പാറ്റ്ന :
ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ യുവജനവിഭാഗം ഛത്ര രാഷ്ട്രീയ ജനതാദളിന്റെ “സംരക്ഷക്” സ്ഥാനം രാജി വെച്ചു. തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇളയ സഹോദരനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചുമതലക്കാരനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തേജ് പ്രതാപിന്റെ രാജിയെന്നാണ് സൂചന. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇളയ മകൻ തേജസ്വിയെയാണ് തന്റെ പിൻഗാമിയായി ലാലു പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും, തേജ് പ്രതാപും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ല. ശിവഹർ, ജഹാനാബാദ് സീറ്റുകളിൽ തന്റെ ഇഷ്ടക്കാരായ അംഗേഷ് കുമാറിനെയും, ചന്ദ്ര പ്രകാശിനെയും സ്ഥാനാർത്ഥികളാക്കണമെന്നു തേജ് പ്രതാപ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ തേജസ്വി ഇതിനു വഴങ്ങിയില്ല. അതിനിടെ ഇന്നലെ രാവിലെ രണ്ടിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ തുനിഞ്ഞ തേജ് പ്രതാപ്, ജയിലിൽ കഴിയുന്ന ലാലുവിന്റെ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അതു മാറ്റിവച്ചു.
എന്നാൽ തേജ് പ്രതാപിന്റെ ഈ നടപടി തന്റെ ഭാര്യാപിതാവായ ചന്ദ്രിക റായിക്കു നിർണായക മണ്ഡലമായ ഛപ്രയിൽ സീറ്റു കൊടുക്കാൻ ലാലു പ്രസാദ് യാദവും, തേജസ്വി യാദവും തുനിയുന്നതിൽ പ്രതിഷേധിച്ചാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ ചന്ദ്രിക റായ് എം.എൽ.എയുടെ മകളും ബീഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയെ കഴിഞ്ഞ വർഷം തേജ് പ്രതാപ് വിവാഹം ചെയ്തിരുന്നു. പക്ഷെ ആർഭാട വിവാഹത്തിന്റെ ആറാം മാസം തന്നെ സ്വരച്ചേർച്ചയില്ലാതെ തേജ് പ്രതാപ് വിവാഹ മോചന ഹർജി കൊടുത്തു. ആദ്യഘട്ടത്തിൽ അനുനയന ശ്രമങ്ങൾക്ക് പിടികൊടുക്കാതിരുന്ന തേജ് പ്രതാപ് വീട് വിട്ടിറങ്ങുകയും, വിവാഹമോചനത്തിന് കുടുംബം അനുവദിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷെ ലാലുപ്രസാദ് യാദവും റാബ്‌റി ദേവിയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളെ തുടര്‍ന്നു ഹർജി പിൻവലിച്ചെങ്കിലും ബന്ധം വഷളാണെന്നാണ് സൂചനകൾ. അതുകൊണ്ടാണ് ചന്ദ്രിക റായിയുടെ സ്ഥാനാർത്ഥിത്വം തേജ് പ്രതാപ് യാദവിനെ പ്രകോപിപ്പിക്കുന്നത്. എന്തായാലും ജയിലിലുള്ള ലാലു പ്രസാദ് യാദവും ആർ.ജെ.ഡിയിലെ മറ്റു മുതിർന്ന നേതാക്കളും പ്രതികരിച്ചിട്ടില്ല.