ന്യൂഡല്‍ഹി:
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.ഐയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. തൊഴിലാളികള്‍ക്ക് മിനിമം വരുമാനവും കൂലിയും ഉറപ്പാക്കുന്നതാണ് സി.പി.ഐയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് പ്രകടന പത്രിക ഔദ്യോഗികമായി പുറത്തിറക്കുക. ഭഗത് സിങ് തൊഴിലുറപ്പ് പദ്ധതി, സാര്‍വ്വത്രിക പെന്‍ഷന്‍ എന്നിവയാണ് പ്രകടന പത്രികയില്‍ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
അതേസമയം മതേതര സര്‍ക്കാരിനായി നിലകൊള്ളുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം സി.പി.ഐ.(എം) തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. തൊഴിലാളികള്‍ക്ക് മിനിം വേതനം 18,000 രൂപ ഉറപ്പുവരുത്തുമെന്നതാണ് സി.പി.എമ്മിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ തുകയിലും സമൂലമായ മാറ്റം പ്രകടന പത്രികയില്‍ ഉറപ്പുനല്‍കുന്നുണ്ട്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇന്നലെ ഡല്‍ഹിയില്‍ വെച്ച് പ്രകടന പത്രിക പുറത്തിറക്കിയത്.
ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുന്നത്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 എന്നിവയാണ് പോളിങ് നടക്കുന്ന തീയതികള്‍.