Fri. Apr 19th, 2024
#ദിനസരികള്‍ 791

അരുന്ധതി റോയിയുമായുള്ള എട്ടു അഭിമുഖങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശ ഭക്തയല്ല എന്ന പേരില്‍ ഡി.സി. ബുക്സ് പുസ്തകമാക്കിയിരിക്കുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദങ്ങള്‍ ഈ സമാഹാരത്തില്‍ അടങ്ങിയിരിക്കുന്നുവെന്നുവെന്ന മുഖവുരയോടെയാണ് എഡിറ്ററായ ഇ. കെ പ്രേംകുമാര്‍ പുസ്തകം അവതരിപ്പിക്കുന്നത്.

നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഗാന്ധിയുടെ പേരിനെക്കാള്‍ അയ്യങ്കാളിയുടെ പേരിടുന്നതാണ് അഭികാമ്യമാവുക എന്ന് ഒരു പ്രഭാഷണത്തില്‍ അരുന്ധതി രണ്ടായിരത്തിപതിനാലില്‍ പറഞ്ഞിരുന്നുവല്ലോ. കേരള യൂണിവേഴ്സിറ്റിയിലെ അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ആ പ്രഭാഷണത്തെ മുന്‍നിറുത്തി അംബേദ്കറേയും ഗാന്ധിയേയും കുറിച്ചു ലീലാചന്ദ്രനോട് സംസാരിച്ചതാണ് “കണ്‍‌വെട്ടത്ത് മറഞ്ഞിരിക്കുന്നത്” എന്ന പേരിലുള്ള അഭിമുഖം. ഗാന്ധിയോടുള്ള സമീപനം വ്യക്തമാക്കുന്ന പ്രസ്തുത അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുനു” ഗാന്ധിയെക്കുറിച്ചുള്ള രണ്ടു കാര്യങ്ങള്‍ എന്നെ എല്ലായ്പോഴും ആഴത്തില്‍ അസ്വസ്ഥയാക്കിയിട്ടുണ്ട്. ഒന്ന് സ്ത്രീകളോടും ലൈംഗികതയോടുമുള്ള മനോഭാവം (അതേക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതാം) രണ്ട് ദലിതര്‍ക്ക് ഹരിജനങ്ങള്‍ എന്ന നാമധേയം നല്കിയത്. (ഒരു യജമാനന്റെ സംരക്ഷണ മനോഭാവമാണ് നിന്ദ്യമായ ആ വിളിയിലുള്ളത്.)

മറ്റാരും തന്നെ ഗാന്ധിയേയും അയ്യന്‍ കാളിയേയും താരതമ്യം ചെയ്തിട്ടില്ലെങ്കിലും അരുന്ധതി ഒരു സധൈര്യം അതിനു മുതിരുന്നുണ്ട്. അയ്യന്‍ കാളി കേവലമൊരു പ്രാദേശിക പ്രതിഭാസം മാത്രമല്ലേ എന്ന ചോദ്യത്തിന് വളരെ കൃത്യമായ മറുപടി അവര്‍ പറയുന്നു “1904 ല്‍ പുലയ വിദ്യാഭ്യാസത്തിനായി പോരാടിയ ആളാണ് അയ്യന്‍ കാളി. റഷ്യന്‍ വിപ്ലവത്തിന് മുമ്പ് ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം വിജയകരമായി സംഘടിപ്പിച്ചയാളും. ഗാന്ധി അക്കാലത്ത് കറുത്ത വര്‍ഗ്ഗക്കാരെക്കുറിച്ചും താഴ്ന്ന ജാതിക്കാരായ ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ചും ഏറ്റവും ഹീനമായ പ്രസ്താവനകളിറക്കി ദക്ഷിണാഫ്രിക്കയില്‍ കഴിയുകയായിരുന്നു.”

വെറുതെ ആരോപണമുന്നയിക്കുകയായിരുന്നില്ല അരുന്ധതി. ഗാന്ധി അവസാനംവരെ ജാതിയെ ന്യായീകരിച്ചു പോരികയും ഹിന്ദുമതത്തിന്റെ ശക്തി അതാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തുപോന്നിരുന്നു.
കേരളത്തിലടക്കം ജാതിവിരുദ്ധ സമരങ്ങളില്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഗാന്ധിയാകട്ടെ ജാതി അനിവാര്യതയാണെന്നാണ് ചിന്തിച്ചത്. ജാതിയുടെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്നതാണ് കൊടിയ ഹിംസ എന്ന് അരുന്ധതിക്ക് അഭിപ്രായമുണ്ട്.വായനക്കാരെന്ന നിലയില്‍ ആ അഭിപ്രായത്തോട് നമുക്കും ഐക്യപ്പെടേണ്ടിവരിക തന്നെയ ചെയ്യും. കാരണം ചരിത്രത്തിന്റേയും വസ്തുതകളുടേയും പിന്‍ബലത്തിലാണ് അരുന്ധതി തന്റെ വാദങ്ങളെ അടിവരയിട്ട് ഉറപ്പിച്ചെടുക്കുന്നത്.

