നാഗോർ:
രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലുള്ള ദേഗാന സ്വദേശിയായ രാകേഷ് ജാംഗിര്‍ എന്ന ഐ.ഐ.ടി. ബിരുദധാരിയെയാണ് ഡല്‍ഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ഐ.ഐ.ടി. കാണ്‍പൂര്‍ ബിരുദധാരിയായ യുവാവിനെ നാഗോറില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഐ.പി. അഡ്രസ് ഉപയോഗിച്ചാണ് ഇയാളെ കണ്ടെത്തിയത്.
‘പ്രധാനമന്ത്രി മുഫ്ത് ലാപ്‌ടോപ് വിതരണ്‍ യോജന’ എന്ന പേരില്‍ നരേന്ദ്ര മോദി രണ്ടുകോടി യുവാക്കള്‍ക്ക് സൌജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നുവെന്നും അതിനായി ഒരു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.