ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 9 കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ 53 സിറ്റിങ് എം.പിമാര്‍ ജനവിധി തേടും. സിറ്റിങ് എം.പിമാരില്‍ 21 പേരും ബി.ജെ.പിക്കാരാണ്. ടി.ഡി.പിയുടെ ഒന്‍പതും ടി.ആര്‍.എസിന്റെ എട്ടും സിറ്റിങ് എം.പിമാരും രംഗത്തുണ്ട്. ഏപ്രില്‍ 11 നു 91 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, മഹേഷ് ശര്‍മ, അജയ് തംത, ഗിരിരാജ് സിങ്, ഹന്‍സ് രാജ് ആഹിര്‍, സഞ്ജീവ് കുമാര്‍ ബലിയന്‍, സത്യപാല്‍ സിങ്, ജനറല്‍ വി.കെ. സിങ് എന്നിവരാണു മന്ത്രിമാര്‍.
മുന്‍ മന്ത്രിയും ടി.ഡി.പി. നേതാവുമായ അശോക് ഗജപതി രാജുവും മത്സരരംഗത്തുണ്ട്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നു 2 പേരേ രംഗത്തുള്ളൂ. യു.പി.എ. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വിന്‍സന്റ് പാല, അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനും പാര്‍ട്ടി വക്താവുമായ ഗൗരവ് ഗൊഗോയ്, എ.ഐ.എം.ഐ.എം. നേതാവ് അസദുദീന്‍ ഉവൈസി, മന്ത്രി റാംവിലാസ് പാസ്വാന്റെ മകനും എല്‍.ജെ.പി. നേതാവുമായ ചിരാഗ് പാസ്വാന്‍ എന്നിവരും ആദ്യ ഘട്ടത്തില്‍ തന്നെ കളത്തിലിറങ്ങും.