ഗാന്ധിയെ നിഷേധിക്കുക എന്നതല്ല, മറിച്ച് പരിഷ്കരിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍ എന്തെങ്കിലും അദ്ദേഹത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് അരുന്ധതി നടത്തുന്നതെന്നാണ് തോന്നുന്നത്. പക്ഷേ വിട്ടുവീഴ്ചയില്ലാതെ തന്റെ ഹൈന്ദവമായ സവര്‍ണ പാരമ്പര്യങ്ങളെ പിന്‍പറ്റി ജീവീച്ചു പോയ ഗാന്ധി നിരാശപ്പെടുത്തുന്നുവെന്നതാണ് വസ്തുത. പരീക്ഷണാത്മകമായിരുന്നു ഗാന്ധിയുടെ ജീവിതമെന്നും അതുകൊണ്ടുതന്നെ ജീവിതത്തിന്റേതായ ഓരോ ഘട്ടത്തിലും കൂടുതല്‍ നവീകരിക്കപ്പെട്ട ആശയങ്ങളെ അദ്ദേഹം ഒപ്പം ചേര്‍ക്കാറുണ്ടായിരുന്നുവെന്നൊക്കെയുമുള്ള വാദങ്ങളെ ഗാന്ധിപക്ഷക്കാര്‍ ഉന്നയിക്കാറുണ്ടെങ്കിലും ആ നിലപാടിനും വേണ്ടത്ര ബലമുണ്ടെന്ന് കരുതുക വയ്യ. ഒരല്പം പരുഷമെങ്കിലും വ്യക്തമായിത്തന്നെ അരുന്ധതി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. – “സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് ഞാന്‍ ഉദ്ധരണികള്‍ ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്. അങ്ങനെയെങ്കില്‍ സംസ്കാരശൂന്യന്മാരായ കാടന്മാരെന്ന് കറുത്ത വര്‍ഗ്ഗക്കാരേയും സദാചാര ശേഷി ക്ഷയിച്ച് ജന്മനാ നുണയന്മാരെന്ന് താഴ്ന്ന ജാതിക്കാരായ ഇന്ത്യന്‍ തൊഴിലാളികളേയു വിളിക്കാന്‍ പറ്റിയ സന്ദര്‍ഭമേതാണെന്ന് പറഞ്ഞു തരിക. തോട്ടികള്‍ തലമുറ തലമുറകളായി തോട്ടികള്‍ തന്നെയായിരിക്കണമെന്ന് പറയാന്‍ പറ്റിയ സന്ദര്‍ഭമേതാണെന്നും പറഞ്ഞു തരിക.”

മഹാത്മാ എന്ന പരിവേഷത്തില്‍ തിളങ്ങി നില്ക്കുന്ന ഗാന്ധിയെ തൊടുന്ന ഒരു വിമര്‍ശനവും ഉന്നയിച്ചൂകൂടാ എന്ന നിലപാടിനേയാണ് അരുന്ധതി ചോദ്യം ചെയ്യുന്നത്. ആയതുകൊണ്ടുതന്നെ അയ്യന്‍കാളിയ്ക്ക് ഗാന്ധിയോളമോ ഒരു പക്ഷേ അല്പം മുകളിലോ സ്ഥാനം അനുവദിച്ചുകൊടുക്കുന്നത് അപരാധമാകുന്നില്ലെന്നു മാത്രമല്ല നാം വസ്തുതകളെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ ലക്ഷണം കൂടിയാണ്. ഗാന്ധി ഗുണം ചെയ്തിട്ടില്ല എന്നല്ല, എന്നാല്‍ ഗാന്ധി ഗുണത്തെക്കാളേറെ നമ്മുടെ രാജ്യത്തിന് ഏറെ ദോഷം ചെയ്തിട്ടുണ്ടെന്നുള്ള അഭിപ്രായം ആരെങ്കിലുമൊന്ന് ഉന്നയിച്ചു പോയാല്‍ നാം എന്തിനിത്ര നിഗ്രഹോത്സുകരാകുന്നു?

ഗാന്ധിയില്ലായിരുന്നുവെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേനെ, പക്ഷേ ഗാന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ദളിതര്‍ ദളിതരായി തുടരുമായിരുന്നില്ല എന്ന് ചിന്തിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *