Sat. Jan 11th, 2025
ന്യൂഡൽഹി:

 

പാലസ്തീനിലെ മനുഷ്യാവകാശസംഘടനയായ ശഹീദിന്, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക- സാമൂഹിക കൌൺസിലിൽ നിരീക്ഷകർ എന്ന പദവി നിരസിക്കാനായി, ഇന്ത്യ ഇസ്രായേലിന് അനുകൂലമായി ആദ്യമായി വോട്ടു ചെയ്തു.

ഐക്യരാഷ്ട്ര സഭയിൽ ജൂൺ 6 നാണു വോട്ടെടുപ്പ് നടന്നത്. യു.എസ്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ജപ്പാൻ, യു.കെ., സൌത്ത് കൊറിയ, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രായേലിന് അനുകൂലമായി വോട്ടു ചെയ്തു. ചൈന, റഷ്യ, സൌദി അറേബ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പാലസ്തീൻ സംഘടനയ്ക്കും വോട്ടു ചെയ്തു.

24 വോട്ടിനെതിരെ 14 വോട്ടു മാത്രം അനുകൂലമായി ലഭിച്ച ശഹീദ് എന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയിലെ നിരീക്ഷക പദവി നിരസിക്കപ്പെട്ടു.

ഇസ്രായേലിനേയും പാലസ്തീനേയും രണ്ട് വെവ്വേറെയുള്ള സ്വതന്ത്ര രാജ്യങ്ങളായിട്ടാണ് ഇന്ത്യ ഇതുവരെ കണക്കാക്കിയിരുന്നത്. ഇതാദ്യമായിട്ടാണ് ഇതുവരെ പാലിച്ചുപോന്ന നയങ്ങൾക്ക് വിരുദ്ധമായിട്ട് ഇന്ത്യ ഒരു നിലപാട് എടുക്കുന്നത്.

“ഭീകരസംഘടനയായ ശഹീദിന് ഐക്യരാഷ്ട്ര സഭയിൽ, നിരീക്ഷകരുടെ പദവി സ്വന്തമാക്കാനുള്ള ആവശ്യത്തെ നിരാകരിക്കുകയും, ഐക്യരാഷ്ട്ര സഭയിൽ ഇസ്രായേലിനെ പിന്തുണയ്ക്കുകയും ചെയ്ത ഇന്ത്യയ്ക്കു നന്ദി. നശീകരണത്തിനു തുനിയുന്ന ഭീകരസംഘടനകൾക്ക് എതിരായി നമുക്കൊരുമിച്ചു നിൽക്കാം,” എന്ന് ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയ, മായ കടോഷ് ട്വീറ്റു ചെയ്തു.

എന്നാൽ, ശഹീദ്, മനുഷ്യാവകാ‍ശത്തിനും, ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി നില കൊള്ളുന്ന ഒരു സംഘടന ആണെന്നു പറയുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ, അത് ഒരു ഭീകരസംഘടന ആണെന്നും, ലെബനൺ കേന്ദ്രമാക്കിയുള്ള ഹമാസ് എന്ന ഭീകരസംഘടനയുടെ ഭാഗമാണെന്നും, ഇസ്രായേലിലെ വിദേശകാര്യമന്ത്രാലയത്തിന്റെ ഒരു പ്രസ്താവനയിൽ പറയുന്നു. പാലസ്തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിനെ പല യൂറോപ്യൻ രാജ്യങ്ങളും ഭീകരസംഘടന ആയിട്ടാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *