിച്ചത്
.

ബൈബിള്‍ കത്തിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ പൊയ്കയില്‍ യോഹന്നാന്‍ എന്ന ദളിതനായ സുവിശേഷകന്‍ ഇത്തരം നെറികെട്ട ചിന്തകള്‍‌ക്കെതിരെ ആഞ്ഞടിച്ചത്. ജാതിയുടെ കെടുതികളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയും രക്ഷപ്പെടുത്തുമെന്ന ഉറപ്പിലുമാണ് ആയിരക്കണക്കായ ദളിതുകള്‍ കൃസ്ത്യന്‍ മിഷണറിമാരുടെ വാക്കുകള്‍ വിശ്വസിച്ച് മതം മാറിയെത്തിയത്. എന്നാല്‍ മതംമാറ്റം അവര്‍ അനുഭവിച്ചിരുന്ന ദുര്‍ഗതികളില്‍ നിന്നും അവരെ രക്ഷപ്പെടുത്തിയില്ല. അവര്‍ പുലയ ക്രിസ്ത്യാനിയും അവശ കൃസ്ത്യാനിയുമൊക്കെയായി രണ്ടാംകിടക്കാരായി തുടരേണ്ട ഗതികേടിലായി.

കേരള നവോത്ഥാനത്തിന്റെ ഒന്നാം വോള്യത്തില്‍ പി. ഗോവിന്ദപ്പിള്ള എഴുതുന്നത് നോക്കുക – “ഹിന്ദുമതത്തിലെ തീണ്ടലും തൊടീലുമില്ലാതെ ദൈവംതമ്പുരാന്റെ പിതൃത്വത്തിലും മാനവരാശിയുടെ സാഹോദര്യത്തിലും വിശ്വസിക്കുന്നതായി അവകാശപ്പെട്ടിരുന്ന ക്രിസ്തുമതത്തിലും സവര്‍ണാവര്‍ണ വിവേചനം നിലനില്ക്കുന്നതായി അനുഭവപ്പെട്ട യോഹന്നാന്‍ ഖിന്നചിത്തനായിത്തീര്‍ന്നു. ദൈനംദിന വ്യവഹാരങ്ങളിലും സംഭാഷണങ്ങളിലും മാത്രമല്ല തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന‍ ഉപദേശിച്ച ക്രിസ്തുവിന്റെ ആലയങ്ങളായ പള്ളികളില്‍‌പ്പോലും വിവേചനം അനുഭവപ്പെട്ടു. പുലയന്‍ മത്തായി എന്നും പറയന്‍ യോഹന്നാന്‍ എന്നും വിളിക്കുന്നതിന് പുറമേ ദളിത ക്രിസ്ത്യാനികള്‍ക്ക് സവര്‍ണ പള്ളികളില്‍ പ്രവേശനം നിഷേധിക്കുകയും ദളിതര്‍ക്ക് പള്ളികള്‍ പ്രത്യേകം സ്ഥാപിക്കപ്പെടുകയും ചെയ്തു.”

എന്നുമാത്രവുമല്ല സവര്‍ണ്ണ മാര്‍‌ത്തോമക്കാരുടെ സെമിത്തേരിയില്‍ അടക്കം ചെയ്ത ഒരു “ദളിതു” ക്രൈസ്തവ സ്ത്രീയുടെ ശവം മാന്തിയെടുത്ത് പുറത്തുകൊണ്ടുപോയി സംസ്കരിച്ചത് യോഹന്നാനെ വലിയ തോതില്‍ മുറിപ്പെടുത്തിയ സംഭവമായിരുന്നു. എന്നു മാത്രവുമല്ല ജാതിയില്ലെന്ന് പറയുമെങ്കിലും പാരമ്പര്യ ക്രിസ്ത്യാനികളുടെ വീടുകളിലോ അവരുടെ ചടങ്ങുകളിലോ പങ്കെടുക്കാന്‍ ദളിതു ക്രിസ്ത്യാനികളെ അനുവദിച്ചിരുന്നില്ല. ഫലത്തില്‍ മതം മാറിയാലും ജാതിയില്‍ നിന്നും അതിന്റെ കെടുതികളില്‍ നിന്നും മാര്‍‌ത്തോമസഭയില്‍ നിന്നാല്‍ വിടുതലുണ്ടാകുകയില്ലന്ന് ബോധ്യമായതോടെ യോഹന്നാനും അദ്ദേഹത്തിന്റെ ആയിരക്കണക്കായ അനുയായികളും ബ്രദറന്‍ സഭയിലേക്ക് മാറി.

അവിടേയും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. മാര്‍‌ത്തോമസഭയുടെ അതേ വഴികളിലൂടെത്തന്നെയാണ് ബ്രദറന്‍ സഭയും നടന്നിരുന്നത്. ഈ സഭ വിടുന്നതിന് തൊട്ടുമുമ്പേയാണ് അദ്ദേഹം ബൈബിളിന് തീകൊളുത്തിയത്. ആ തീകൊളുത്തല്‍ ബൈബിളിനോടോ അതു പഠിപ്പിക്കുന്ന ആശയങ്ങളോടോ ഉള്ള പ്രതിഷേധമായിരുന്നില്ല മറിച്ച് ബൈബിളിന്റെ ഉള്‍‌ക്കാഴ്ച തിരിച്ചറിയാത്ത സവര്‍ണ്ണ മതമേലധ്യക്ഷന്മാരുടെ നിലപാടുകള്‍ക്ക് എതിരെയായിരുന്നു.  

