ബംഗളൂരു:
കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചാമരാജനഗര്‍, മൈസൂരു, കൊടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ഷിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ ജില്ലാ ഭരണകുടങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരോഗ്യ വകുപ്പ്, വെറ്റിനറി വകുപ്പ്, ഐ.എം.എ, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനും കര്‍ണ്ണാടക ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എട്ട് ജില്ലകളിലും നിര്‍ബന്ധമായും രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനും എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.