ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ 305 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ഇന്നലെ സ്ഥാനാർത്ഥികളുടെ 3 പട്ടിക പുറത്തിറക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മാതോംഡ്കര്‍ മുംബൈ നോര്‍ത്തില്‍ സ്ഥാനാർത്ഥിയാവും. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ബിഹാറിലെ സസറമിലും പപ്പു യാദവിന്‍റെ ഭാര്യ രഞ്ജീത് രഞ്ജന്‍ സുപോളിലും മത്സരിക്കും. യുപിയിലെ മഹാരാജ്ഗഞ്ചില്‍ മാധ്യമപ്രവര്‍ത്തക സുപ്രിയ ശ്രീനേഥാണു സ്ഥാനാർത്ഥി. മുന്‍പു പ്രഖ്യാപിച്ച തനുശ്രീ ത്രിപാഠിയെ മാറ്റിയാണു സുപ്രിയയെ കളത്തിലിറക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് ജോധ്പുരിലും ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ് ബാമറിലും മത്സരിക്കും.
അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അമര്‍ഷം അറിയിച്ച് മുസ്ലിം ലീഗ് രംഗത്ത് വന്നു. പാണക്കാട് ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം ഹൈക്കമാന്‍ഡിനെയും കെ.പി.സി.സിയെയും അറിയിച്ചു. കോണ്‍ഗ്രസ് മുന്നണിയുടെ വിജയസാധ്യത ഇല്ലാതാക്കുന്നുവെന്നാണ് ലീഗ് നേതൃത്വം ആശങ്കപ്പെടുന്നത്. നേരത്തെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന വാര്‍ത്ത ആവേശത്തോടെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ തീരുമാനം വൈകുന്നത് ലീഗ് നേതൃത്വത്തെ അമര്‍ഷത്തിലാക്കി. മണ്ഡലത്തിലെ മുന്നണിയുടെ വിജയസാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന ആശങ്ക മുസ്ലിം ലീഗ് വയനാട് ജില്ലാകമ്മിറ്റി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് പാണക്കാട് ഹൈദരലി തങ്ങള്‍ നേതൃയോഗം വിളിച്ചത്. മുസ്ലിം ലീഗിന്റെ പ്രതിഷേധം ഹൈദരലി തങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടില്‍ മാത്രമല്ല, വടകരയിലും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പിന്നോട്ടുപോയെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തുന്നത്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന അനിശ്ചിതത്വം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍നിന്ന് മുന്നണിയിലേക്ക് പടര്‍ന്നതോടെ യുഡിഎഫ് കൂടുതല്‍ പ്രതിസന്ധിയിലായിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടും പ്രിയങ്ക ഗാന്ധി വാരണാസിയിലും മത്സരിക്കാന്‍ ആലോചനയുള്ളതായി റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയിലും മത്സരിപ്പിച്ചുകൊണ്ടുള്ള തന്ത്രമാണ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.
പ്രിയങ്കയുടെ വരവിന് ബി.ജെ.പി ആരോപണങ്ങളെ മറികടക്കാനും മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കര്‍ണാടകയിലെ വിജയസാധ്യതയില്‍ നേതൃത്വത്തിന് ആശങ്കയുള്ളതായാണ് സൂചന. പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും.