Wed. Apr 24th, 2024
ന്യൂഡെൽഹി:

വരാനിരിക്കുന്ന 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് മലയാളികൾ ഉൾപ്പെടെയുള്ള നൂറിലേറെ ചലച്ചിത്ര പ്രവർത്തകർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

“ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന, നമ്മുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്ന, എല്ലാത്തരം സെൻസർഷിപ്പുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന” ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനായി സമ്മതിദാനാവകാശം എന്ന അധികാരം ഉപയോഗിക്കണം എന്ന് ജനനങ്ങളോട് ചലചിത്രമേഖലയിലെ പ്രവർത്തകർ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

ഡോക്യൂമെന്ററി സംവിധായകരായ ആനന്ദ് പട്‌വർദ്ധൻ, അഞ്ജലി മൊണ്ടീറോ, ചലച്ചിത്രോത്സവ ക്രിയാത്മക സംവിധായകയും എഡിറ്ററുമായ ബീന പോൾ, സിനിമാ നിരൂപകൻ സി.എസ് വെങ്കടേശ്വരൻ, തമിഴ് സംവിധായകൻ വെട്രിമാരൻ, പഞ്ചാബി സംവിധായകനായ ഗുരുവിന്ദർ സിംഗ് മലയാളം സംവിധായകരായ സനൽ കുമാർ ശശിധരൻ, ആഷിക് അബു എന്നിവർ പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.

“ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവേകപൂർവ്വമായ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഫാസിസം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് നമ്മളെ പ്രഹരിക്കുമെന്ന ഭീഷണിയാണ് നിലനിൽക്കുന്നതെന്ന്” പ്രസ്താവനയിൽ പറയുന്നു. Artistuniteiindia.com- ൽ ആണ് പ്രസ്താവന അപ്ലോഡ് ചെയ്യപ്പെട്ടത്.

ബി.ജെ.പിയും സഖ്യകക്ഷികളും അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ദളിതരെയും മുസ്ലിങ്ങളെയും അരികുവത്കരിച്ചുവെന്നും ഇന്റർനെറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വിദ്വേഷ പ്രചരണങ്ങൾ പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ചെറിയ രീതിയിൽ പോലും ഭിന്നസ്വരം ഉയർത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ ‘രാജ്യ ദ്രോഹി’ ആയി മുദ്രകുത്തുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതേ കാരണത്താൽ തന്നെ നമ്മുടെ പ്രമുഖ എഴുത്തുകാരിൽ ചിലർക്കും മാധ്യമപ്രവർത്തകർക്കും അവരുടെ ജീവൻ നഷ്ട്ടപ്പെട്ട കാര്യം വിസ്മരിക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ കർഷകരെ വിസ്മരിച്ചെന്നും, ഒരു പിടി വ്യാപാരികളുടെ സ്വത്താക്കി ഇന്ത്യയെ ബി.ജെ.പി. മാറ്റിയെന്നും, വിനാശകരമായ ദുരന്തങ്ങളായി മാറിയ തെറ്റായ സാമ്പത്തിക നയങ്ങൾ ബി.ജെ.പി. മറച്ചുവച്ചെന്നും ഇതെല്ലാം തെറ്റായ പ്രചാരണത്തിലൂടെയും മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയുമാണ് ബി.ജെ.പി. സാധിച്ചതെന്നും ഇത് രാജ്യത്ത് തെറ്റായ ഒരു ശുഭാപ്തിവിശ്വാസം സൃഷ്ടിക്കാൻ അവരെ സഹായിച്ചിരിക്കുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.

സത്യത്തിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്തുന്നതിനുള്ള സർക്കാരിന്റെ മാർഗമാണ് കലയ്ക്കുമേലുള്ള നിരോധനങ്ങളും സെന്സറിങ്ങും. സായുധ സേനയെ അനാവശ്യമായി കാല്പനികവത്കരിച്ചു മുതലെടുക്കുന്നതാണ് ബി.ജെ.പിയുടെ തന്ത്രമെന്നും ഇത് രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ശാസ്ത്ര-സാംസ്കാരിക സ്ഥാപനങ്ങളുടെ മേൽ വലിയ രീതിയിലുള്ള വിപത്തുകളാണ് ബി.ജെ.പി. ചെയ്തിരിക്കുന്നത്. സ്ഥാപനങ്ങളുടെ തലവന്മാരായി യാതൊരു പ്രസക്തിയും അനുഭവ പരിചയവും ഇല്ലാത്തവരെ നിയമിക്കുന്നതിലൂടെയും, അന്താരാഷ്ട്ര ശാസ്ത്ര സെമിനാറുകളിൽ പോലും അശാസ്ത്രീയവും യുക്തിവിരുദ്ധവുമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും ലോകത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും പ്രസ്തവനയിൽ പറയുന്നു.

സ്റ്റാറ്റിസ്റ്റിക്സും ചരിത്രവും വളച്ചൊടിക്കുന്നത്ത് ബി.ജെ.പി. സർക്കാരിന്റെ ‘ഇഷ്ട പദ്ധതി’കളിലൊന്നാണ് എന്നും ഒരു പ്രാവശ്യം കൂടി ബി.ജെ.പിക്ക് അധികാരം നൽകുന്നത് ഗുരുതരമായ തെറ്റ് തന്നെയായിരിക്കും എന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി ആയിരിക്കും അതെന്നും പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *