ന്യൂഡൽഹി:
2002 ലെ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ബോംബെ ഹൈക്കോടതി ശിക്ഷിച്ച പോലീസ് അധികാരികളുടെ ശിക്ഷണനടപടികൾ പൂർത്തിയാക്കാൻ, സുപ്രീം കോടതി, വെള്ളിയാഴ്ച, ഗുജറാത്ത് സർക്കാരിന് ഉത്തരവു നൽകി.
ഗുജറാത്ത് കലാപത്തിനിടയ്ക്കാണ് 19 കാരിയായ, ഗർഭിണിയായ ബിൽക്കീസ് ബാനോയെ 11 പേർ ബലാത്സംഗം ചെയ്തത്. 3 വയസ്സായ മകളടക്കം, ബിൽക്കീസിന്റെ കുടുംബത്തിലെ 14 പേർ അഹമ്മദാബാദിനടുത്തുവെച്ച് അക്രമികളാൽ കൊല്ലപ്പെട്ടിരുന്നു.
ആ കേസുമായി ബന്ധപ്പെട്ട്, 5 പോലീസ് ഉദ്യോഗസ്ഥരേയും ബോബെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. അവരുടെ കടമ ശരിക്കു നിർവ്വഹിക്കാതിരുന്നതിനും, ബലാത്സംഗക്കേസിന്റെ അന്വേഷണസമയത്ത്, അതിന്റെ തെളിവുകൾ നശിപ്പിച്ചതിനുമാണ് ശിക്ഷ കിട്ടിയത്.
കൂടുതൽ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് ബിൽക്കീസ് ബാനോ നൽകിയ ഹരജിയിലെ വാദം ഏപ്രിൽ 23 നു
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട ബെഞ്ച് കേൾക്കുമെന്ന് ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുകയായ 5 ലക്ഷം സ്വീകരിയ്ക്കില്ലെന്നു ബാനോ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചിരുന്നു.
ഹൈക്കോടതി ശിക്ഷിച്ചതിനെതിരെ, രണ്ടു ഡോക്ടർമാരും, നാലു പോലീസുകാരും നൽകിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.