ഇന്നും അതേ അവസ്ഥാ വിശേഷം തന്നെ നിലനില്ക്കുന്നുവെന്നത് നവോത്ഥാനമെന്നു കേട്ടാല്‍ പുളകിതരാകുന്ന കേരള സമൂഹത്തിന്റെ തലകുനിക്കാന്‍ പോന്നതാണ്.

ദളിതു ക്രൈസ്തവര്‍‌ക്കുവേണ്ടി യെരുശലേം ദേവാലയവും സവര്‍ണ്ണർക്ക് വേണ്ടി ഇമ്മാനുവേല്‍ ദേവാലയവും തുരുത്തിക്കരയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് നമ്മെ ഞെട്ടിക്കുക തന്നെ വേണം. അതുപോലെ തന്നെ ഒരു മതത്തില്‍ പെട്ടവര്‍ക്ക്, ഒരേ ആചാരാനുഷ്ഠാനങ്ങളെ പിന്തുടരുന്നവര്‍ക്ക് രണ്ടു സെമിത്തേരിയും നിലവിലുണ്ട്.

ഇത് ജാതിവിവേചനമാണ്.

ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും അന്തസ്സത്ത ഉള്‍‍‌ക്കൊള്ളുന്ന ഒരു ജനവിഭാഗത്തിനും ഈ വേര്‍തിരിവ് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. അന്നമ്മയുടെ മൃതദേഹം അടക്കാനാകാതെ ഏകദേശം രണ്ടാഴ്ചക്കാലം ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടന്നു. ദളിതു സെമിത്തേരി എത്രയും പെട്ടെന്ന് ‘ശരിയാക്കിയെടുത്ത്’ അന്നമ്മയുടേതുള്‍‌പ്പെടെ അവിടെ കുഴിച്ചിട്ട മൂന്നു ദളിതു  മൃതദേഹങ്ങളേയും സവര്‍ണരുടെ സെമിത്തേരിയില്‍ നിന്നും മാറ്റിക്കൊള്ളാമെന്ന് സമ്മതിച്ചതിനു ശേഷമാണത്രേ അന്നമ്മയുടെ ശരീരം അടക്കാന്‍ ചെയ്യാന്‍ ബ്രാഹ്മണ മാര്‍‌ത്തോമക്കാര്‍ സമ്മതിച്ചത്! അതും എമ്മെല്ലേയുടേയും ജില്ലാ കളക്ടറുടേയും സാന്നിധ്യത്തിലാണ് തീര്‍ത്തും ഭരണഘടന വിരുദ്ധമായ ഇത്തരമൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടായത് എന്നു കൂടി നാം മനസ്സിലാക്കണം.

എത്ര നികൃഷ്ടവും നീചവുമായാണ് മാര്‍‌ത്തോമ്മാ സമുദായം ചിന്തിക്കുന്നത്? യേശുദേവന്റെ നേര്‍ശിഷ്യനായ വിശുദ്ധ തോമസിന്റെ നേതൃത്വത്തില്‍ മതം സ്വീകരിച്ചു  എന്ന് ഞെളിഞ്ഞു പുളയുന്ന ഇത്തരം കൂട്ടങ്ങള്‍ യേശുവിനെക്കൂടി അപമാനിക്കുകയാണ്. ഇന്നും ബ്രാഹ്മണരുടെ മഹത്തായ പാരമ്പര്യത്തെ രഹസ്യമായും പരസ്യമായും കൊട്ടിഘോഷിക്കുന്ന ഇക്കൂട്ടര്‍ മനസ്സിലാക്കിയ ക്രൈസ്തവത എന്താണ്? ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ ഇടപെടലുകളും തിരുത്തലുകളും ഉടനടിയുണ്ടാകേണ്ടതുണ്ട്.

മനുഷ്യനെ ജാതീയമായി വിഭജിക്കുന്ന തരത്തിലുള്ള വിശ്വാസപ്രമാണങ്ങളെ വകവെച്ചു കൊടുത്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍‌ ഈ വിഷയത്തില്‍ നോക്കുകുത്തികളാകരുത്. മനുഷ്യരെ എല്ലാ വിധ സങ്കുചിത താല്പര്യങ്ങള്‍ക്കുമപ്പുറം തുല്യരായി കാണുന്ന ഭരണഘടനയുടേയും നവോത്ഥാനമൂല്യങ്ങളുടേയും  കാവല്‍ക്കാരായി സര്‍ക്കാര്‍ മാറുക തന്നെ വേണം. പത്തു വോട്ടല്ല പ്രധാനമെന്ന നട്ടെല്ലുള്ള നിലപാട് സമൂഹത്തില്‍ വേരുപിടിക്കേണ്ടത് ഇങ്ങനെയൊക്കെയുള്ള ഇടപെടലുകളിലൂടെത്തന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *