Sun. Dec 22nd, 2024
ന്യൂഡൽഹി:

ഡൽഹി ജെ.എൻ .യു വിലെ വിദ്യാർത്ഥി സംഘടനയായ ജഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയനും(JNUSU ) അധ്യാപക സംഘടനയായ JNU ടീച്ചേഴ്സ് അസോസിയേഷനും “സേവ് എഡ്യൂക്കേഷൻ ആൻഡ് യൂണിവേഴ്സ്റ്റിറ്റി” എന്ന പേരിൽ മോദി സർക്കാരിനെതിരെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം മോദി സർക്കാർ തകർക്കുന്നു എന്നാരോപിച്ചാണ് ഈ നടപടി. ജെ.എൻ .യു പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെതിരെ വിദ്യാർത്ഥി സംഘടനകൾ നടത്തി വന്ന നിരാഹാര സമരം ഒൻപതു ദിവസത്തിന് ശേഷം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സമര രീതിയുമായി വിദ്യാർത്ഥികൾ രംഗത്തു വന്നിട്ടുള്ളത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ ഇതുവരെ സർവകലാശാല അധികൃതർ പരിഗണിച്ചിട്ടില്ല.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കുന്ന രീതിയിലാണ് ജെ. എൻ. യു വിലെ പുതിയ പ്രവേശന മാനദണ്ഡം. ദാരിദ്ര്യ രേഖയുടെ അടിസ്ഥാനത്തിൽ സംവരണത്തിൽ പ്രവേശനം നൽകുന്ന രീതി ഇല്ലാതാക്കുകയൂം ചില കോഴ്‌സുകളിൽ വൻ തുക ഫീസായി നിശ്ചയിച്ച് പ്രവേശനം നൽകുന്നതുമാണ് പുതിയ പ്രവേശന രീതി. പുതിയ ഓൺലൈൻ പ്രവേശന പരീക്ഷ രീതി എം.ഫിൽ, പി. എച്ച്. ഡി കോഴ്‌സുകളെ വേർതിരിക്കുന്ന തീരുമാനം എന്നിവക്കെതിരെ കൂടിയാണ് സമരം. 283 രൂപ മാത്രം ഫീസ് നൽകി പാവപ്പെട്ട വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാനത്താണ് ചില കോഴ്‌സുകൾ ആയിരങ്ങളുടെ ഫീസ് ഘടനയിലേക്കു മാറുന്നത്. 2019-20 അധ്യയന വർഷത്തെ ബിരുദ/ ബിരുദാനന്തര/ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫീസ് 300 ശതമാനം വർദ്ദിപ്പിച്ചിരുന്നു. ജനറൽ വിഭാഗക്കാർക്ക് കഴിഞ്ഞ തവണ വരെ മൂന്ന് വിഷയത്തിന്റെ പ്രവേശന പരിക്ഷയ്ക്കായി 1200 രൂപ ഫീസായിരുന്നുവെങ്കിൽ ഈ വർഷം 3600 രൂപയായി.ഒ.ബി.സി വിഭാഗക്കാർക്ക് 2700 രൂപയും പട്ടികജാതി /വിഭാഗക്കാർക്ക് 1800 രൂപയുമാണ് പുതുക്കിയ ഫീസ്.

ഉന്നത വിദ്യാഭ്യാസം കച്ചവടവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ജെ. എൻ .യു വിനു പുറത്തുള്ള ഇരുപതോളം കാമ്പസുകളിലെ വിദ്യാർത്ഥികൾ ഈ കാമ്പയിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്.

“ജെ.എൻ.യു വൈസ് ചാൻസലർ മോദിയുടെ കളിപ്പാവയാണെന്നും, മോദി അംബാനിയുടെയും, അദാനിയുടെയും കളിപ്പാവയാണെന്നും” ആയിരുന്നു JNUSU പ്രസിഡന്റ് എൻ. സായി ബാലാജിയുടെ വിമർശനം.

കഴിഞ്ഞ അഞ്ചു വർഷമായി മോദി സർക്കാർ ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മാർച്ച് 27 നു ചേർന്ന യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപകരുടെ നാഷണൽ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ആവശ്യമായ ഫണ്ട് അനുവദിക്കാതിരിക്കുക, നിയമനങ്ങളിൽ സുതാര്യത ഇല്ലാതിരിക്കുക, സംവരണങ്ങൾ അട്ടിമറിക്കുക, രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുക, സർവ്വകലാശാലകളുടെ സ്വയം ഭരണാധികാരത്തിൽ കൈ കടത്തുക, കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങി നിരവധി മാർഗ്ഗങ്ങളിലൂടെയാണ് മോഡി സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്തു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് കൺവെൻഷനിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്.

“ഞങ്ങൾ ഈ പ്രതിരോധം 2016 ഇൽ രോഹിത് വെമുല കൊല്ലപ്പെട്ടപ്പോൾ മുതൽ തുടങ്ങിയതാണെന്നും ഇപ്പോൾ എല്ലാവരും ഒരുമിച്ചു നിന്ന് മോദി സർക്കാരിനെ താഴെ ഇറക്കേണ്ട സമയമായി” എന്നുമാണ് കൺവെൻഷൻ അഭിസംബോധന ചെയ്ത് പ്രമുഖ ഭാഷ സൈദ്ധാന്തികയായ പ്രൊഫസർ ആയിഷ കിദ്വായി ആഹ്വാനം ചെയ്തത്. ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 60 ശതമാനം വിദ്യാർത്ഥികളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെന്നും, അതിനു മാറ്റം വരുത്താൻ സർക്കാർ അടിയന്തിരമായി നയങ്ങളിൽ മാറ്റം വരുത്താനും തയ്യാറാവണമെന്ന് ദൽഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രജിബ് റായി കൺവെൻഷനിൽ അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുകയല്ല, മറിച്ചു അവയെ സർക്കാർ ഉയർത്തിക്കൊണ്ടു വരാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ അടുത്ത ഘട്ടത്തിൽ ജെ. എൻ. യു വിദ്യാർഥികൾ പാർലിമെന്റിലേക്കു മാർച്ച് നടത്തുമെന്നും വാരണാസിയിൽ മോദിക്കെതിരെ കാമ്പയിൻ നടത്തുമെന്നും JNUSU പ്രസിഡന്റ് എൻ. സായി ബാലാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *