ദുബായ്:
വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്നവര്‍ വഞ്ചിതരാവാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. നൈജീരിയയില്‍നിന്നുള്ള യാത്രാമധ്യേ ദുബായില്‍ വെള്ളിയാഴ്ച വിവിധ പരിപാടികളില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തേക്ക് പോകുന്നവരെ ചില റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും. വിദേശത്ത് വീട്ടുജോലിക്കായും മറ്റും എത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും.
ഇത്തരം വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെകൂടി പങ്കാളിത്തത്തോടെയാവും നടപ്പാക്കുന്നതെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. ആധാറില്ലാത്ത പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങള്‍ അനുഭവിക്കാന്‍ തടസ്സമുണ്ടാകില്ല. ആധാര്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുള്ള തിരിച്ചറിയല്‍രേഖ മാത്രമാണ്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനും നിയമനടപടികള്‍ ഉണ്ടാവും. ഇതിന് ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതിവരുത്തണം. അടുത്തുതന്നെ ഇതു പാര്‍ലമെന്റ് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി. മുരളീധരന്‍ പറയുകയുണ്ടായി.