Fri. Apr 19th, 2024

നിങ്ങൾക്കറിയാമോ! വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഇത്തരം ലിംഗ വിവേചനത്തെ പ്രതിരോധിക്കാനായി ജപ്പാനിൽ സ്ത്രീകൾ #kutoo മൂവ്മെന്റുമായി ഓൺലൈനിൽ രംഗത്തെത്തി. കഴിഞ്ഞ വർഷം ഓൺലൈനിൽ ചർച്ചചെയ്യപ്പെട്ട #മീറ്റു പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ചാണ് ഹൈ ഹീലുകൾ ധരിക്കുമ്പോൾ തങ്ങളനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ യുവതികൾ തുറന്നെഴുതാൻ ആരംഭിച്ചത്.

#kutoo എന്ന ഹാഷ് ടാഗിൽ പുറത്തു വന്നിരിക്കുന്ന അനുഭവക്കുറിപ്പുകളിൽ പലതും ഇത്തരമൊരു വിവേചന പരമായ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള രോഷം പ്രകടമായി കാണിക്കുന്നതാണ്. ജാപ്പനീസ് ഭാഷയിൽ ഷൂ എന്നർത്ഥം വരുന്ന kutsu എന്ന വാക്കിൽ നിന്നും, വേദന എന്നർത്ഥം വരുന്ന kutsuu എന്ന വാക്കിൽ നിന്നുമാണ് kutoo എന്ന വാക്കിന്റെ ഉറവിടം. ഹൈ ഹീലുകൾ മാത്രമല്ല, കാൽ പാദത്തിന് ആകാര വടിവുണ്ടാവാൻ മുറുകെ കെട്ടുന്ന പ്രത്യേക ഷേപ്പിലുള്ള ഷൂവിനെയും വിമർശിച്ചു കൊണ്ട് ആളുകൾ രംഗത്തെത്തി.

ഹൈ ഹീലുകളും, ഇതുപോലുള്ള പാദത്തിന്റെ ആകാരവടിവിനും പ്രാധാന്യം നൽകുന്ന പാദരക്ഷകളും ഉപയോഗിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളതായാണ് പലരും രേഖപ്പെടുത്തിയത്. ഇത്തരമൊരു പ്രവണതയെ എതിർക്കേണ്ട സമയം അതിക്രമിച്ചുവെന്നും പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്.
#kutoo പോലുള്ള പ്രക്ഷോഭങ്ങൾ തീർച്ചയായും ശക്തമായ രീതിയിൽ തന്നെ ഉയർന്നു വരേണ്ടതുണ്ട്. ആണധികാര സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ സ്ത്രീയെ ഒതുക്കി നിർത്താനുള്ള പ്രവണതകൾ നിശിതമായി തന്നെ നമ്മൾ എതിർക്കപ്പെടേണ്ടതാണ്. അവരവരുടെ താല്പര്യവും സൗകര്യവും നോക്കി പാദരക്ഷകളുൾപ്പെടെയുള്ളവ ധരിക്കാനുള്ള അവസരമാണ് വേണ്ടത് എന്ന് വീണ്ടും ലോകത്തോട് പറയുകയാണ് ജപ്പാനിലെ വനിതകൾ.

Leave a Reply

Your email address will not be published. Required fields are marked *