തിരുവനന്തപുരം:
പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോൾ കൈക്കൂലി, പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാന്‍ കൈക്കൂലി, എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചും അഴിമതി, പി.ഡബ്ള്യു.ഡി ടാര്‍ ഉള്‍പ്പെടെ നിര്‍മ്മാണവസ്തുക്കള്‍ മറിച്ചുവിറ്റ് അഴിമതി, ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി, മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടിയെന്ന പേരില്‍ പണപ്പിരിവ്, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ അഴിമതി, ടെലികോം പണിക്ക് റോഡ് മുറിക്കുന്നതിന് അളവെടുപ്പില്‍ ക്രമക്കേട് എന്നിവയെല്ലാമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്ന അഴിമതികൾ.