Mon. Dec 23rd, 2024
ടൊറന്റോ :

ഫാന്‍ തി കിം ഫുക് എന്ന “നാപാം” പെണ്‍കുട്ടിയുടെ ചിത്രം മനസിനെ വേദനിപ്പിക്കാത്തവരാരുമുണ്ടാകില്ല. ദേഹമാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കൻ ഭീകരത ലോകത്തിന് മുന്നിലെത്തിച്ചു. വിഖ്യാത ഫോട്ടോഗ്രാഫറായ നിക് ഉട്ടാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളിലൊന്നായ പ്രസ്തുത ചിത്രം 1972 ജൂൺ എട്ടിന് ട്രാങ്ങ് ബാങ്ങിൽ വച്ച് അസോസിയേറ്റഡ് പ്രസിന് വേണ്ടി പകര്‍ത്തിയത്.

വിയറ്റ്നാമീസ്-കനേഡിയൻ വനിതയാണ് ഫാൻ തി കിം ഫുക്. ഏപ്രിൽ 1963 നാണ് ജനിച്ചത്. തെക്കേ വിയറ്റ്നാമിലുണ്ടായ നാപാം ബോംബാക്രമണത്തിൽ ശരീരത്തിൽ വലിയ തോതിൽ പൊള്ളലേറ്റ് പൂർണ്ണ നഗ്നയായി റോഡിലൂടെ പലായനം ചെയ്യുന്ന ഫാൻ തി കിം ഫുക്കിന്റെ ചിത്രത്തിന് പുലിറ്റസർ അവാർഡ് ലഭിച്ചിരുന്നു.

1972 ജൂണ്‍ എട്ടിന് ഒരു മതപരമായ ചടങ്ങിനു വേണ്ടി ദക്ഷിണ വിയറ്റ്‌നാമിലെ ട്രാംഗ് ബാംഗിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു കിമ്മും കുടുംബവും. ആ സമയത്താണ് അതുവഴി പറന്നുപോയ യുദ്ധവിമാനത്തിലെ പൈലറ്റ് ബോംബ് വാർഷിച്ചത്. ‘നാപാം’ എന്ന കത്തിപ്പിടിക്കുന്ന രാസവസ്തുവടങ്ങിയ ബോംബ് രണ്ടുപേരുടെ തല്‍ക്ഷണ മരണത്തിനിടയാക്കി. നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഒറ്റ നിമിഷത്തില്‍ സ്‌ഫോടന ശബ്ദവും ഒപ്പം ചുറ്റും ആളുന്ന തീനാളവും കിമ്മിനെ പൊതിഞ്ഞു. അവളുടെ കുഞ്ഞുടുപ്പിന് തീപിടിച്ചു. കൈകളും ശരീരവും പൊള്ളി തൊലിയടര്‍ന്നു. പരിഭ്രാന്തിയില്‍ ഉടുപ്പ് ഊരിയെറിഞ്ഞ് അവള്‍ ‘ചൂട്, ചൂട്, ചൂട്’ എന്നാര്‍ത്തു വിളിച്ച് റോഡിലൂടെ സഹായം തേടി ഓടി. ബോംബിംഗിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ചരിത്രം കുറിച്ച ആ ചിത്രം നിക്കിന്റെ ക്യാമറയില്‍ പതിഞ്ഞത്. പേടിച്ചരണ്ട ആ ഓട്ടത്തില്‍ ചിത്രത്തില്‍ കിമ്മിനൊപ്പം കാണുന്ന കുട്ടികള്‍ അവരുടെ സഹോദരങ്ങളാണ്.

ഒരുപറ്റം പത്രപ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് കിമ്മും സഹോദരങ്ങളും ഓടിച്ചെന്നത്. കുട്ടികള്‍ക്ക് അവര്‍ വെള്ളം കൊടുത്തു. അവളുടെ പൊള്ളലിനു മേല്‍ വെള്ളമൊഴിച്ചു. വെള്ളം കുടിച്ചയുടന്‍ ബോധം കെട്ടുവീണ കിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ശരീരത്തില്‍ പൊള്ളലിന്റെ പാടുകളുമായാണ് കിം വളര്‍ന്നത്. ഒരു ഡോക്ടറാവാനായിരുന്നു അവള്‍ക്ക് ആഗ്രഹം. പതിനാലു മാസം ആശുപത്രിയില്‍ ചെലവഴിച്ചതിനു ശേഷമാണ് കിം ആരോഗ്യം വീണ്ടെടുത്തത്. 14 ശസ്ത്രക്രിയയകള്‍ വേണ്ടിവന്നു. ആശുപത്രിയില്‍ തനിക്കു ലഭിച്ച പരിചരണമാണ് ഒരു ഡോക്ടറാവണമെന്ന ചിന്ത തന്നിലുണ്ടാക്കിയതെന്ന് അവര്‍ പറയുന്നു.

