Fri. Nov 22nd, 2024
മലപ്പുറം:

2009 ല്‍ സി.പി.എമ്മുമായി കൂടിച്ചേര്‍ന്ന പൊന്നാനി പരീക്ഷണത്തിന് ശേഷം പി.ഡി.പി വീണ്ടും പൊന്നാനിയില്‍ മത്സരത്തിനെത്തുകയാണ്. തിരുവനന്തപുരം പൂന്തുറ സ്വദേശിയും, പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാനുമായ പൂന്തുറ സിറാജാണ് സ്ഥാനാര്‍ത്ഥി. അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പി.ഡി.പി ഇത്തവണ യു.ഡി.എഫ് വോട്ടില്‍ നോട്ടമിട്ടാണ് വോട്ട് ചോദിച്ചിറങ്ങുന്നത്. നിലവില്‍ പ്രഖ്യാപിച്ച അഞ്ചു മണ്ഡലങ്ങള്‍ക്ക് പുറമെ, മറ്റു ചില മണ്ഡലങ്ങളില്‍ കൂടി മത്സരിക്കാന്‍ പി.ഡി.പി തീരുമാനിച്ചിട്ടുണ്ട്. 47,720 വോട്ടുകളാണ് 2009 ല്‍ പി.ഡി പി ക്കു ലഭിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തും, പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും, പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നും പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നു.

പൊന്നാനിയിലെ ലീഗ് കോട്ടയില്‍ ചെറിയ വിള്ളലെങ്കിലും വീഴ്ത്താന്‍ കഴിയുമോയെന്ന് നോക്കാനാണ് ഇത്തവണ പൂന്തുറ സിറാജ് അങ്കത്തിനിറങ്ങുന്നത്. പി.ഡി.പിക്കും ചിലതൊക്കെ ചെയ്യാനുണ്ടെന്ന് വിളിച്ചറിയിക്കുന്ന തരത്തിലുള്ള റോഡ് ഷോയോടെ ആയിരുന്നു തുടക്കം.

ഹുസൈന്‍ രണ്ടത്താണിക്കു വേണ്ടി പിണറായി വിജയനും, അബ്ദുല്‍ നാസര്‍ മഅ്ദനിയും ഒരേ വേദിയിലെത്തി ചരിത്രവും വിവാദവും കുറിച്ച 2009 ലെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പി.ഡി.പി പൊന്നാനിയിലേക്കിറങ്ങുന്നത്. 2004 ല്‍ പിടിച്ച നാല്‍പ്പത്തയ്യായിരം വോട്ടിനെക്കാള്‍ ഇത്തവണ നേടാനാകുമെന്നാണ് പൂന്തുറ സിറാജിന്റെ പ്രതീക്ഷ. പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചേക്കാവുന്ന കുറച്ചധികം വോട്ടുകള്‍ പി.ഡി.പി. സമാഹരിച്ചാല്‍ പൊന്നാനിയുടെ ഫലത്തെ തന്നെ മാറ്റിമറിക്കാന്‍ അതു കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *