Fri. Mar 29th, 2024
#ദിനസരികള്‍ 781

ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്. അതുകൊണ്ടാണ് മതത്തിന്റെ പിന്തുണയില്ലാത്തെ രാഷ്ട്രീയം എല്ലാവര്‍ക്കും ദോഷകരമാണ് എന്ന് അദ്ദേഹം വാദിച്ചത്. അതൊരു മൂല്യബോധത്തിന്റെ പ്രശ്നം കൂടിയായിരുന്നു. മതത്തിലുണ്ടെന്ന് ഗാന്ധി കരുതിയിരുന്ന ഉദാത്തമായ മൂല്യങ്ങളുമായി സഹവര്‍ത്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം ഉന്നതമായ മാനുഷികതയോട് ചേര്‍ന്നു നില്ക്കുന്നതായിരിക്കും എന്നായിരുന്നു അദ്ദേഹം ചിന്തിച്ചു പോയത്.

ഗാന്ധി, മതത്തെ കണ്ടിരുന്നത് ധര്‍മ്മം എന്ന അര്‍ത്ഥത്തിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഗാന്ധിയുടെ മതത്തില്‍ എല്ലാതരം ജനവിഭാഗങ്ങള്‍ക്കും അതാതിടങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മത സങ്കല്പം അത്രയും വിശാലമായതുകൊണ്ട് ആ വിശാലത രാഷ്ട്രീയത്തിലേക്കും പകര്‍ന്നുകൊള്ളും എന്നായിരിക്കണം ഉദ്ദേശിച്ചത്. എന്നാല്‍, ഗാന്ധി കണ്ടതിനപ്പുറം, വിശാലവും മൂല്യവത്തുമായ സങ്കല്പങ്ങള്‍ പുറത്തു നില്ക്കുകയും സങ്കുചിതവും അപകടകരവും അപരമതവിദ്വേഷങ്ങള്‍ നിറഞ്ഞതുമായ മതവാദങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുകയും അത് രാഷ്ട്രീയവും മതപരവുമായ അവിഹിത വേഴ്ചകള്‍ക്ക് കാരണമാകുകയും ചെയ്തു.

അതാതു കാലങ്ങളില്‍ അധികാരം പിടിച്ചെടുക്കുന്നതിനും നിലനിറുത്തുന്നതിനു വേണ്ടി മതത്തെ കൂട്ടുപിടിച്ചതിന് എത്രയോ ഉദാഹരണങ്ങളാണ് നമ്മുടെ ചരിത്രത്തിലുളളത്! എന്നാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത അതിന്റെ സമസ്ത ആസുരതയും സമഹരിച്ച് രാഷ്ട്രീയ ലാക്കുകളോടെ തെരുവുകളില്‍ ചോര ചിന്താന്‍ തുടങ്ങിയതോടെ ഒരു കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടവുനയം സ്വീകരിച്ച് വലവിരിച്ചിരുന്ന മൃദുഹിന്ദുത്വവാദികള്‍ അപ്രസക്തമായി. അതുവരെ നാം കാണാതിരുന്ന ആക്രമണോത്സുകമായ മതം ഒരു യാഥാര്‍ത്ഥ്യമായി.

അതിന്റെ ഏറ്റവും പ്രഭാവമുള്ള പ്രകടനമായിരുന്നു ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍. ചില വിലാപങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ ഇന്ത്യന്‍ മനസ്സ് ആ നീക്കത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധിച്ചു എന്ന് കരുതുന്നത് മൌഢ്യമാകും. എന്നാല്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ശബ്ദം എത്ര കനം കുറഞ്ഞതാണെങ്കിലും അതിന്റെ ദൃഢതയേയും പ്രതിബദ്ധതയേയും നാം വില കുറച്ചു കണ്ടുകൂടാ. ഏതിരുട്ടിലും കടപുഴകാത്ത ദീപസ്തംഭങ്ങളായിരുന്നു അവ. ഇന്നും ഇരുളുവന്നു വിഴുങ്ങാതെ കുറച്ചൊക്കെ വെളിച്ചത്തിന്റെ തണുപ്പ് നാം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് ഇത്തരം പ്രകാശഗോപുരങ്ങളോടാണെന്ന് വിസ്മരിച്ചു കൂടാ. അത്തരമൊരു പ്രതിഷേധമായിരുന്നു ഒരു കുറ്റിപ്പെന്‍സിലിന്റെ സഹായത്തോടെ ചുല്യാറ്റ് നിര്‍വ്വഹിച്ചത്.

ആ നിര്‍വ്വഹണം, വര്‍ത്തമാനകാലത്തിന്റെ വളച്ചൊടിക്കലുകളോട് ചരിത്രത്തിന്റെ പ്രതികരണമായിരുന്നു. താന്‍തന്നെ തലങ്ങും വിലങ്ങും വെട്ടിയെറിഞ്ഞ തര്‍ക്കമന്ദിരം എന്ന പദത്തിനു പകരം ബാബറി മസ്ജിദ് എന്ന് വിറയ്ക്കുന്ന വിരലുകള്‍‌കൊണ്ട് അദ്ദേഹം എഴുതിപ്പിടിപ്പിക്കുമ്പോള്‍ ചരിത്രത്തെ വീണ്ടെടുക്കുക എന്ന കടമയായിരുന്നു അദ്ദേഹം നിര്‍വ്വഹിച്ചത്. അത് ഒരു സുഹറയുടേയോ ഇക്ബാലിന്റെയോ മാത്രം പ്രശ്നമായി കണ്ടില്ല എന്നതാണ് ആ കഥയെ ഇന്നും നാളെയും – എന്തിന് ബാബറി മസ്ജിദ് പൂര്‍വ്വ സ്ഥിതിയിലേക്ക് പുന പ്രതിഷ്ഠിക്കപ്പെടുന്നതുവരെ – സജീവമായി നിലനിറുത്തുന്ന പ്രധാന ഘടകമെന്ന് നാം തിരിച്ചറിയും. ആ തിരിച്ചറിവാണ് എന്‍.എസ്. മാധവന്റെ തിരുത്ത് എന്ന കഥ പേറുന്ന ഉള്‍ക്കരുത്ത്.

ആ പദത്തെ തിരുത്തിയെടുക്കുന്നതിന്റെ പിന്നിലെ അധ്വാനം അത്ര നിസ്സാരമായിരുന്നില്ല. എന്നു മാത്രവുമല്ല സംഘര്‍ഷരഹിതമായി തര്‍ക്കമന്ദിരം എന്നു തന്നെ ചേര്‍ക്കുന്നതായിരുന്നു ചുല്യാറ്റിനും സുരക്ഷിതമായിരുന്നത്. എന്നാല്‍ ആ സുരക്ഷ ഒരൊളിച്ചോട്ടക്കാരന്റെ താല്കാലിക അഭയ കേന്ദ്രം മാത്രമാണെന്ന് ചുല്യാറ്റിന് നന്നായി അറിയാമായിരുന്നു. നേരിനെ മറച്ചു വെച്ചുവെച്ചുകൊണ്ടുള്ള ഒരു കളി. അതുപക്ഷേ ഭുരിപക്ഷത്തില്‍ പെടുന്ന ഒരു കൂട്ടത്തിന്റെ കൈയ്യടികളെ നേടിയെന്നും വരാം. എന്നാല്‍ ചുല്യാറ്റ് അതിനൊരുക്കമായിരുന്നില്ല. ഇന്ന് നമ്മില്‍ ഓരോരുത്തരും അനായാസകരമായി അത്തരത്തിലുള്ള അപകടരഹിതമായ അഭയസ്ഥാനങ്ങളെ നേടിയെടുക്കാന്‍ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ അഥവാ നാം ഒരു തിരുത്തിന് തയ്യാറായിരുന്നുവെങ്കില്‍ ബാബറി മസ്ജിദ് തകര്‍ത്തവര്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിജയം നേടുകയില്ലായിരുന്നുവെന്നതാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ തിരുത്ത് പറയുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *