#ദിനസരികള് 713
തരൂര്‍ പറഞ്ഞത് സത്യം മാത്രമാണ്. മീന്‍ മണം അയാള്‍ക്ക് ഓക്കാനമുണ്ടാക്കും. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും മാറി നടക്കുകയാണ് പതിവ്. ഇപ്പോള്‍ പക്ഷേ വരാതിരിക്കാനാകില്ല. കാരണം ഇലക്ഷനാണ്. അതുകൊണ്ടു മാത്രം വന്നതാണ്. എന്നു വെച്ച് ആ മാര്‍ക്കറ്റില്‍ നിന്നുമുണ്ടാകുന്ന മണമടിച്ചാല്‍ ഓക്കാനമുണ്ടാകുന്നത് മാറുമോ?
ഈ ഓക്കാനം വെറും ഓക്കാനമല്ലല്ലോ സുഹൃത്തേ! അത് താഴെത്തട്ടില്‍ ജീവിക്കുന്നവനോടും അവന്റെ തൊഴിലിനോടും ഉയര്‍ന്നവന് തോന്നുന്ന, പെട്ടെന്നൊന്നും തിരുത്താന്‍ കഴിയാത്ത ഒരു വികാരമാണ്. എന്നു വെച്ചാല്‍ ആ ഓക്കാനം ശാരീരികമായ ഒരു ക്രിയ എന്ന നിലയ്ക്കല്ല നാം മനസ്സിലാക്കേണ്ടത്, മറിച്ച് മാനസികമായ ഒരവസ്ഥയുടെ പ്രതിഫലനമാണ് എന്നാണ്. അതില്‍ ജാതിയുണ്ട്. അധകൃതനോടുള്ള അവഗണനയുണ്ട്. അതുകൂടി നമ്മള്‍ മനസ്സിലാക്കണം.
മുരളിയുടെ ഒരു കഥാപാത്രം, എല്ലാവരും കാണ്‍കേ ഒരു കൊച്ചിന്റെ മൂക്കു തുടച്ചു കൊടുത്തതിനു ശേഷം, പല തവണ കൈകഴുകിയിട്ടും, ഛേ! പുല്ല് പോകുന്നില്ലല്ലോ ആ ചെക്കന്റെ കെട്ട നാറ്റം എന്നു പറയുന്ന ഒരു സീനില്ലേ ഒരു സിനിമയില്‍? അത്രയേയുള്ളു ഈ വിശ്വപൌരനെന്ന കേള്‍വിപ്പെട്ട പ്രമാണിയും. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും നാം ഇയാളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് അയാളുടെ തെറ്റല്ല, നമ്മുടേതാണ്. നാമാണ് അതു തിരുത്തേണ്ടത്.
എന്നാല്‍ ഇതിലുമൊക്കെയപ്പുറം കൃത്രിമമായുണ്ടാക്കിയ ഒരിടത്തുവെച്ച് മാര്‍ക്കറ്റാണെന്ന നാട്യത്തില്‍ ഒരു വലിയ മത്സ്യത്തെ കൈകൊണ്ട് എടുത്തുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ശശിയെ കണ്ടപ്പോഴാണ് അയാള്‍ എത്ര മാത്രം അല്നാണെന്ന് എനിക്ക് ബോധ്യപ്പെട്ടത്. ഈ ക്രിയ കൂടി ആയതോടെ ഓക്കാനം എന്ന പ്രയോഗം അയാള്‍ നടപ്പില്‍ വരുത്തുകയാണ് ചെയ്തത്. കാരണം മാര്‍ക്കറ്റിലെത്തിയാല്‍ അവിടെ ആ മണമുണ്ടാകും. ഛര്‍ദ്ദിച്ചു പോകും.
അതുകൊണ്ടാണ് മണമില്ലാത്ത രീതിയില്‍ ചന്തയില്‍ നിന്ന് ഏറെ മാറി താല്ക്കാലികമായി ചന്തയുടെ
ഒരന്തരീക്ഷമുണ്ടാക്കി ഒരു മീനിനെ എടുത്ത് ഉയര്‍ത്തിപ്പിടിച്ച് പത്രമാധ്യമങ്ങള്‍ക്ക് പടം പിടിക്കാന്‍ അവസരമുണ്ടാക്കിയത്. എന്നാല്‍ പത്രക്കാര്‍ പടം പിടിച്ചു വീട്ടില്‍ പോകേണ്ടതിനു പകരം പിന്നേയും അവിടെത്തന്ന നിന്ന് ശശിയും കൂട്ടരും പോയതിനു ശേഷമുള്ള അവസ്ഥയും ജനങ്ങളിലെത്തിച്ചു!
എനിക്ക് ഓര്‍മ്മ വരുന്നത് പ്രളയ കാലത്ത് രക്ഷിക്കാനെത്തിയ മത്സ്യബന്ധന ബോട്ടുകളിലെ ചെറുപ്പക്കാരോട് ‘നിങ്ങള്‍ മുക്കുവരല്ലേ, നിങ്ങള്‍ ഞങ്ങളെ തൊടേണ്ട’ എന്നു പറഞ്ഞ സവര്‍ണനെയാണ്. അതേ ബോധം തന്നെയാണ് ശശിയും ഇവിടെ പ്രകടിപ്പിച്ചത്.
അനുലോമ സംസര്‍ഗ്ഗത്തിന്റെ പാരമ്പര്യം പേറുന്ന ശശിയപ്പോലുള്ളവരോട് അയാള്‍ പേറുന്ന സവര്‍ണതയുടെ ചരിത്രത്തെപ്പറ്റിയും പിന്നിട്ടുപോന്ന പാതകളെപ്പറ്റിയും ഞാന്‍ കൂടുതലൊന്നും പറയാത്തത് പൂണുനുലിട്ടവന്റെ വെറും ശയ്യോപകരണങ്ങളായി മാത്രം ഒരു കാലത്ത് പരിഗണിക്കപ്പെട്ടുപോന്ന ഒരു നായര്‍ സ്ത്രീയേയും ഒരിക്കലും വേദനിപ്പിക്കരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടു തന്നെയാണ്. പക്ഷേ ഇന്ന് തലയുയര്‍ത്തിപ്പിടിച്ച് തന്റെ ആഢ്യത്വവും മുക്കുവന്റെ അധമത്വവും ഘോഷിക്കുമ്പോള്‍ ശ്രീമാന്‍ ശശി തരൂര്‍ ചരിത്രത്തേയും ഊരിവെച്ച മെതിയടികളുടെ കാവല്‍ക്കാരായി നിന്ന് തങ്ങളുടെ വംശത്തിന്റെ സവര്‍ണതയെ സംരക്ഷിച്ച തന്റെ പൂര്‍വ്വ പിതാക്കന്മാരേയും മറക്കരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കട്ടെ.
ശശിക്ക് മറുപടി കൊടുക്കേണ്ടത് ഈ “ഓക്കാനമുണ്ടാക്കുന്ന, കെട്ട നാറ്റത്തിനിടയില്‍” തങ്ങളുടെ ജീവിതകാലം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്ന ജനതയാണ്. അവര്‍ അതിന് തയ്യാറാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.