Fri. Nov 22nd, 2024
തിരുവനന്തപുരം:

 

വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നു തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളെങ്കിലും ഇക്കുറി ഒന്നാം ക്ലാസ്സിൽ എത്തിയേക്കും. ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. കഴിഞ്ഞ വർഷം വരെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ആണ് ആരംഭിച്ചത്. എന്നാല്‍, ഇത്തവണ ആദ്യ രണ്ട് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാക്കിയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരില്‍ നി‍ര്‍വ്വഹിക്കും. 60 ഓളം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ, തൃശൂരിലെ ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുക. പ്രവേശനോത്സവഗാനം നൃത്തരൂപത്തില്‍ വിദ്യാർത്ഥികൾ അവതരിപ്പിക്കും.

ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകൾ ഡയറക്ട്രേറ്റ് ഓഫ് ജനറൽ എജ്യുക്കേഷനു കീഴിലാണ്. ഇതടക്കമുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഹയർസെക്കൻഡറി അധ്യാപകര്‍ സ്കൂളുകളിലെത്തുക. സംസ്ഥാനതല-ജില്ലാതല പ്രവേശനോത്സവങ്ങളിലും ഹയർസെക്കൻഡറി അധ്യാപകര്‍ പങ്കെടുക്കില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഹയർസെക്കൻഡറി മേഖലയിലെ അധ്യാപകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. പരിഷ്കാരങ്ങള്‍ക്കെതിരായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *