എറണാകുളം:
നിപ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കൂടാതെ ആരോഗ്യവകുപ്പിന്റെ ദിശ സെന്റ്ററിൽ നിന്നും ജനങ്ങൾക്ക് സഹായം ലഭ്യമാകും.
നിപ ബാധയെന്ന് സംശയിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലയിൽ മാറ്റമില്ല. വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പക്ഷേ, നിപ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും, മണിപ്പാലിലും പരിശോധന നടത്തിയ ശേഷമാണ് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സാമ്പിൾ അയച്ചത്.
കഴിഞ്ഞ വർഷം, കോഴിക്കോട് നിപ ബാധയുണ്ടായതിന്റെ പശ്ചാത്തലത്തിൽ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുൻകരുതലെന്ന നിലയ്ക്ക് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ ബാധിച്ചവർക്കു നൽകിയിരുന്ന മരുന്നുകൾ ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടെന്നും, ഇപ്പോൾ ചികിത്സയിലുള്ള യുവാവിന് അതു നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.