ക്യൂബയില്‍ പഠനം നടത്തുന്നതിനിടെ വിയറ്റ്‌നാമില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയായ ബുയ് ഹുയ് തോന്‍ എന്നയാളുമായി കിം പ്രണയത്തിലായി. 1992-ല്‍ ഇരുവരും വിവാഹിതരായി. ഹണിമൂണ്‍ ആഘോഷിക്കാന്‍ റഷ്യയിലേക്കു പറന്നു. റഷ്യയില്‍ നിന്നു മടങ്ങവെ വിമാനം ഇന്ധനം നിറക്കാനായി കാനഡയിലെ ഗാന്‍ഡര്‍ വിമാനത്താവളത്തിലിറക്കിയപ്പോള്‍ കിമ്മും തോനും പുറത്തിറങ്ങി. കാനഡയില്‍ രാഷ്ട്രീയ അഭയം തേടി. ടൊറന്റോക്കടുത്ത് അയാക്‌സില്‍ താമസിച്ചുവരുന്ന ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ പിറന്നു. 1996-ല്‍ ഇരുവര്‍ക്കും കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്തു.

കാനഡയിൽ സ്ഥിരതാമസമാക്കിയ കിം, വിയറ്റ്‌നാം യുദ്ധത്തിന്റെ ഇരകളെ സഹായിക്കുന്നതിനായി 1997-ല്‍ കിംഗ് ഫുക് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. യുദ്ധം ബാധിച്ചവരുടെ കുട്ടികള്‍ക്ക് മെഡിക്കല്‍, സൈക്കോളജിക്കല്‍ സഹായം നല്‍കുകയായിരുന്നു ലക്ഷ്യം. ഫൗണ്ടേഷന്‍ പിന്നെ വളര്‍ന്ന് കിം ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ആയി, അതിനു കീഴില്‍ വ്യത്യസ്തമായ നിരവധി സംഘടനകളുണ്ടായി. ജീവകാരുണ്യ, സമാധാന പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് അവര്‍ ഇന്നും. ഉഗാണ്ട, തിമൂര്‍, റൊമാനിയ, കെനിയ, ഘാന, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധത്തിന്റെ ഇരകളെ സഹായിക്കുന്ന തിരക്കിലാണവര്‍.

ഇപ്പോൾ ഫാൻ തി കിം ഫുക്കിന് 56 വയസ്സായി. അവരുടെ ഏറ്റവും പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. അന്നത്തെ യുദ്ധത്തിൽ ഏറ്റിരുന്ന ക്ഷതങ്ങങ്ങൾ ഇപ്പോളും അവരുടെ ശരീരത്തിൽ തെളിഞ്ഞു കാണാം.

കിം ഫുക്കിന്റെ ജീവിതം എന്ന പോലെ അവരെ പ്രശസ്തയാക്കിയ ചിത്രത്തിനും നാടകീയതയിലൂടെ കടന്നുപോകേണ്ടി വന്നു. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടും അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സണ്‍ നിക്ക് ഉത്തിന്റെ ഫോട്ടോഗ്രാഫിയെ സംശയത്തോടെയാണ് വീക്ഷിച്ചത്. തന്റെ ചീഫ് ഓഫ് സ്റ്റാഫ് എച്ച്.ആര്‍ ഹാല്‍ഡ്മാനുമായി 1972-ല്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പിലാണ്, ചിത്രം കൃത്രിമമായി നിര്‍മിച്ചതല്ലേയെന്ന് നിക്‌സണ്‍ സംശയം പ്രകടിപ്പിക്കുന്ന ഭാഗമുള്ളത്.

യുദ്ധത്തിന്റെ ഭാവം നിറഞ്ഞുതുളുമ്പുന്ന ചിത്രം പ്രസിദ്ധീകരിക്കാന്‍ അസോസിയേറ്റഡ് പ്രസ് ആദ്യം തയാറായില്ല. ചിത്രത്തിലെ പെണ്‍കുട്ടിയുടെ നഗ്നതയായിരുന്നു കാരണം. ഒടുവില്‍ പത്രാധിപന്മാര്‍ ചേര്‍ന്നുള്ള ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രസിദ്ധീകരണത്തിനു വിടാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *