Fri. Jun 14th, 2024
#ദിനസരികള്‍ 780

എ.കെ.ജിയെ ഹിന്ദു നവോത്ഥാന നായകനായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യപ്പലകകള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു നിന്നപ്പോള്‍ നാം വേണ്ടത്ര ആര്‍ജ്ജവത്തോടെ പ്രതിഷേധിച്ചുവോ? നാരായണ ഗുരുവിനെ അതിനും മുന്നേ അവര്‍ കൈയ്യേറിക്കഴിഞ്ഞിരുന്നു. പിന്നീട് കൃഷ്ണ പിള്ള വന്നു. പഴശ്ശി വന്നു. അങ്ങനെ നാടറിയുന്ന, ലോകമറിയുന്ന പല നേതാക്കന്മാരേയും ഹിന്ദുത്വ സംഘടനകള്‍ അവരുടെ ഇടങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തി.

അതിവിടെ കേരളത്തില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. ഇന്ത്യയൊട്ടാകെ, ഹിന്ദുമതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ജനിച്ചു വീണവരെയെല്ലാം ഹിന്ദു നേതാക്കന്മാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു. അതിന്റെയൊക്കെ ഫലമായി ഒരു കാലത്ത് ആറെസ്സെസ്സിനെ നിരോധിക്കാനുള്ള ഉത്തരവിട്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലും 2990 കോടി രൂപ മുടക്കി ഏകതാ പ്രതിമയാക്കി സംഘപരിവാരം ഏറ്റെടുത്തു. ചരിത്രത്തില്‍ വേരുകളില്ലാത്തവര്‍ ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ നടത്തി തങ്ങള്‍ പണ്ടേക്കു പണ്ടേ ഇവിടെ ഇടമുണ്ടായിരുന്നവരാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍‌ക്കെതിരെ വേണ്ടത്ര പ്രതിരോധം തീര്‍ക്കാതെ നാം, മതേതര സമൂഹം, കാഴ്ചക്കാരായി വെറുതെ നോക്കി നില്ക്കുന്നു. നാളെ എഴുതപ്പെടാനുള്ള ചരിത്രമാണ് ഇന്നവര്‍ സൃഷ്ടിക്കുന്നതെന്ന് നാം മറന്നുപോകുന്നു.

ഇതേ തരത്തിലും തലത്തിലുമുള്ള ഏറ്റെടുക്കലാണ് എന്‍.എന്‍. കക്കാടിന്റെ പേരിലുള്ള പുരസ്കാരത്തിന് ബ്രാഹ്മണരില്‍ നിന്നു മാത്രം കൃതികള്‍ ക്ഷണിച്ചുകൊണ്ട് യോഗക്ഷേമ സഭ നടത്തിയിട്ടുള്ളത്. എന്‍.എന്‍. കക്കാട് എന്ന കവി എക്കാലത്തും പുരോഗമന പക്ഷത്തോട് ചേര്‍ന്നു നിന്ന് ചിന്തിച്ചു പോയിരുന്ന ഒരാളായിരുന്നു. എന്നാല്‍ ബ്രാഹ്മണസമുദാ‍യത്തിൽ ജനിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ അദ്ദേഹത്തെ ബ്രാഹ്മണനാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇ.എം. എസിനേയും, വി.ടി. ഭട്ടതിരിപ്പാടിനേയും ആര്യ പള്ളത്തേയുമൊക്കെ നാം ജാതി – മത സംഘടനകള്‍ക്ക് നാം വിട്ടുകൊടുക്കേണ്ടി വരും. സാമൂഹ്യ പരിഷ്കര്‍ത്താക്കളും മതനിഷേധികളുമായി അവര്‍ യോഗക്ഷേമ സഭയുടെ ചുമരുകളില്‍ വെറും സമൂദായ നേതാക്കന്മാരായി തൂങ്ങിക്കിടന്നാടുന്ന ചിത്രം സാംസ്കാരിക കേരളത്തിന് സങ്കല്പിക്കാനാകുമോ? അത്തരത്തിലുള്ള നീക്കം തന്നെയാണ് എന്‍.എന്‍. കക്കാടിനെതിരെ ചെയ്തതും.

അദ്ദേഹത്തെ അപമാനിക്കുന്ന ഈ നടപടിക്കെതിരെ സാംസ്കാരിലോകം അതിശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്.
പാരമ്പര്യങ്ങളെ ഉരുക്കിപ്പണിതുകൊണ്ട് പുതിയ കാലത്തിന് ചേരുന്ന വിധത്തില്‍ പുതിയ ഉരുപ്പടികള്‍ തീര്‍‌ത്തെടുക്കണമെന്നായിരുന്നു കക്കാട് നിദര്‍ശിച്ചിരുന്നത്. ആ പാരമ്പര്യം പക്ഷേ ജാതീയമായ ഒന്നായിരുന്നില്ല, മറിച്ച് ആകെയുള്ള മാനവ കുലത്തിന് പൊതുവേ ദീര്‍ഘ കാലമായി ലഭിച്ചിരിക്കുന്ന ജ്ഞാന ഭാണ്ഡാരങ്ങളാണ്. ഏതെങ്കിലും ചില കക്ഷികള്‍ക്ക് അതില്‍ പ്രത്യേകമായ അവകാശമൊന്നും തന്നെയില്ല. “അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യന്‍ നേടിയിട്ടുള്ള നേട്ടങ്ങളേയും പ്രകൃതിയിലേക്ക് നേടിയ ഉള്‍‌ക്കാഴ്ചകളേയും അറിവുകളേയും ഉപേക്ഷിക്കുക” എന്ന് കക്കാട് എഴുതുമ്പോള്‍ മനുഷ്യനെ വിച്ഛിന്നമാകാത്ത ഒരൊറ്റ യൂണിറ്റായിട്ടാണ് പരിഗണിക്കുന്നത്. അതിനു കീഴില്‍ വരുന്ന എല്ലാ പാരമ്പര്യങ്ങള്‍ക്കും എല്ലാവരും പൊതുവായ അവകാശികളാണ്. ആ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജമുള്‍‌ക്കൊണ്ടുകൊണ്ട് നവീനമായ ബോധ്യങ്ങളോടെ തന്റെ സമകാലത്തോട് സംവദിച്ചുവെന്നല്ലാതെ ഏതെങ്കിലും ജാതി വര്‍ഗ്ഗങ്ങളുടെ വാലാട്ടിയായി ഒരിക്കലും കക്കാട് പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നു മാത്രവുമല്ല, വരാനിരിക്കുന്ന ഒരു തെളിഞ്ഞ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഈ കവി ആവോളം താലോലിക്കുന്നുമുണ്ട്. നോക്കുക:-

ആരുയുരികും സഖാക്കള്‍ നിങ്ങള്‍
നേരെ കുറച്ചു കിടന്നുറങ്ങൂ
നാളെ കിഴക്കു പുലരി പൊട്ടി
ക്കാളും കതിരില്‍ വിടര്‍ന്നുണരാന്‍
കാല്‍കള്‍ തളര്‍ന്നു മിഴികള്‍ മങ്ങി
കാതു കലമ്പുവോര്‍ പോര നാളെ
ഇച്ഛകള്‍ ചിന്നി കിനാക്കള്‍ വാടി
ശുഷ്കിച്ചിരിപ്പവര്‍ പോര നാളെ
ആരുയിരാകും സഖാക്കള്‍ നിങ്ങള്‍
ആകയാല്‍ തെല്ലു തളര്‍ന്നുറങ്ങു – എന്ന നിര്‍‌ദ്ദേശം നാളേക്കു വേണ്ടിയുള്ള കരുതലാണ്. അത്തരത്തിലുള്ള നാളെകളുണ്ടാകുന്നുവെങ്കില്‍ അത് എല്ലാ തുറുങ്കുകളേയും അതിവര്‍ത്തിച്ചുകൊണ്ടാണെന്ന് കക്കാടിന് നന്നായി അറിയാം.

അങ്ങനെയുള്ള കക്കാടിനെയാണ്, ഒരു ജാതിവിഭാഗം തങ്ങളുടെ ഭാഗമാക്കി മാറ്റിയെടുക്കാനുള്ള ഗൂഢമായ ശ്രമം നടത്തുന്നത്. അതിനെ അതിജീവീക്കാനുള്ള ഉള്‍ബലം കക്കാടിന് സിദ്ധമാണെങ്കിലും പൊതുസമൂഹം അടങ്ങിയിരുന്നുകൂട. ജാതിയുടെ കുടുസുകളിലേക്ക് ഒതുങ്ങി നിന്നിരുന്നിയിടങ്ങളിലേക്ക് മാനവികതയുടെ വിശാലമായ തുറസ്സുകളെ ആവാഹിച്ചെടുത്ത ഇത്തരം മനീഷികളെ ചേര്‍ത്തു സംരക്ഷിച്ചു പിടിക്കേണ്ട ബാധ്യത നമുക്കുണ്ട്. അതുകൊണ്ട് കക്കാടിന്റെ പേരില്‍ ബ്രാഹ്മണ കൂട്ടായ്മയായ യോഗക്ഷേമ സഭ നടത്തിയ നീക്കങ്ങളെ ആവോളം എതിര്‍ക്കുക.

അവസാനിപ്പിക്കുന്നിതിനു മുമ്പ് ഒരു ചോദ്യം കൂടി. കുറിയേടത്ത് താത്രി എന്ന പേരില്‍ ഒരു ബ്രാഹ്മണ യുവതിയുണ്ടായിരുന്നു കേരളത്തില്‍. സവര്‍ണ ബ്രാഹ്മണ തമ്പുരാക്കന്മാരെല്ലാവരും കൂടി വിചാരണ നടത്തി പടിയടച്ചു പിണ്ഡം വെച്ച ആ സ്ത്രീയുടെ പേരില്‍ ഈ യോഗക്ഷേമസഭ നാളെ ഒരു അവാര്‍ഡ് ഏര്‍‌പ്പെടുത്തുമോ? എങ്കില്‍, എങ്കില്‍ മാത്രം കക്കാടിനേയും ഏറ്റെടുത്തു കൊള്ളുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *